Saturday, March 12, 2016

വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും വാണിജ്യവത്കരണവും

വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും വാണിജ്യവത്കരണവും 
കെ സി ഹരികൃഷ്ണന്‍ 

കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. സര്‍ക്കാര്‍ എത്ര ജനവിരുദ്ധമായാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ചില പൊടിക്കൈകള്‍ കാണിക്കും. എന്നാല്‍ ഈ സര്‍ക്കാരാവട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷവും അനുവര്‍ത്തിച്ചതിനേക്കാള്‍ ജനവിരുദ്ധമായ നയങ്ങളാണ് അവസാനനാളുകളിലും സ്വീകരിക്കുന്നത്. കേരളത്തില്‍ ഇത്തരമൊരു ജനവിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവുമായ ഭരണകൂടം ഉണ്ടായിട്ടില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല പൂര്‍ണമായും തകര്‍ത്ത് കച്ചവടശക്തികള്‍ക്ക് അടിയറവെക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് എക്കാലത്തും യുഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ പരിശ്രമങ്ങള്‍ക്ക് ആക്കംകൂട്ടി. വിദ്യാഭ്യാസം ആസ്തിയല്ല, ബാധ്യതയാണെന്നും മുതല്‍മുടക്കുമ്പോള്‍ ലാഭമുണ്ടാകണമെന്നുമുള്ള കച്ചവടക്കാരന്റെ ചിന്താഗതിയാണ് സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ നഷ്ടത്തിലായ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുപോലെ അവശതയുള്ളതിനെ വെടിവെച്ചു കൊല്ലുക എന്നതുപോലെ ലാഭനഷ്ടക്കണക്കു പറഞ്ഞ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്നാണ് ഈ സര്‍ക്കാര്‍ പറയുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന സാമൂഹ്യധര്‍മ്മം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഗവണ്‍മെന്റിന്റെ ഇത്തരം വികലമായ നയംമൂലം 5414 വിദ്യാലയങ്ങള്‍ അനാദായക പട്ടികയിലാണ്. 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ ഭൗതിക- അക്കാദമിക് സൗകര്യങ്ങള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ട്. എന്നാല്‍ ഇപ്പോഴുള്ളത് 36 ലക്ഷം കുട്ടികള്‍മാത്രം. ഇത്തരമൊരു സാഹചര്യത്തിലും ഈ വര്‍ഷം മാത്രം 555 അനധികൃത വിദ്യാലയങ്ങള്‍ക്ക് അണ്‍എയ്ഡഡ് മേഖലയില്‍ അംഗീകാരം നല്‍കി. കൂടാതെ ആയിരക്കണക്കിന് സിബിഎസ്ഇ വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനുള്ള എന്‍ഒസിയും നല്‍കി. സര്‍ക്കാരിന്റെ വികലമായ ഈ സമീപനംമൂലം കുട്ടികളില്ലാത്തതിന്റെ പേരില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച സാമൂഹ്യപ്രശ്‌നമായി മാറുന്നത് ഇപ്പോള്‍ നടക്കുന്ന സാമൂഹ്യധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ഭൂരിപക്ഷംവരുന്ന തൊഴിലെടുക്കുന്നവരുടെയും അധഃസ്ഥിതരുടെയും സാധാരണക്കാരന്റെയും വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിച്ച് നിര്‍ത്തിയത് കേരളത്തിലെ പൊതുവിദ്യാലയങ്ങളായിരുന്നു. എന്നാല്‍ ഇതിനെതിരായ കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. പണമില്ലാത്തവന്‍ പഠിക്കേണ്ട എന്ന മനഃസ്ഥിതിയോടെ വിദ്യാഭ്യാസത്തെ വരേണ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വരേണ്യവര്‍ഗ വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ എണ്ണിക്കൊടുക്കേണ്ടിവരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വിദ്യാലയങ്ങളില്‍ അധഃസ്ഥിതര്‍ക്കും സാധാരണക്കാരനും പ്രവേശനം അസാധ്യമാണ്. വിദ്യാഭ്യാസം നേടുന്നതിന് ജാതിയും പണവും ലിംഗഭേദങ്ങളും തടസമാവുന്ന, നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നാം ഉച്ചാടനം ചെയ്ത രീതികള്‍ തിരിച്ചുകൊണ്ടുവരുന്നു. മധ്യവര്‍ഗത്തിന്റെ വികലമായ ചിന്തകളെ ചൂഷണം ചെയ്ത് സാര്‍വത്രിക വിദ്യാഭ്യാസം അട്ടിമറിക്കുന്നു. ദേശീയതലത്തില്‍പോലും മാതൃകയായ പാഠ്യപദ്ധതിയും പഠനരീതിയും പിന്തുണാസംവിധാനങ്ങളും അട്ടിമറിച്ചു. കുട്ടികള്‍ അറിവ് നിര്‍മ്മിക്കേണ്ടവരാണെന്ന കാഴ്ചപ്പാട് മാറ്റുകയും വിമര്‍ശനങ്ങള്‍ ഒന്നുമില്ലാത്ത വിധേയരെ മാത്രം സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതിയും പാഠ്യപദ്ധതിയും കൊണ്ടുവന്നു. പരീക്ഷകളെല്ലാം ഓര്‍മ്മ പരിശോധിക്കുന്ന സംവിധാനമായി മാറി. തങ്ങള്‍ പറയുന്നത് അച്ചടക്കത്തോടെ വിഴുങ്ങുന്ന തലമുറയെ വളര്‍ത്തിയെടുക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇതിനു പിന്നില്‍. ഇതോടൊപ്പം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ നല്ല അടയാളങ്ങളെയെല്ലാം ഇവര്‍ തച്ചുടച്ചു. വിദ്യാലയവര്‍ഷം അവസാനിക്കാറായിട്ടും എല്ലാ വിദ്യാലയങ്ങളിലും പാഠപുസ്തകം പോലും എത്തിക്കാനായിട്ടില്ല. അച്ചടിയിലും പേപ്പര്‍ വിതരണം ചെയ്തതിലും കോടികളുടെ അഴിമതിക്കഥകളാണ് നാം കേട്ടത്. പാഠപുസ്തക അച്ചടിയിലൂടെ അഴിമതി നടത്തുന്നതിനുവേണ്ടി ലക്ഷക്കണക്കായ കുട്ടികളുടെ ഭാവിയെയാണ് സര്‍ക്കാര്‍ പന്താടിയത്. പാഠപുസ്തകം ഇല്ലാത്തതിനാല്‍ പരീക്ഷപോലും മാറ്റിവെക്കേണ്ട സ്ഥിതി സംജാതമായി. പൊതുവിദ്യാഭ്യാസം തകര്‍ന്നാലും തങ്ങള്‍ക്ക് പണം ലഭിക്കണമെന്ന കച്ചവട മനസ്സാണ് ഈ ദുരന്തത്തിന് കാരണം. ഇതിനേക്കാള്‍ അപഹാസ്യമാണ് എസ്എസ്എല്‍സി പരീക്ഷയുടെ കാര്യം. ചരിത്രത്തില്‍ ആദ്യമായാണ് എസ്എസ്എല്‍സി പരീക്ഷാഫലം രണ്ടും മൂന്നും തവണ തിരുത്തി പ്രസിദ്ധീകരിക്കേണ്ടിവന്നത്. സര്‍ക്കാരിന്റെ അനാവശ്യതിടുക്കവും പിടിപ്പുകേടുംമൂലം അപഹാസ്യരായത് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകസമൂഹവുമാണ്. പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിവന്നിരുന്ന ഉച്ചഭക്ഷണ പദ്ധതിയും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ ആരംഭിച്ച ഉച്ചക്കഞ്ഞി പദ്ധതി 2006 ലെ വിഎസ് സര്‍ക്കാരാണ് സമഗ്രപോഷകാഹാര പദ്ധതിയാക്കി ഉയര്‍ത്തിയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍, അരിയും പയറും പാലും സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുന്ന രീതി നിര്‍ത്തലാക്കി. ഒരു കുട്ടിക്ക് വെറും 5/6 രൂപ വീതം പണം അനുവദിച്ച് അതില്‍ നിന്ന് ചെറുപയര്‍, പലവ്യഞ്ജനങ്ങള്‍, പാല്‍, മുട്ട, കടത്തുകൂലി, വിറക്, പാചകം തുടങ്ങിയ എല്ലാ ചെലവുകളും കണ്ടെത്തണമെന്നു നിഷ്‌കര്‍ഷിച്ചതോടെ ഈ പദ്ധതി താളംതെറ്റി. രൂക്ഷമായ വിലക്കയറ്റത്തിനിടയിലും ഉച്ചഭക്ഷണപദ്ധതി മുടങ്ങാതെ കൊണ്ടുപോയ പ്രഥമാധ്യാപകര്‍ കടക്കെണിയിലായി. കുട്ടികളുടെ സൗജന്യയൂണിഫോം പദ്ധതിയും അഴിമതിക്കുവേണ്ടി ഇതുപോലെ തകിടംമറിച്ചു. നാളിതുവരെ ഇല്ലാത്തവിധം വിദ്യാഭ്യാസമേഖലയെ ലീഗുവല്‍ക്കരിക്കുന്നു എന്ന ആക്ഷേപവും ഈ കാലഘട്ടത്തില്‍ ശക്തമായി ഉയര്‍ന്നുവന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്ഥാപനങ്ങളുടെ മേധാവികളെ നിയോഗിച്ചത് അവരുടെ ജാതിയോ മതമോ നോക്കി ആയിരുന്നില്ല. കഴിവിനായിരുന്നു മുന്‍ഗണന. എന്നാല്‍ ലീഗ് വിദ്യാഭ്യാസവകുപ്പിന്റെ ഭരണം കയ്യാളിയ നാള്‍മുതല്‍ കഴിവിനല്ല മാനദണ്ഡം മറിച്ച് മറ്റ് പരിഗണനകള്‍ക്കായിരുന്നു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍, ഐ.ടി.@.സ്‌കൂള്‍ ഡയറക്ടര്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍, ഓപ്പണ്‍യൂണിവേഴ്‌സിറ്റി കോ-ഓഡിനേറ്റര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവയെല്ലാം ഉദാഹരണം മാത്രം. തലസ്ഥാനത്ത് സ്ഥിരതാമസമാക്കാന്‍ ഒരു ലാവണം എന്നതായി എസ്.സി.ഇ.ആര്‍.ടി നിയമനങ്ങള്‍ എല്ലാം. ലീഗിന്റെ പ്രാദേശിക നേതാക്കന്മാരെപ്പോലും ഇത്തരം സ്ഥാനത്തിരുത്താന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി എങ്ങിനെ ദാനം ചെയ്യാം എന്നതാണ് അവിടത്തെ വൈസ് ചാന്‍സലര്‍ ഗവേഷണം നടത്തിയത്. ലീഗിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്നതോടൊപ്പം സ്വന്തംകാര്യം നോക്കാന്‍ കൂടി തുടങ്ങിയപ്പോഴാണ് പ്രശ്‌നം രൂക്ഷമായത്. വൈസ്ചാന്‍സലറും വിദ്യാഭ്യാസമന്ത്രിയും മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നാണ് മാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചത്. ഐ.ടി.@. സ്‌കൂള്‍ മേധാവികള്‍ തങ്ങള്‍ക്കറിയാവുന്ന ജോലിക്കായി വാഹനത്തില്‍ രാത്രികറങ്ങി അടിയുംകൊണ്ടോടിയ കാര്യങ്ങളും അങ്ങാടിപ്പാട്ടാണ്. മേധാവികളെ മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക ദിശയും നേതൃത്വവും നല്‍കേണ്ട രണ്ടാംനിര നേതൃത്വവും ലീഗുകാരായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെയാണ് എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാര്‍, എസ്.സി.ഇ.ആര്‍.ടി, സീമാറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടവരെ നിയമിച്ചതെന്ന് ന്യായമായും സംശയിക്കാം. കൃത്യമായി ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അക്കാദമിക മികവുള്ളവരെ കണ്ടെത്തുന്ന രീതിയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ലീഗ് അനുഭാവികള്‍ക്കായി ഇതെല്ലാം മാറ്റിവച്ചിരിക്കുന്നത്. പച്ചക്കോട്ട് ധരിച്ച് സ്‌കൂളില്‍ വരണമെന്നും പൊതുപരിപാടികളില്‍ പച്ച ബ്ലൗസ് ധരിച്ചുവരണമെന്നും ക്ലാസ്മുറികളില്‍ പച്ചബോര്‍ഡ്മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ എന്നുമുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് അന്ധമായ ലീഗുവത്ക്കരണത്തിന്റെ ഭാഗമാണ്. ഇത്തരം നടപടികളിലൂടെ വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ കൂടുതല്‍ വികൃതമാവുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയെന്ന നിലയില്‍ നാം കാണുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലകളെ തീര്‍ത്തും അവഗണിക്കുകയാണ്. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെ അഴിമതി മാത്രം ലക്ഷ്യമാക്കികൊണ്ട് നൂറുകണക്കിന് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചുകൊണ്ട് വലിയ ഒരു കച്ചവടത്തിന് ഈ സര്‍ക്കാര്‍ നേതൃത്വം നല്‍കി. ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രവേശനത്തില്‍ സ്വീകരിച്ച ഏകജാലക പ്രവേശന സമ്പ്രദായം ഇന്ത്യയ്ക്ക് ആകെ മാതൃകയായിരുന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രവേശനത്തിലും അഴിമതി നടത്തുന്നതിനുവേണ്ടി ഈ പ്രവേശന സമ്പ്രദായം തന്നെ അട്ടിമറിച്ചു. അലോട്ടുമെന്റുകള്‍ പരിമിതപ്പെടുത്തി. ഒഴിവുള്ള സീറ്റുകളില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ചു. ഈ മേഖലയില്‍ 5 വര്‍ഷം അധ്യാപക സ്ഥലംമാറ്റം നടത്തിയില്ല. അനധികൃതമായി പണം വാങ്ങിയാണ് സ്ഥലംമാറ്റം ഈ കാലയളവില്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ സംഘടന നടത്തിയ നിരന്തര സമരത്തിന്റെ ഫലമായി സ്ഥലംമാറ്റത്തിന് മാനദണ്ഡമുണ്ടാക്കിയെങ്കിലും മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്ഥലംമാറ്റം നടത്തിയതിനാല്‍ ഇന്നിപ്പോള്‍ ഇത് നിയമക്കുരുക്കിലാണ്. കേരളത്തില്‍ 1200 ഓളം തസ്തികകളില്‍ ഇപ്പോള്‍ രണ്ട് പേര്‍ വീതം ജോലിചെയ്യുന്നു. അത്രയും സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയും ഉണ്ടായിരിക്കുന്നു. വലിയ അക്കാദമിക് പ്രതിസന്ധിയാണ് ഈ മേഖല അഭിമുഖീകരിക്കുന്നത്. നാലുമാസമായി ഈ സ്ഥിതി തുടരുമ്പോഴും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നോക്കുകുത്തിയാകുന്നു. ഏറ്റവും മികച്ച ഹയര്‍സെക്കന്‍ഡറി മേഖലയേയും ഇവര്‍ തകര്‍ത്തിരിക്കുന്നു. അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഇല്ലാതാക്കിയ യു.ഡി.എഫ് സര്‍ക്കാരിന് മാപ്പുനല്‍കാന്‍ അധ്യാപക സമൂഹത്തിനാവില്ല. അധ്യാപക സമൂഹം ആശങ്കയുടെ മുള്‍മുനയിലാണ്. തസ്തിക നിര്‍ണയം, പുനര്‍വിന്യാസം, അധ്യാപക പാക്കേജ്, ബാങ്ക് എന്നെല്ലാം പെരുമ്പറ മുഴക്കുകയും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാതെയും 5 വര്‍ഷം തികയുകയാണ്. ഏറ്റവും അവസാനം ഇതിനെല്ലാം പരിഹാരമായി എന്നുപറഞ്ഞ് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. കോടതിവിധിക്കെതിരെ അപ്പീല്‍പോകുമെന്നും കോടതിവിധിക്കനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും ഉത്തരവില്‍ പറയുമ്പോള്‍ നിലവിലുള്ള ഉത്തരവിന്റെ പ്രസക്തിതന്നെ ഇല്ലാതാവുകയാണ്. ആയിരക്കണക്കിന് തസ്തികകള്‍ അധികമാവുകയും കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍പ്പോലും ഈ മേഖല മെച്ചപ്പെടുത്താനുള്ള സമീപനം സ്വീകരിക്കാതെ അനധികൃത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം കൊടുത്തുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ അധ്യാപക സമൂഹത്തെയും പൊതു സമൂഹത്തെയും ഇവര്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി ഇനിയും തുടരാന്‍ അനുവദിച്ചുകൂട. കേരളത്തില്‍ ഇടതുപക്ഷം ഭരിച്ച കാലഘട്ടങ്ങളിലെല്ലാം പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നുവെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതാണ്. വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ ബദല്‍നയങ്ങള്‍ ഉണ്ടായിരുന്നു. ഇത് നമുക്ക് തിരിച്ചുപിടിക്കണം. പിറക്കുന്ന ഓരോ കുഞ്ഞിനും അഭിരുചിയും ശേഷിയും ബുദ്ധിപരമായും കായികപരമായും മാനസികമായും യാതൊരുതടസ്സവും പരിമിതികളും കൂടാതെ വികസിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള സൗകര്യങ്ങളും അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുകയാണ് ഇടതുപക്ഷ ബദല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ ബദല്‍ നയത്തിന്റെ ഭാഗമായി കെട്ടിപ്പടുത്ത നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ നന്മകളെയും ഈ സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നു. നമുക്ക് ഇത് വീണ്ടെടുത്തേ മതിയാകൂ.

ചിന്ത വാരിക

No comments:

Post a Comment