Friday, September 30, 2011

വെള്ള പൂശിയ ശവക്കല്ലറ


ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തെ തെരഞ്ഞുപിടിച്ച് തൊഴില്‍ ചൂഷണം ആരോപിക്കുന്നത് അനുചിതമാണെന്ന വ്യാഖ്യാനം ഉയര്‍ന്നേക്കാം. സമാന സ്ഥാപനങ്ങളില്‍ തൊഴില്‍ ചൂഷണമില്ലായെന്നുറപ്പിച്ചു പറയാനും സാധ്യമല്ല. എങ്കിലും അഷീസ് സെന്‍ പഠനകേന്ദ്രം മുമ്പാകെ ഒരു വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ അവഗണിക്കാന്‍ തോന്നിയില്ല. ഗൌരവപൂര്‍വ്വമായ തെളിവെടുപ്പും പഠനവും ആവശ്യമാണെന്ന് തോന്നി. ബി.ഇ.എഫ്.ഐ.യ്ക്ക് സംസ്ഥാനത്ത് ലഭ്യമായ ആള്‍ശേഷിയും സുഹൃദ്ശൃംഖലയും മറ്റു സംവിധാനങ്ങളും അന്വേഷണം സുസാധ്യമാക്കി. ശേഖരിച്ച വിവരങ്ങള്‍ കണിശമായ അപഗ്രഥനത്തിന് വിധേയമാക്കി. ആരെയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മറനീക്കിവന്നത്.

സംഘടിത ജീവനക്കാരുടെ സംഘടന അസംഘടിതരുടെ ചൂഷണത്തെക്കുറിച്ച് പഠനം നടത്തുക. അത് അഷീസ് സെന്‍ പഠനകേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ്. ധനകാര്യമേഖലയില്‍പ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനമാവുമ്പോള്‍ പ്രസക്തിയേറുകയും ചെയ്തു.

നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികളെന്നത് സുന്ദരമായ വിശേഷണമാണ്. മുമ്പ് ബ്ളേഡ് സ്ഥാപനങ്ങള്‍ എന്നു പറഞ്ഞാലേ അറിയുമായിരുന്നുള്ളൂ. കേന്ദ്ര ഗവണ്‍മെന്റാവട്ടെ, ഈ ശവക്കല്ലറകള്‍ക്ക് വെള്ളപൂശാനുള്ള തിടുക്കത്തിലുമാണ്. കെട്ടിലും മട്ടിലും തങ്ങള്‍ ബാങ്കുകള്‍ക്കും മീതെയാണെന്ന ഭാവമാണവയ്ക്ക്. ഈയിടെയായി ബിസിനസ് പത്രങ്ങളിലും ബിസിനസ് പേജുകിലും ഏതാണ്ട് ബാങ്കുകള്‍ക്ക് തുല്യമായ പദവി നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കും ലഭിച്ചുപോരുന്നുമുണ്ട്.

തലയോട്ടികളുടെ പ്രളയം

മണപ്പുറം ഫൈനാന്‍സ് കമ്പനിക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാറിന് സമീപം വലപ്പാട് ഗ്രാമത്തില്‍ ആസ്ഥാനം. ആസ്ഥാനമന്ദിരത്തില്‍ മാത്രം ആയിരത്തോളം ജീവനക്കാര്‍. ഓഹരി വിപണിയില്‍ ലിസ്റ് ചെയ്ത ആദ്യത്തെ സ്വര്‍ണ്ണ പണയസ്ഥാപനം. ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ്. 24 സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം. 2,800 ഓളം ശാഖകള്‍, 20,000 നടുത്ത് തൊഴില്‍ശേഷി. പുറമെനിന്നും നോക്കുമ്പോള്‍ സര്‍വ്വം ഭദ്രം; ശുഭം.

പക്ഷെ, ഉള്ളിലേക്കെത്തി നോക്കിയപ്പോഴാണ് തലയോട്ടികളുടെ പ്രളയം ശ്രദ്ധയില്‍പ്പെടുന്നത്.

ഏറെയും ബിരുദധാരികളും യുവാക്കളുമായ മലയാളികളെ ഇത്രയും പീഡിപ്പിക്കുന്ന ഒരു സ്ഥാപനം അപൂര്‍വ്വമായിരിക്കും. ഇന്റര്‍നെറ്റ് പരിശോധിച്ചാല്‍ മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡില്‍ തൊഴില്‍ നേടാനുള്ള യോഗ്യത നാലാണെന്ന് കാണാം. (1) ബിരുദം. (2) മുപ്പതുവയസ്സില്‍ താഴെ പ്രായം (3) ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധത (4) പുരുഷന്മാര്‍ക്ക് മാത്രം പരിഗണന. എങ്ങനെയോ ജോലിക്കു കയറിയ ഏതാനും സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തോടെ സര്‍വ്വീസില്‍നിന്ന് പിരിയാം.
സേവന വ്യവസ്ഥകള്‍ വിചിത്രമാണ്. 12 കാഷ്വല്‍ ലീവ്. ഒരു മാസത്തില്‍ ഒന്നേ എടുക്കാവൂ. രണ്ട് അവധിയെടുത്താല്‍ രണ്ടാം ദിവസം ശമ്പളമില്ല. പിഴയായി നാലു കാഷ്വല്‍ ലീവ് നഷ്ടപ്പെടുകയും ചെയ്യും. അപകടമോ, രോഗമോ സംഭവിച്ചാല്‍ പരമാവധി നാലു ദിവസത്തെ സിക്ക് ലീവ്. അഞ്ചാം ദിവസം മുടങ്ങിയാല്‍ സിസ്റത്തില്‍നിന് പേര് നീക്കം ചെയ്തിരിക്കും. സ്ഥലം മാറ്റം ഫോണിലൂടെയാണ്. റിലീവിംഗ് ഓര്‍ഡറില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ സിസ്റത്തില്‍ പേരുണ്ടാവില്ല. പിന്നെ സ്വന്തം ബ്രാഞ്ചില്‍ കയറിക്കൂടാ. സ്ഥലംമാറ്റപ്പെടുന്ന ശാ‍ഖയിലും നാലുനാള്‍ കഴിഞ്ഞാല്‍ കയറാനാവില്ല. സ്വന്തം ചിലവില്‍ പുതിയ ശാഖ കണ്ടെത്തി, അവിടെ റിപ്പോര്‍ട്ട് ചെയ്തുകൊള്ളണം. യാത്രാപ്പടി അഡ്വാന്‍സില്ല. ബില്ലയച്ചാല്‍ രണ്ടോ മൂന്നോ മാസം കഴിഞ്ഞ് പാസ്സാവാം, പാസ്സാവാതിരിക്കാം. സ്ഥലംമാറ്റത്തിന് നിബന്ധനകളൊന്നുമില്ല. ഒരു വര്‍ഷം എത്ര തവണ വേണമെങ്കിലും ഇന്ത്യയിലെവിടെയും സ്ഥലം മാറ്റപ്പെടാം. ശമ്പളം അഡ്വാന്‍സ് പോലുമില്ല. 20-ാം തീയതി മുതല്‍ 20-ാം തീയതിവരെയാണ് ശമ്പളമാസം. എന്നാല്‍ ഒന്നാം തീയതിയേ ശമ്പളം നല്‍കൂ. പത്തുദിവസത്തെ വേതനം എപ്പോഴും കമ്പനിയ്ക്ക് സൂക്ഷിക്കാം.

ഞാന്‍ പിഴയാളി

ജൂനിയര്‍ അസിസ്റന്റിന് ആറായിരത്തിലധികം രൂപ ശമ്പളമുണ്ട്. പക്ഷെ, ഒരോ മാസവും പിഴചുമത്തി, ഗണ്യമായ തുക തിരിച്ചുപിടിക്കും. തൊട്ടതിനൊക്കെ പിഴയാണ്. സ്വര്‍ണ്ണത്തിന്റെ മാറ്റു കുറഞ്ഞാല്‍ പിഴ. തൂക്കം തെറ്റിയാല്‍ പിഴ. വായ്പാതുക കൂടിയാല്‍ പിഴ. ഓരോ ദിവസവും വൈകിട്ട് ജോലികഴിഞ്ഞ് ലോഗ് ഔട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പിഴ ചുമത്തിയ കാര്യം അറിയുക. വിശദീകരണം ചോദിക്കുന്ന പതിവില്ല. അപ്പീലും ദയാഹര്‍ജിയുമില്ല. എല്ലാ നടപടിയും ഏകപക്ഷീയം. ശാഖാ മാനേജര്‍ നിസ്സഹായനാണ്. എല്ലാം ഹെഡ് ഓഫീസിലെ എച്ച്.ആര്‍. വിഭാഗത്തിന്റെ ശാസനകള്‍. രാവിലെ എട്ടര മണിക്ക് ലോഗ് ഇന്‍ ചെയ്ത്, വൈകുന്നേരം വരെ ജോലി ചെയ്ത്, അഞ്ചര മണിക്ക് ലോഗ് ഔട്ട് ചെയ്യാനാവാതെ, വേതനം നഷ്ടപ്പെടുത്തി, പടിയിറങ്ങിപ്പോകാനല്ലാതെ മറ്റൊന്നിനും ജീവനക്കാര്‍ക്ക് കഴിയില്ല.

ശമ്പളത്തില്‍നിന്ന് പി.എഫിലേക്കും ക്ഷേമപദ്ധതിയിലേക്കും റെക്കറിംഗ് ഡെപോസിറ്റിലേക്കും ഇ.എസ്.ഐ. പദ്ധതിയിലേക്കുമെല്ലാമായി പിടിക്കുന്ന തുകയ്ക്ക് യാതൊരു രേഖകളുമില്ല. മിക്കവാറും പേര്‍ പിരിച്ചുവിടപ്പെടുന്നതിനാല്‍ കണക്കു പറയാനും നിവര്‍ത്തിയില്ല. ഈ തുകയത്രയും കമ്പനിക്ക് മുതല്‍ക്കൂട്ടാവും.

മണപ്പുറം ജീവനക്കാര്‍ക്ക് ഒരു കൊല്ലത്തില്‍ അഞ്ച് പൊതു അവധികളേ ഉള്ളൂ. സ്വാതന്ത്ര്യദിനം, റിപ്പബ്ളക് ദിനം, ഓണം, പൂജ. ദുഃഖവെള്ളിയാഴ്ച ക്രിസ്ത്യാനികള്‍ നിയന്ത്രിത അവധിയെടുക്കണം.

ഓഫീസുപകരണങ്ങളും ആഭരണ തുലാസ്സുമെല്ലാം റിപ്പയര്‍ ചെയ്യുന്നത് ജീവനക്കാരുടെ ചിലവില്‍. ബില്‍ അയച്ചാല്‍ പാസാവുമെന്നതിന് ഒരുറപ്പുമില്ല.

മണപ്പുറത്ത് മിന്നുന്നതെല്ലാം പൊന്ന്

മണപ്പുറമെന്നാല്‍ സ്വര്‍ണ്ണ പണയ കമ്പനിയാണെന്നാണല്ലോ പരസ്യം. 31.03.2011-ന് 9,000 കോടി രൂപയാണ് സ്വര്‍ണ്ണ വായ്പ. 2012 മാര്‍ച്ചാവുമ്പോള്‍ 12,500 കോടി രൂപ വായ്പ നല്‍കലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, മണപ്പുറം ഫൈനാന്‍സില്‍ സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയും ശുദ്ധിയും പരിശോധിക്കാന്‍ ഒരു സ്വര്‍ണ്ണപണിക്കാരന്‍ പോലുമില്ല. ആറുമാസത്തിലൊരിക്കല്‍ പരിശോധനയ്ക്കെത്തുന്നതും ജൂനിയര്‍ അസിസ്റന്റുമാര്‍ തന്നെ. ആര്‍ക്കും പരിശീലനമില്ല. മാറ്റ് പരിശോധിക്കാന്‍ ഉപകരണങ്ങളില്ല. മിന്നുന്നതെല്ലാം മണപ്പുറം കമ്പനിക്ക് പൊന്നാണ്. പണയം വെയ്ക്കാം. വായ്പയെടുക്കാം. പണ്ടം തിരിച്ചെടുത്താല്‍ ജീവനക്കാര്‍ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം അവര്‍ക്ക് ശമ്പളമുണ്ടാവില്ല. രണ്ടായാലും കമ്പനിക്ക് നഷ്ടമില്ല. തൊഴിലാളികളുടെ ചിലവില്‍ 9,000 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയവായ്പ. ഈ സ്വര്‍ണ്ണം കാണിച്ച് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്ന് മൂവായിരം കോടി രൂപയുടെ റീഫിനാന്‍സ് സൌകര്യവും സംഘടിപ്പിച്ചിരിക്കുന്നു. മണപ്പുറത്തിന്റെ പെട്ടിയിലിരിക്കുന്നത് സ്വര്‍ണ്ണമാണെങ്കില്‍ അതുതന്നെ ജാമ്യവസ്തു.

പൊതുമേഖലാ ബാങ്കില്‍നിന്ന് വിരമിച്ച നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥന്മാര്‍ മണപ്പുറത്ത് ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്നുണ്ട്. സ്വന്തം പെന്‍ഷനു പുറമെ അവര്‍ക്ക് പതിനായിരങ്ങള്‍ ശമ്പളമായും ബോണസ്സായും കമ്മീഷനായും കിട്ടും. അവരും വരിവരിയായിനിന്ന് രാവിലെ പഞ്ച് ചെയ്യണം. ജീവിത സായാഹ്നത്തില്‍ അസ്തമയ സൂര്യനെ കാണാന്‍ പക്ഷെ, അവര്‍ക്കും യോഗമില്ല. ഒന്നു ഫോണ്‍ ചെയ്താല്‍ പലര്‍ക്കും സംസാരിക്കാന്‍പോലും ഭീതിയാണ്. പൊതുമേഖലാ ബാങ്കിലെ പഴയകാല പുലികള്‍ മണപ്പുറത്ത് എലികളായി മാറുന്നു.

നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍; കിട്ടാനുള്ളത് പുതിയൊരു ലോകം

മണപ്പുറം കമ്പനിയില്‍ യൂണിയനുകളില്ല. ചില ദുര്‍ബലശ്രമങ്ങളൊക്കെ നടന്നു. പലരും മാപ്പെഴുതി കൊടുത്ത് തിരിച്ചുകയറി. ചിലര്‍ സ്ഥാപനം വിട്ടു. സ്ഥാപനം വിടുന്നവരാണേറെയും. അതാണ് കമ്പനിക്കും നേട്ടം. പലവഴിക്കും തൊഴിലാളികള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കമ്പനിക്ക് നിഷ്പ്രയാസം കൈക്കലാക്കാം.

കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചാല്‍ നിരവധി അവകാശവാദങ്ങള്‍ കാണാം. അതവരുടെ കാര്യം. എന്നാല്‍ 1992-ല്‍ തുടങ്ങിയ ഒരു സ്വര്‍ണ്ണ പണയസ്ഥാപനം 2011-ന്റെ ഒന്നാം പാദത്തില്‍ 103 കോടി രൂപ ലാഭം പ്രഖ്യാപിക്കുമ്പോള്‍ കമ്പനിക്കുവേണ്ടി സ്വന്തം അദ്ധ്വാനം ചിലവിടുന്ന യുവതേജസ്സുകളോട് അല്പം കാരുണ്യം കാണിച്ചൂകൂടേ? 20,000 പേരുടെ വേദനയും കണ്ണീരും നിസ്സഹായതയും അവഗണിച്ച് കോട്ടും സ്യൂട്ടുമണിഞ്ഞ് വിലസുന്ന കമ്പനിയുടമയുടെ താരപ്രഭയ്ക്ക് എത്രയാണായുസ്സ്?

മുത്തൂറ്റ് കമ്പനിയുടെ ഡെല്‍ഹി ഓഫീസില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് രണ്ടു ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത് ലോകമറിഞ്ഞു. മണപ്പുറം കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്ന് താഴേക്ക് ചാടിയ ഒരു യുവതി പൂഴിയില്‍ വീണതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ല. അതു വാര്‍ത്തയുമായില്ല.

ഞാനെന്റെ സഹോദരന്റെ സൂക്ഷിപ്പുകാരനാണോയെന്ന് ഉല്പതിഷ്ണുക്കള്‍പോലും ചോദിക്കുന്ന ഘട്ടത്തിലാണ് അഷീസ് സെന്‍ പഠനകേന്ദ്രം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും മറ്റും അയച്ചുകൊടുത്തിട്ടുണ്ട്. ഒരു പത്രക്കുറിപ്പും നല്‍കി. എന്നാല്‍ സ്വന്തം അവശതകള്‍ക്കെതിരെ സംഘടിക്കണമെന്ന് തൊഴിലാളികള്‍ക്ക് തോന്നുംവരെ അടിമവേല നിര്‍ബാധം തുടരും. നഷ്ടപ്പെടാനുള്ളത് വിലങ്ങുകളല്ലാ, സ്വര്‍ണ്ണമാലകളാണെന്ന് അവരെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ഒരു പൊങ്ങച്ച സമൂഹത്തിന്റെ തടവുകാരാണവര്‍. അവരുടെ മോചനം ലക്ഷ്യമിട്ട് അഷീസ് സെന്‍ പഠനകേന്ദ്രവും ബി.ഇ.എഫ്.ഐ.യും സംഘടിപ്പിച്ച ഈ സാഹസിക പഠനം ഒരുനാള്‍ വിജയിക്കുമെന്നുറപ്പാണ്.

*
കെ.വി. ജോര്‍ജ്ജ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

പേജ് 

Sunday, September 25, 2011

ആദര്‍ശധീരതയുടെ കവാത്ത്



ആദര്‍ശധീരതയുടെ കവാത്ത്
നമ്മുടെ പട്ടാളമൂപ്പന് എത്ര വയസ്സായി?

-മൂപ്പന്‍ പറയുന്നു 60. ടിയാന്‍െറ വകുപ്പുമന്ത്രി പറയുന്നു 61. കരസേനാധിപന്‍ തൊപ്പിയൂരേണ്ട പ്രായം 62. ആ കണക്കുവെച്ച് താന്‍ പിരിയേണ്ടത് 2013ലെന്ന് മൂപ്പന്‍ പറയുമ്പോള്‍ 2012ലേ സലാമടിക്കണമെന്നാണ് മന്ത്രികല്‍പന.
‘മൂപ്പിളമ’ തര്‍ക്കം മൂത്ത് സംഗതി പ്രതിരോധ വകുപ്പും ആര്‍മി ആസ്ഥാനവും തമ്മിലുള്ള ആഭ്യന്തര യുദ്ധമായിക്കഴിഞ്ഞു. എന്നുവെച്ചാല്‍, ഭരണകൂടവും അതിന്‍െറ പടത്തലവനും പരസ്പരവിശ്വാസമില്ലാത്തവരായെന്ന് പരസ്യപ്പെടുത്തുന്നു. വയസ്സില്‍ കൃത്രിമം കാണിച്ച് കസേരയില്‍ കടിച്ചുതൂങ്ങാന്‍ നോക്കുന്ന കള്ളനാണ് പടത്തലവനെന്ന്  ഭരണകൂടം ധ്വനിപ്പിക്കുന്നു. 40 കൊല്ലത്തെ കറകളഞ്ഞ രാജ്യസേവന ചരിത്രമുള്ള ‘പ്രതി’ ഈ അവഹേളനത്തില്‍ മുട്ടുമടക്കാതെ ആത്മാഭിമാനമുള്ള ടിപ്പിക്കല്‍ ജവാന്‍െറ മട്ടില്‍ ‘ഫൈറ്റ്’ ചെയ്യുന്നു. നാളിതുവരെയുള്ള കഥ മറിച്ചായിരുന്നു- സൈനികമൂപ്പന്മാര്‍ ഇടഞ്ഞാല്‍ ഒന്നുകില്‍ കഴുത്തിന് പിടിച്ച് പുറന്തള്ളും. അല്ളെങ്കില്‍ വല്ല ഗവര്‍ണര്‍ കസേരയോ കമ്മിറ്റി അംഗത്വമോ കൊടുത്ത് സോപ്പടിച്ചിറക്കും. മിക്ക ധീരജവാന്മാരും രാഷ്ട്രീയ എക്സിക്യൂട്ടീവിന്‍െറ തോന്ന്യാസങ്ങള്‍ക്കു മുമ്പില്‍ കവാത്ത്  മറക്കുന്നവരുമാണ്. നട്ടെല്ലുള്ളവര്‍ അച്ചടക്ക മര്യാദയുടെ പേരില്‍ അവഹേളനം വിഴുങ്ങിക്കഴിയും. ഇവിടെയാണ് വിജയ് കുമാര്‍ സിങ്ങിന്‍െറ നടപ്പ് എപ്പിസോഡ് സവിശേഷമാകുന്നത്.
സൂപ്പര്‍താരങ്ങളെപ്പോലെ വയസ്സ് കുറച്ചുപറയേണ്ട കാര്യം കരസേനാ മേധാവിക്കില്ല. കിട്ടാവുന്ന നക്ഷത്രങ്ങളൊക്കെ കിട്ടിക്കഴിഞ്ഞു. മേലോട്ടിനി കസേരയുമില്ല. പെന്‍ഷന്‍ വാങ്ങി വീട്ടിലിരുന്ന് റോള്‍ ഓഫ് ഓണറില്‍ പതിഞ്ഞ പേരും പെരുമയും നുകര്‍ന്ന് ശിഷ്ടകാലം കഴിക്കാം. ഒരു കൊല്ലം സര്‍വീസ് നീട്ടിയാല്‍ 365 ദിവസംകൂടി തലവേദന കൂട്ടാമെന്നേയുള്ളൂ. അല്ളെങ്കില്‍പിന്നെ ആയുധക്കച്ചോടക്കാരുടെ ദല്ലാളോ അഴിമതിയുടെ ഏജന്‍േറാ മറ്റോ ആയിരിക്കണം. വി.കെ. സിങ് ആവക സാമര്‍ഥ്യമില്ളെന്നുതന്നെയല്ല, അത്തരക്കാരുടെ ശത്രുത വേണ്ടത്ര സംഭരിച്ചിട്ടുമുണ്ട്. അങ്ങനെ കൊള്ളാവുന്ന ട്രാക് റെക്കോഡുള്ള ഒരാളെ അപകീര്‍ത്തിപ്പെടുത്തി പറഞ്ഞുവിട്ടേതീരൂ എന്ന് ഭരണകൂടം വാശി പിടിക്കുന്നതെന്തിന്? വിശേഷിച്ചും നമ്മുടെ ‘ആദര്‍ശധീര’ന്‍െറ വകുപ്പ്?
ഗുട്ടന്‍സ് കിടക്കുന്നത് പല അടുക്കുകളിലായിട്ടാണ്. ആദ്യം കഥയുടെ പുറന്തോട് നോക്കാം.
വി.കെ. സിങ് ഭൂജാതനായത് 1951 മേയ് 10ന് എന്നാണ് ടിയാന്‍െറ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തൊട്ടുള്ള മുഴുവന്‍ രേഖയും വ്യക്തമാക്കുന്നത് - നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ്, പട്ടാളത്തിലെ സര്‍വീസ് ബുക്, സൈനികന്‍െറ ഐ.ഡി, വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നുവേണ്ട, പെറ്റിട്ട സൈനികാശുപത്രിയിലെ പ്രസവ രേഖയില്‍ വരെ. 15ാം വയസ്സില്‍ എന്‍.ഡി.എയില്‍ ചേരാന്‍ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍െറ അപേക്ഷാഫോറത്തില്‍ പക്ഷേ, 1950 മേയ് 10 എന്നാണ് സംഗതി പൂരിപ്പിച്ച മാഷ്  എഴുതിപ്പോയത്. തനിക്ക് പിണഞ്ഞ പിശകാണിതെന്ന് ആ മാഷ് തന്നെ രേഖാമൂലം അറിയിച്ചതിനെതുടര്‍ന്ന് യു.പി.എസ്.സി ടി തിരുത്ത് വരുത്താന്‍ എന്‍.ഡി.എയോട് ആവശ്യപ്പെട്ടു. സിങ് ഇതിനകം ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞതിനാല്‍ ഈ തിരുത്തല്‍രേഖകള്‍ എന്‍.ഡി.എ അങ്ങോട്ടയച്ചു. ബന്ധപ്പെട്ട ക്ളര്‍ക്കിന്‍െറ അശ്രദ്ധയാല്‍ അയച്ച കവറിങ് എന്‍വലപ്പിന്മേല്‍ 1950 എന്നുതന്നെ വീണ്ടും കുറിച്ചുപോയി. ഈ കവര്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചാണ് 40 കൊല്ലത്തിനു ശേഷം ഇപ്പോഴത്തെ ദേശീയ പുകില്‍. സാധാരണഗതിയില്‍ ആരും ചിരിച്ചുതള്ളുമായിരുന്ന ഈ ക്ളറിക്കല്‍ നോട്ടപ്പിശക് എങ്ങനെ രാജ്യംകണ്ട ഏറ്റവും മികച്ച സൈനികോദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കെണിയായി എന്നതാണ് ശരിയായ കഥ.
2006ലാണ് ജന്മത്തീയതി വിവാദത്തിന്‍െറ ബീജാവാപം. കരസേനയിലെ ഉന്നത സ്ഥാനങ്ങള്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാക്കാനെന്ന പദ്ധതി അന്നത്തെ തലവന്‍ ജെ.ജെ. സിങ് തയാറാക്കുന്നു. അതനുസരിച്ച് ജെ.ജെ.ക്കു ശേഷം ദീപക് കപൂര്‍, വി.കെ. സിങ്, ബിക്രം സിങ്, പട്നായിക്, അങ്ങനെയാവും ഊഴമുറ. ഒരു ചെറിയ പ്രശ്നം- വി.കെ. സിങ് രണ്ടു കൊല്ലത്തിലേറെ മൂപ്പന്‍ സ്ഥാനത്തിരുന്നാല്‍ ബിക്രം സിങ്ങിന് ആ കസേരയിലിരിക്കാനാവില്ല- ആള്‍ പെന്‍ഷനായിക്കഴിഞ്ഞിരിക്കും. പിന്നാലെയുള്ള പട്നായിക്കാവും പിന്നെ മൂപ്പന്‍. തന്‍െറ ശിങ്കിടിയായ ബിക്രമിനെ സഹായിക്കാന്‍ ജെ.ജെ. കരുക്കള്‍ നീക്കി. മിലിട്ടറി സെക്രട്ടറി അവ്ദേശ് പ്രകാശിന്‍െറ സഹായത്തോടെ വി.കെ. സിങ്ങിന്‍െറ പ്രായം കൂട്ടാനുള്ള പദ്ധതി. 2007 ഡിസംബറില്‍ പ്രതിരോധ മന്ത്രാലയം മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിനോട് സിങ്ങിന്‍െറ ജനനവര്‍ഷം 1950 ആക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. നാളിതുവരെ സര്‍വീസ് ബുക്ക് തൊട്ട് പ്രമോഷന്‍ നടപടികളില്‍വരെ സ്വീകരിച്ചുപോന്ന 1951 എന്ന തിയതി മാറ്റാന്‍! ഇതിനായി അയച്ച ഫയലില്‍ പക്ഷേ `enquiry not to be conducted' എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. എന്നുവെച്ചാല്‍ ഒരാളുടെ ജനനത്തീയതിയില്‍ നിര്‍ണായകമായ ഒരു പിഴവുണ്ടെങ്കില്‍ അത് അന്വേഷിക്കണ്ട, പകരം നമ്മുടെ സൗകര്യാര്‍ഥം തിരുത്തിയെടുത്താല്‍ മതിയെന്ന്! രാജ്യരക്ഷാ മന്ത്രിയുടെ കാര്യാലയമാണ് ഈ ഉഡായിപ്പ് കാണിക്കുന്നതെന്നോര്‍ക്കുക. ഇതുതന്നെയാണ് സിങ്ങിന്‍െറ കാര്യത്തില്‍ സ്വകാര്യതാല്‍പര്യങ്ങള്‍ കളിച്ചു എന്നതിന്‍െറ പ്രാഥമിക തെളിവ്.
ഈ ഫയല്‍വെച്ചാണ് ജെ.ജെ. സിങ് കളിച്ചത്. വി.കെ. സിങ്ങിനെ ടിയാന്‍ വിളിച്ചുവരുത്തുന്നു. സര്‍ക്കാറിന് അതൃപ്തി തോന്നാതിരിക്കാനും ഭാവി പ്രമോഷന്‍ അവതാളത്തിലാകാതിരിക്കാനും 1950നെ ജനനത്തീയതിയായി അംഗീകരിക്കുന്നു എന്ന് എഴുതിത്തരാനാവശ്യപ്പെടുന്നു. അനുസരണക്കേട് കാണിക്കാന്‍ പ്രയാസം- ഇത് ജനാധിപത്യ വേദിയല്ല, സൈനിക പരിവട്ടമാണ്. ‘ആര്‍മിയുടെ വിശാല താല്‍പര്യം മാനിച്ച് സേനാധികൃതര്‍ പറയുമ്പോലെ’ എന്നു മാത്രം വി.കെ. സിങ് എഴുതി. ബോസ് സംഘം തൃപ്തരായില്ല. തെളിച്ചുതന്നെ കാര്യമെഴുതണമെന്നായി. അങ്ങനെ വ്യക്തമായ സമ്മര്‍ദമുനയില്‍ സിങ് തന്‍െറ പ്രായം കൂട്ടിയെഴുതിക്കൊടുത്തു. അതനുസരിച്ച് സിങ്ങിനും സേനാപതിയാകാം- പക്ഷേ, രണ്ടു കൊല്ലത്തേക്കു മാത്രം. അതുകഴിഞ്ഞാല്‍ ബിക്രം സിങ്ങിനും കസേരയുറപ്പിക്കാം. വിസമ്മതിക്കുന്നപക്ഷം വയസ്സുതര്‍ക്കം കേസിലും വക്കാണത്തിലുമാവുകയും സിങ്ങിന്‍െറ സ്ഥാനക്കയറ്റം തടയുകയും ചെയ്തേനെ. അങ്ങനെ  തടയുന്നപക്ഷം രാഷ്ട്രീയ നേതൃത്വം തങ്ങള്‍ക്ക് തോന്നുന്നയാളെ മേധാവിയാക്കും- മുമ്പു പറഞ്ഞ സീനിയോറിറ്റി പദ്ധതി വെള്ളത്തിലാവും. ഇതാണ് ‘ആര്‍മിയുടെ വിശാലതാല്‍പര്യം’ എന്നു സൂചിപ്പിച്ചതിന്‍െറ പൊരുള്‍.
ജെ.ജെക്കു ശേഷം ദീപക് കപൂര്‍ വന്നു. ടിയാനും ഇതുപോലെ വി.കെ. സിങ്ങിനെ വിളിച്ചുവരുത്തി 1950 എന്ന് എഴുതി വാങ്ങി. അവിടാണ് ഉപജാപത്തിന്‍െറ രണ്ടാം ഗഡു. സിങ് അന്ന് ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡറാണ്. ഈ പ്രദേശത്താണ് കുപ്രസിദ്ധമായ സുക്ന ഭൂമികുംഭകോണം നടന്നത്. സ്വകാര്യ വിദ്യാഭ്യാസ വാണിഭക്കാര്‍ക്ക് സര്‍ക്കാര്‍ഭൂമി എഴുതിക്കൊടുത്ത് പട്ടാള ലോബി കാശടിച്ച സംഭവം. മിലിട്ടറി സെക്രട്ടറി അവ്ദേശ് പ്രകാശ് തന്നെയായിരുന്നു ഈ കുംഭകോണത്തിലെ മുഖ്യ കങ്കാണി. അയാള്‍ക്കെതിരെ കണ്ണടക്കാന്‍ വേണ്ടിയാണ് സിങ്ങിനെ വിളിച്ചുവരുത്തി ജനനത്തീയതി നാടകം വീണ്ടും കളിച്ചത്. ദീപക് കപൂറാവട്ടെ കരസേനാധിപ സ്ഥാനത്ത് കാലാവധി നീട്ടാന്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിവരികയുമായിരുന്നു.
വിരട്ടും സോപ്പുമൊന്നും ഗൗനിക്കാതെ വി.കെ. സിങ് തന്‍െറ (ഈസ്റ്റേണ്‍ കമാന്‍ഡിന്‍െറ) കീഴില്‍ നടന്ന കുംഭകോണം അന്വേഷിക്കാന്‍ ഉത്തരവിട്ടു. മേപ്പടി മിലിട്ടറി സെക്രട്ടറി അടക്കമുള്ളവര്‍ അങ്ങനെ കോടതി കേസിലായി, വിചാരണ നടക്കുന്നു. ദീപക് കപൂറിന് കാലാവധി നീട്ടിക്കിട്ടിയില്ല. പെന്‍ഷനായതിന്‍െറ മൂന്നാംപക്കം മുംബൈ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലെ പ്രധാന പ്രതികളിലൊരാളാവുകയും ചെയ്തു. സത്യത്തില്‍ രാജ്യം കണ്ട ഏറ്റവും അഴിമതിപൂരിതനായ സൈന്യാധിപനാണ് കപൂറെന്ന് പലവഴിക്കും തെളിഞ്ഞുവരികയുമാണ്. ഈ സാഹചര്യത്തില്‍ കരസേനാ മേധാവിയായ വി.കെ. സിങ്ങിന് വെല്ലുവിളികള്‍ കടുത്തതായിരുന്നു. പാടേ തകര്‍ന്ന സൈന്യത്തിന്‍െറ പ്രതിച്ഛായ ഒരുവശത്ത്. പല നിര്‍ണായക കസേരകളിലുള്ളവര്‍ ആയുധ ലോബിയുടെ ദല്ലാള്‍മാര്‍. സിങ് കര്‍ശന നിലപാടുകള്‍ വഴി പ്രതിച്ഛായ വീണ്ടെടുത്തു- വെറും ഒന്നാം കൊല്ലത്തില്‍. ആദര്‍ശ് കുംഭകോണത്തിലെ പട്ടാളക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി, ആര്‍മിയില്‍ ശുദ്ധികലശം. ആയുധ ദല്ലാള്‍മാര്‍ക്ക് മുഖമടച്ച മറുപടി. ഇങ്ങനെ മുന്നേറുന്ന ചുറ്റുപാടിലാണ് 2010ല്‍ പൊടുന്നനെ ഒരു വിവരാവകാശ അപേക്ഷയുടെ മറയില്‍ പഴയ ജനനത്തീയതി പ്രശ്നം വീണ്ടും പൊങ്ങുന്നത്. ഇവിടെയാണ് പ്രതിരോധ വകുപ്പിന്‍െറ കളി തുടങ്ങുന്നത്.
ജെ.ജെ.യും ദീപക് കപൂറും നാടകം വെച്ച് നടത്തിയപ്പോഴൊക്കെ പ്രതിരോധ വകുപ്പ് അനങ്ങാതിരുന്നു. തീരുമാനം ആര്‍മിയെടുക്കട്ടെ എന്നാണ് അന്നത്തെ വകുപ്പു സെക്രട്ടറി വിജയ് കുമാര്‍ എഴുതിയത്. അന്ന് ഭരണത്തിലിരിക്കുന്നവര്‍ക്ക് യോജിച്ച നയംതന്നെ- അഴിമതിയുടെ ല.സാ.ഗുവിലേക്ക് സൈന്യവും വന്നോട്ടെ. ശശികാന്ത് ശര്‍മ എന്ന വകുപ്പു സെക്രട്ടറി വന്നതോടെ പ്രതിരോധ വകുപ്പ് കളത്തിലിറങ്ങിക്കളിക്കാന്‍ തുടങ്ങുന്നു. കാരണം, സിങ്ങിനെക്കൊണ്ടുള്ള ‘ശല്യം’ കൂടിക്കഴിഞ്ഞു. ഒരു റിട്ട. ല്യൂട്ടനന്‍റ് ജനറല്‍ പൊതുമേഖലാ സ്ഥാപനത്തിലെ ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ് വഴി വിദേശത്തുണ്ടാക്കുന്ന ടാട്ര വണ്ടികള്‍ സൈന്യത്തിനായി ഇറക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കമ്പോള വിലയേക്കാള്‍ ഏതാണ്ട് ഇരട്ടിവിലക്ക് പ്രസ്തുത വണ്ടികള്‍ വാങ്ങിപ്പിക്കുകയും ഇടനിലക്കാശ് പിടുങ്ങുകയുമായിരുന്നു ലക്ഷ്യം. സിങ് ആ പദ്ധതി നിരാകരിച്ചു. ഇങ്ങനെ പല അസ്വസ്ഥതയും ബന്ധപ്പെട്ട ലോബികള്‍ക്കും പ്രതിരോധ വകുപ്പിലെ സാറന്മാര്‍ക്കും സമ്മാനിക്കുന്ന സേനാപതിയെ എങ്ങനെയും നിലത്തിറക്കേണ്ടേ?
പ്രതിരോധ വകുപ്പിന് എങ്ങനെയും 2012ല്‍ സിങ്ങിനെ പെന്‍ഷനാക്കി വിടണം. സര്‍വീസ് രേഖകള്‍വെച്ച് 2013ലേ പെന്‍ഷന്‍ പ്രായമെത്തൂ. പഴയ കവറിങ് എന്‍വലപ് ഉയര്‍ത്തിപ്പിടിച്ച് നിയമമന്ത്രാലയത്തോട് പ്രതിരോധ വകുപ്പ് അഭിപ്രായം തിരക്കി. കോടതിയില്‍ നിലനില്‍ക്കുന്ന രേഖകള്‍വെച്ചേ കളിക്കാവൂ എന്നായിരുന്നു ആദ്യം കിട്ടിയ മറുപടി. ആര്‍മി ആസ്ഥാനം ഈ കളിയെ നേരിടാന്‍ പുസ്തകത്തിലില്ലാത്ത ചില നമ്പറുകളെടുത്തു- മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ അഭിപ്രായം തേടിക്കൊണ്ട്. ന്യായാധിപന്മാര്‍ക്കെല്ലാം ഒരേ അഭിമതം- സിങ്ങിന്‍െറ പക്ഷത്താണ് നീതിയും നിയമപിന്തുണയുമെന്ന്. അതോടെ, പ്രതിരോധ വകുപ്പ് കൂടുതല്‍ മുറുകുന്നു. അറ്റോര്‍ണി ജനറലിനെക്കൊണ്ട് സിങ്ങിനെതിരായ ‘നിയമ’വാക്യമിറക്കിക്കുന്നു. ഈ കളി ഇത്രയും വഷളാകാന്‍ മൗനംകൊണ്ട് അനുവദിച്ചുപോന്ന വകുപ്പുമന്ത്രി  ആന്‍റണിയുടെ നിലപാടെന്താണ്?
ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് ആദര്‍ശധീരന്‍െറ വല്മീകം ഉടഞ്ഞുവീണത്. രാജ്യസഭയില്‍ എഴുതിക്കൊടുത്ത മറുപടിയില്‍ ടിയാന്‍ ഉവാച: ‘2006ല്‍ കോര്‍ കമാന്‍ഡറാക്കിയതും 2008ല്‍ ആര്‍മി കമാന്‍ഡറാക്കിയതും 2010ല്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫാക്കിയതും 1950 മേയ് 10 എന്ന ജനനത്തീയതി അനുസരിച്ചാണ്.’ വകുപ്പു സെക്രട്ടറി തൊട്ട് സിങ് വിരുദ്ധ ലോബികളെല്ലാം ഓതിക്കൊടുത്ത ദേശീയ നുണതന്നെ ആദര്‍ശധീരന്‍െറ പഥ്യവിഭവമെന്നു വ്യക്തം. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഇപ്പോഴത്തെ മിലിട്ടറി സെക്രട്ടറി ല്യൂട്ടനന്‍റ് ജനറല്‍ ജി.എം. നായര്‍ പ്രതിരോധ വകുപ്പിന് അയച്ച കത്തുകൂടി കേള്‍ക്കുക: ‘1996ല്‍ ബ്രിഗേഡിയറാക്കിയതും 2005ല്‍ ല്യൂട്ടനന്‍റ് ജനറലാക്കിയതും 1951 മേയ് 10 എന്ന ജനനത്തീയതി വെച്ചാണ്.
പ്രതിരോധ മന്ത്രിയുടെ പുകയും മറയും പൊളിയുന്നതിന്‍െറ രസം നില്‍ക്കട്ടെ. ഇത്ര നിര്‍ണായക പദവിയിലിരിക്കുന്ന ഒരാളുടെ വയസ്സിലെ പിശക് അന്വേഷിക്കാതെ തിരുത്താന്‍ എന്തുകൊണ്ട് പ്രതിരോധ വകുപ്പ് ഫയലില്‍ പ്രത്യേകമെഴുതി? പെറ്റിട്ട മിലിട്ടറി ആശുപത്രി രേഖ തൊട്ട് മുഴുവന്‍ സര്‍വീസ് രേഖയും പറയുന്ന തിയതിക്കെതിരെ ഒരു ക്ളര്‍ക്കിന്‍െറ കവറിങ് ലെറ്ററിനെ ഉയര്‍ത്തിപ്പിടിക്കുന്ന ശുംഭത്തത്തിന് മന്ത്രി എന്തിന് കൂട്ടുനില്‍ക്കുന്നു? അങ്ങനെയെങ്കില്‍ 40 കൊല്ലത്തെ സര്‍വീസിനിടെ ലഭിച്ച രാഷ്ട്രപതി കൊടുത്ത മൂന്ന് പരമോന്നത മെഡലുകള്‍ തൊട്ട് പ്രധാനമന്ത്രി അംഗീകരിച്ച ഓരോ പ്രമോഷനും (അതാണ് നിയമം) റദ്ദാക്കാന്‍ ധൈര്യം കാണിക്കാത്തതെന്ത്?
ജെ.ജെ. സിങ് തന്‍െറ ശിങ്കിടിയുടെ സ്ഥാനക്കയറ്റം ഉറപ്പാക്കാന്‍ തുടങ്ങിവെച്ച നാടകത്തെ ദീപക് കപൂര്‍ തന്‍െറ അഴിമതി റാക്കറ്റിനെ സംരക്ഷിക്കാനുള്ള കരുവാക്കി. ഒടുവിലിപ്പോള്‍ സൈന്യത്തിലെ ശുദ്ധികലശത്തില്‍ വെറളിപിടിച്ചിരിക്കുന്ന പ്രതിരോധ വകുപ്പിലെ ഉന്നത ബ്യൂറോക്രസി ‘പ്രതി’യെ ചുമന്നുമാറ്റാന്‍ അതേ നാടകത്തെ ആയുധമാക്കുന്നു. ഇങ്ങനെ അഞ്ചുകൊല്ലംകൊണ്ട് പല ലോബികള്‍ പലതരത്തില്‍ വസൂലാക്കുന്ന ഉപജാപക പദ്ധതിയുടെ ഇരയാണ് രാഷ്ട്രം പരംവിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ച വി.കെ. സിങ് എന്ന ജവാന്‍. ആരോടും എന്തു തറവേലയും കാണിക്കാന്‍ ഉളുപ്പില്ലാത്ത സര്‍വശക്തനായ ഗോലിയത്തിനോട് (മാധ്യമങ്ങളും അകമ്പടി) ഏകനായ ദാവീദ് ആത്മാഭിമാനത്തിനു വേണ്ടി മാത്രം പടവെട്ടുമ്പോള്‍ നമ്മുടെ സുപ്രസിദ്ധ ആദര്‍ശവേഷക്കാരനോടൊരു ചോദ്യം: അല്ലാ, എന്താ ഈ വേഷംകെട്ടുകൊണ്ട് മനുഷ്യര്‍ക്കുള്ള പ്രയോജനം?

http://www.madhyamam.com/news/121414/110925

Thursday, September 22, 2011

ചിദംബരത്തെ പുറത്താക്കണം; സിബിഐ അന്വേഷിക്കണം



2ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള പുതിയ രേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം രാജിവയ്ക്കേണ്ടതാണ്; ഒപ്പം സിബിഐ അന്വേഷണപരിധിയില്‍ ചിദംബരത്തിന്റെ പങ്കുകൂടി ഉള്‍പ്പെടുത്തണം. 1,76,643 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിനുണ്ടാക്കിയതും ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലുതുമായ ഈ മഹാകുംഭകോണത്തിന്റെ ഉത്തരവാദികളും ഗുണഭോക്താക്കളും ഒരു പ്രാദേശികപാര്‍ടിയുടെ മൂന്നാംനിര നേതാക്കന്മാരും കുറെ ഉദ്യോഗസ്ഥന്മാരും മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് യുപിഎ രാഷ്ട്രീയ നേതൃത്വം കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ പങ്ക് വെളിപ്പെട്ടത്; സംശയത്തിന്റെ സൂചി പ്രധാനമന്ത്രിയിലേക്കുകൂടി തിരിഞ്ഞത്. ഇടപാടില്‍ ക്രമക്കേടോ അഴിമതിയോ ഇല്ല എന്ന് വാദിച്ചിരുന്ന യുപിഎ നേതൃത്വം പ്രശ്നം കോടതി ഏറ്റെടുത്ത ഘട്ടത്തില്‍ മാത്രമാണ് നിസ്സഹായമായത്.

നിരവധിപേര്‍ ജയിലിലാവുന്ന അവസ്ഥയുണ്ടായപ്പോള്‍ , തങ്ങള്‍ക്ക് പങ്കില്ല എന്ന പ്രതീതി ജനിപ്പിക്കാനാണ് ചിദംബരവും ഡോ. മന്‍മോഹന്‍സിങ്ങും ശ്രമിച്ചത്. എന്നാല്‍ , ആ കള്ളം പൊളിയുകയാണ്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെ കേന്ദ്ര ധനകാര്യമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിലേക്കയച്ച കുറിപ്പ് നിസ്സാരവിലയ്ക്ക് സ്പെക്ട്രം ലൈസന്‍സുകള്‍ വിറ്റഴിക്കാന്‍ ചിദംബരം വഹിച്ച പങ്ക് മറനീക്കിക്കാട്ടുന്നു. ലേലത്തിലൂടെയല്ലാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമപ്രകാരം സ്പെക്ട്രം ലൈസന്‍സ് വില്‍ക്കുന്ന നടപടി അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം തടയാതിരുന്നതിലെ ദുരൂഹത ഈ രേഖയില്‍നിന്ന് വെളിവാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സ്പെക്ട്രം ലൈസന്‍സ് വില്‍പ്പനയുടെ അതേ നിരക്കില്‍തന്നെ മതി പുതിയ വില്‍പ്പനയും എന്ന് നിശ്ചയിച്ചത് ചിദംബരത്തിന്റെകൂടി പങ്കാളിത്തത്തോടെയാണ്. അത് ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നത് ചൂണ്ടിക്കാട്ടി എതിര്‍ക്കാന്‍ ചുമതലയുള്ള ചിദംബരം എന്തുകൊണ്ട് കമ്പനികള്‍ക്ക് ചുളുവിലയ്ക്ക് ലൈസന്‍സ് കരസ്ഥമാക്കുന്നതിന് അരങ്ങൊരുക്കിക്കൊടുത്തു? പരസ്യങ്ങളിലൂടെ പ്രഖ്യാപിച്ച അവസാന തീയതിക്ക് വളരെ മുമ്പ്, ഇഷ്ടക്കാരായ കമ്പനിയുടമകളുടെ അപേക്ഷകള്‍ മാത്രം സ്വീകരിച്ച് അപേക്ഷ വാങ്ങല്‍ നിര്‍ത്തിയതെന്തുകൊണ്ട്? ഇത് അറിഞ്ഞിട്ടും ചിദംബരം തടയാതിരുന്നതെന്തുകൊണ്ട്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന രേഖ. കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി രേഖാമൂലംതന്നെ മറ്റൊരു മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കൂട്ടുത്തരവാദിത്തത്തിന്റെ തകര്‍ച്ചയ്ക്ക് ഇതിനേക്കാള്‍ വലിയ തെളിവു വേണ്ട. ഒരേ മന്ത്രിസഭയില്‍ പ്രണബ് മുഖര്‍ജിയും ചിദംബരവും തുടരുന്നതിന് ഇനി എന്ത് രാഷ്ട്രീയ ന്യായീകരണമാണുള്ളത്? 2011 മാര്‍ച്ച് 25നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രണബ് മുഖര്‍ജിയുടെ കുറിപ്പ് കിട്ടുന്നത്. ധനമന്ത്രി വായിച്ച് അംഗീകരിച്ചത് എന്ന ആമുഖത്തോടെ തുടങ്ങുന്ന പതിനൊന്നുപേജുള്ള കുറിപ്പ് ധനകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പി ജി എസ് റാവു പ്രധാനമന്ത്രി കാര്യാലയത്തിലെ ജോയിന്റ് സെക്രട്ടറി വിനി മഹാജനാണ് കൈമാറിയത്. അത് കഴിഞ്ഞ് ആറുമാസമാകുന്നു. പ്രധാനമന്ത്രി എന്തുകൊണ്ട് ഇതിന്മേല്‍ ഒരു നടപടിയുമെടുക്കാതെ നിശബ്ദത പാലിച്ചു? ഉത്തരം കിട്ടേണ്ട പ്രസക്തമായ ചോദ്യമാണിത്. കാലാനുസൃതമായി സ്പെക്ട്രം ലൈസന്‍സിന്റെ വില ഉയര്‍ത്തരുത് എന്ന കാര്യത്തില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയും ധനമന്ത്രിയായിരുന്ന ചിദംബരവും അഭിപ്രായസമന്വയത്തിലെത്തിയിരുന്നുവെന്നാണ് കുറിപ്പില്‍നിന്ന് വ്യക്തമാവുന്നത്.


1,76,643 കോടി രൂപ ഖജനാവിന് നഷ്ടമാക്കിയ നിര്‍ണായക തീരുമാനം ഈ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്നിരിക്കെ എ രാജ ജയിലിലായ കേസില്‍ രാജയെ പ്രതിയാക്കിയ അതേ തീരുമാനത്തില്‍ പങ്കാളിയായ ചിദംബരം എങ്ങനെ മന്ത്രിസഭയില്‍ തുടരും? രാജയുടെ വഴിതന്നെ ചിദംബരത്തിന്റെ മുമ്പിലും തുറക്കപ്പെടേണ്ടതാണ് എന്നത് നീതിനിര്‍വഹണത്തില്‍ പുലരേണ്ട തുല്യതാ സങ്കല്‍പ്പം നിഷ്കര്‍ഷിക്കുന്നു. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന് പറയുന്നതിന് പ്രണബ് മുഖര്‍ജിയുടെ കുറിപ്പു മാത്രമല്ല അടിസ്ഥാനമാകുന്നത്. ചിദംബരം എല്ലാ തീരുമാനത്തിന്റെയും കൂട്ടുപങ്കാളിയായിരുന്നുവെന്ന് എ രാജ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രമന്ത്രിസഭയ്ക്കാണെന്ന് കോടതി മുമ്പാകെ മൊഴിനല്‍കിയ മുന്‍ ടെലികോം സെക്രട്ടറിയും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നയാളുമായ സിദ്ധാര്‍ഥ ബഹുറ ചിദംബരത്തിന്റെ "റോള്‍" എടുത്തുപറഞ്ഞിട്ടുണ്ട്. അന്നത്തെ ധനമന്ത്രാലയം വളരെ പെട്ടെന്ന് നിലപാട് തിരുത്തി പച്ചക്കൊടി കാട്ടിയത് ചിദംബരത്തിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്ന സൂചനയാണ് സിദ്ധാര്‍ഥ ബഹുറ നല്‍കുന്നത്. നയപരമായ തീരുമാനം മന്ത്രിമാര്‍ എടുത്തതാണെന്നും ആ തീരുമാനം നടപ്പാക്കുകമാത്രമാണ് ഉദ്യോഗസ്ഥനായ താന്‍ ചെയ്തതെന്നും ബഹുറ കോടതിയില്‍ പറഞ്ഞത് ചിദംബരത്തിന്റെ പങ്കിലേക്ക് വ്യക്തമായി വിരല്‍ചൂണ്ടുന്നു. 2007 ഡിസംബര്‍ 4ന് സ്പെക്ട്രം ലൈസന്‍സ് വിതരണത്തിന്റെ രീതി എന്താവണമെന്നത് ചര്‍ച്ചചെയ്തപ്പോള്‍ ധനസെക്രട്ടറിയായ സുബ്ബറാവുവിന്റെ നിര്‍ദേശം ചിദംബരമാണ് തള്ളിയതെന്ന് വ്യക്തമായിട്ടുണ്ട്. ലൈസന്‍സിന്റെ വിലനിരക്ക് പുതുക്കണമെന്ന നിര്‍ദേശമാണ് ചിദംബരം ഇടപെട്ട് പൊളിച്ചത്. ഖജനാവിന് വന്‍നഷ്ടമുണ്ടാക്കിയത് ആ വഴിക്കാണ്. സ്പെക്ട്രം ലൈസന്‍സ് നേടിയ സ്വാന്‍ എന്ന കമ്പനി എത്തിസലാത്തിനും യൂണിടെക് ടെലിനോറിനും ലൈസന്‍സ് മറിച്ചുവിറ്റു. വില്‍പ്പന ചിദംബരത്തിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ എന്ന നിലയില്‍ ഓഹരി കൈമാറുന്നതിനെ ലൈസന്‍സ് വില്‍പ്പനയായി കാണേണ്ടതില്ലെന്ന വാദംകൊണ്ട് ചിദംബരം ന്യായീകരിച്ചതായും വ്യക്തമായിട്ടുണ്ട്. ഇങ്ങനെ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ടായിട്ടും ചിദംബരത്തിനെതിരായി അന്വേഷണം വേണ്ടെന്ന നിലപാടാണ് സിബിഐയും കേന്ദ്രവും കൈക്കൊണ്ടത്. അന്വേഷിച്ചാല്‍ മന്‍മോഹന്‍സിങ് കൂടി പ്രതിക്കൂട്ടിലാവുമെന്ന ഭയമാണിതിനു പിന്നിലുള്ളത്. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചതിന് പിറ്റേന്നുതന്നെയാണ് പ്രണബ് മുഖര്‍ജിയുടെ കുറിപ്പ് പുറത്തുവന്നത്. പ്രതിപക്ഷത്തുനിന്നല്ല, സര്‍ക്കാരില്‍നിന്നുതന്നെ ചിദംബരത്തിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലെങ്കിലും സിബിഐ അന്വേഷണപരിധിയിലേക്ക് ചിദംബരത്തെ കൊണ്ടുവരണം; അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയും വേണം.

ദേശാഭിമാനി

Friday, September 16, 2011

പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണം



പെട്രോള്‍ വില ലിറ്ററിന് ശരാശരി 3.14 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അക്ഷരാര്‍ഥത്തില്‍ ജനങ്ങളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നികുതിയടക്കം 3.32 രൂപയാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാംതവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. 2010 ജൂണിലാണ് പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. വിലനിയന്ത്രണം ഒഴിവാക്കിയെങ്കിലും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണമെന്നായിരുന്നു ധാരണ. വിലനിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം കഴിഞ്ഞ 15 മാസത്തിനിടെ 11 തവണയാണ് പെട്രോളിന് വില വര്‍ധിപ്പിച്ചത്. മുമ്പൊക്കെ വിലവര്‍ധന ഒരു രൂപയോ അതില്‍താഴെയോ ആയിരുന്നു. 2010 ജൂണ്‍ 25ന് മൂന്നര രൂപ വര്‍ധിപ്പിച്ചു. സെപ്തംബര്‍ ഏഴിന് പത്തുപൈസ മാത്രമായിരുന്നു വര്‍ധന. 2011 മെയ് 14ന് അഞ്ചുരൂപ വര്‍ധിപ്പിച്ചു. ഇപ്പോള്‍ മൂന്നേകാല്‍ രൂപയും ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. 15 മാസത്തിനകം മൊത്തം വര്‍ധന 25 രൂപയില്‍ കൂടുതല്‍ . ജൂണ്‍ 25ന് ഡീസല്‍ വിലയും ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചു.

പാചകവാതകത്തിന്റെ വിലയിലും 50 രൂപ വര്‍ധനയുണ്ടായി. ഈ വിലവര്‍ധന ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നതനുസരിച്ച് പെട്രോള്‍വില വര്‍ധിക്കുമെന്നും കുറയുന്നതിനനുസരിച്ച് ആഭ്യന്തരവിപണിയില്‍ വില കുറയ്ക്കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ , അസംസ്കൃത എണ്ണയുടെ വില 86 ഡോളറായി കുറഞ്ഞിട്ടും ആഭ്യന്തരവിപണിയില്‍ വില കുറച്ചില്ല. രണ്ടാഴ്ചമുമ്പ് പെട്രോള്‍വില ഒന്നര രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ പെട്രോള്‍ വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് മൂന്നേകാല്‍ രൂപയോളം വര്‍ധിപ്പിച്ചത്. പെട്രോളിന്റെ വിലവര്‍ധനയില്‍ ഗണ്യമായ ഭാഗം കേന്ദ്ര-സംസ്ഥാന നികുതിയാണ്. നികുതിയില്‍ സിംഹഭാഗവും കേന്ദ്രസര്‍ക്കാരാണ് കൈക്കലാക്കുന്നത്. നികുതി ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞതവണ നികുതി വേണ്ടെന്ന് തീരുമാനിച്ചു. ഇത്തവണ വില വര്‍ധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് പ്രതികരണമൊന്നും ഉണ്ടായതായി കാണുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 111 ഡോളറാണെന്നാണ് സ്വകാര്യ എണ്ണക്കമ്പനിക്കാര്‍ പറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മുഖ്യമായും ഡീസലാണ് വില്‍പ്പന നടത്തുന്നത്. ഈ കമ്പനികള്‍ക്ക് 2450 കോടി രൂപ നഷ്ടമുള്ളതായി പറയുന്നുണ്ട്. ഇത്തരം നഷ്ടത്തിന്റെ കണക്കുകളൊന്നും ശരിയല്ല. കമ്പനികളുടെ ലാഭനഷ്ടക്കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് മനസിലാകും. നഷ്ടത്തിന്റെ കണക്ക് ജനങ്ങളെ വഞ്ചിക്കാന്‍ കെട്ടിച്ചമച്ചതാണെന്ന ആക്ഷേപം മുമ്പുതന്നെ ഉയര്‍ന്നുവന്നതാണ്. ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത് രൂപയുടെ മൂല്യശോഷണമാണ്. രൂപയുടെ മൂല്യശോഷണം ഒരു താല്‍ക്കാലിക പ്രതിഭാസംമാത്രമാണെന്ന് കഴിഞ്ഞകാല അനുഭവം വ്യക്തമാക്കുന്നുണ്ട്.

യഥാര്‍ഥത്തില്‍ പെട്രോളിന്റെ വില വര്‍ധിപ്പിക്കാന്‍ ഒരു പുതിയ കാരണം കണ്ടെത്തുകയാണ് സ്വകാര്യ എണ്ണക്കമ്പനികള്‍ ചെയ്തിരിക്കുന്നത്. ഒരു പരിശോധനയുമില്ലാതെ, ചര്‍ച്ചയില്ലാതെ തോന്നുമ്പോള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കാന്‍ സ്വകാര്യ കോര്‍പറേറ്റ് മാനേജ്മെന്റുകളെ അനുവദിച്ചിരിക്കുകയാണ്. റിലയന്‍സ് കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരം കമ്പനികള്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . നരസിംഹറാവുവിന്റെ സര്‍ക്കാരിന് പിന്തുണ ലഭിക്കാന്‍}ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ എംപിമാര്‍ക്ക് പണം നല്‍കിയതായി അന്നുതന്നെ വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ അത് പരസ്യമായിത്തന്നെ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിരിക്കുന്നു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പണം നല്‍കിയത് സത്യമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. അന്ന് അതിന് ഒത്താശചെയ്ത സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് അറസ്റ്റിലായി. ഇപ്പോള്‍ താല്‍ക്കാലിക ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. എംപിമാര്‍ക്ക് പണം നല്‍കി കൂറുമാറ്റുന്നതിനെതിരെയുള്ള സിബിഐ അന്വേഷണം മൂന്നു വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. സുപ്രീംകോടതി ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതും അമര്‍സിങ്ങും മറ്റുചിലരും അറസ്റ്റിലായതും. കൂറുമാറാന്‍ എംപിമാര്‍ക്കും വോട്ടുചെയ്യാന്‍ സമ്മതിദായകര്‍ക്കും തങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്ത തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും (പെയ്ഡ് ന്യൂസ്) നല്‍കാന്‍ കോണ്‍ഗ്രസിന് ഇത്രയധികം പണം എവിടെനിന്ന് കിട്ടുന്നുവെന്ന ചോദ്യം പ്രസക്തമാണ്. അധികാരം ഉറപ്പിക്കാന്‍ പണം നല്‍കുകയും അധികാരം ലഭിച്ചാല്‍ കുത്തകക്കാരില്‍നിന്ന് ശതകോടികള്‍ കോഴയായി വാങ്ങുകയുംചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടാന്‍ ഒരു വൈമനസ്യവും ഉണ്ടായില്ല. പെട്രോളിന്റെ വില വര്‍ധിപ്പിച്ചതിന് ഒരു ന്യായീകരണവുമില്ല. വില കുറയ്ക്കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ പരിശോധിക്കാന്‍ പോലും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് പണപ്പെരുപ്പം 9.78 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പറയുന്നത് ചീത്തയായ വാര്‍ത്ത എന്നുമാത്രമാണ്.

പണപ്പെരുപ്പം രണ്ടക്കസംഖ്യയിലെത്താന്‍ ഇനി താമസമില്ല. നിത്യോപയോഗവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. രൂപയുടെ മൂല്യം ശോഷിച്ചു. വ്യാവസായിക ഉല്‍പ്പാദനം 3.3 ശതമാനമായി കുറഞ്ഞു. എല്ലാ മേഖലയിലും തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്. ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളോടൊപ്പം കുതിച്ചുമുന്നേറുന്നു എന്നുപറയുന്ന ഇന്ത്യയുടെ നില ഇതാണ്. രണ്ടാം യുപിഎ സര്‍ക്കാരിന് അഴിമതി നടത്തി ധനം സമ്പാദിക്കാനല്ലാതെ മറ്റൊന്നിനും സമയമില്ല. ഈ ദുഃസ്ഥിതിക്ക് പരിഹാരംകണ്ടേ മതിയാകൂ. പെട്രോളിന്റെ വിലവര്‍ധന ഉടന്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം അഴിമതിവിരുദ്ധ സമരംപോലുള്ള ബഹുജനമുന്നേറ്റം ഉയര്‍ന്നുവരണം. വിലവര്‍ധന നടപ്പാക്കിയ ഉടന്‍തന്നെ വിവിധ വിഭാഗം ജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങള്‍ ലാത്തിയും തോക്കും ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന ധാരണ ആര്‍ക്കും വേണ്ട.

ദേശാഭിമാനി മുഖപ്രസംഗം

Thursday, September 15, 2011

My Photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. മുന്‍ ധനകാര്യമന്ത്രി (2006-2011).
വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...
സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി അഴിമതി ഉയര്‍ന്നു വന്നിരിക്കുകയാണ്. അണ്ണാ ഹസാരെയുടെ സമരം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇനിയും തുടരുമെന്നു തീര്‍ച്ചയാണ്. പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അഴിമതി സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിസ്ഥാനത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്. ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ പ്രതിപ്പട്ടികയിലെങ്ങുമില്ല. ഈ മൂവരുടെയും അഴിമതി മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കു നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തിലെ ഈ പ്രതിഭാസത്തെക്കുറിച്ച് സാമാന്യം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അഴിമതി പര്‍വം എന്ന പേരില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് ഞാന്‍. ഈ ഗ്രന്ഥം തീരുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുത്തേയ്ക്കാം. ഓരോ അധ്യായവും തീരുന്ന മുറയ്ക്ക് ബ്ലോഗില്‍ അപ്‍ലോഡു ചെയ്യും. ആമുഖവും ഉപസംഹാരവും മാത്രമാണ് സൈദ്ധാന്തികമായ വിശകലനത്തില്‍ ഊന്നുന്നത്. ബാക്കിയെല്ലാ അധ്യായങ്ങളും അഴിമതികളെക്കുറിച്ചുളള ഉദാഹരണ പഠനങ്ങളാണ്. ഇവയില്‍ പലതിനെക്കുറിച്ചും നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും കൂടുതല്‍ ആഴത്തില്‍ അറിവുണ്ടാകും.

നിങ്ങളുടെ കമന്‍റുകള്‍, തിരുത്തലുകള്‍, നുറുങ്ങു കഥകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഇവയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗ്രന്ഥത്തിന് അവസാനരൂപം നല്‍കുമ്പോള്‍ ഇവയില്‍ സ്വീകാര്യമായതെല്ലാം പൂര്‍ണ ക്രെഡിറ്റു നല്‍കിക്കൊണ്ട് ഉള്‍ക്കൊളളിക്കുന്നതാണ്. ഈ ഗ്രന്ഥം നമ്മുടെ ഒരു കൂട്ടായ പ്രവര്‍ത്തനമാകട്ടെ.

ആമുഖ അധ്യായം ഇവിടെ

Wednesday, September 14, 2011

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

അധ്യായം ഒന്ന്

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ടാം വയസില്‍ ഗൗതം അദാനി ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയത്. കൈയിലുണ്ടായിരുന്നത് ഏതാനും നൂറു രൂപാ നോട്ടുകള്‍. മഹീന്ദ്രാ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ വജ്രം ഇനം തിരിയ്ക്കുന്ന തൊഴിലാളിയായി തുടങ്ങിയ അദാനിയ്ക്ക് ഇപ്പോള്‍ വയസ് 49. ഇതിനിടെ കൈക്കലാക്കിയത് അമ്പതിനായിരം കോടി രൂപയുടെ സ്വത്ത്. വെറും 31 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ആറാമനായി വളര്‍ന്നു, ഈ കേമന്‍. തലമുറകളായി ശതകോടീശ്വരപദവിയില്‍ വിഹരിക്കുന്ന ബിര്‍ലാ കുടുംബം പോലും ഇന്ന് അദാനിക്ക് കാതങ്ങള്‍ പിന്നിലാണ്. ഒറ്റവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ സ്വത്ത് സ്വരുക്കൂട്ടിയ ബിസിനസുകാരന്‍ എന്ന ബഹുമതി 2011ല്‍ അദാനിയ്ക്കായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് അദാനി സമ്പത്ത് ഇരട്ടിയാക്കി പെരുപ്പിച്ചപ്പോള്‍ അസിം പ്രേംജി (വിപ്രോ), രാഹുല്‍ ബജാജ് (ബജാജ്) സുനില്‍ മിത്തല്‍ (ഭാരതി എയര്‍ടെല്‍) തുടങ്ങിയ വമ്പന്മാരാണ് പുറകിലായത്.
 

ഈ അത്ഭുത വളര്‍ച്ചയുടെ അമ്പരപ്പു മുഴുവന്‍ രണ്ടുവരി കണക്കില്‍ അടക്കം ചെയ്യാം. 2008 ഡിസംബര്‍ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുളള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപ. 2009 ഡിസംബര്‍ 31 ആയപ്പോഴേയ്ക്കും ഈ സ്വത്തിന്റെ മൂല്യം പെരുകിക്കയറിയത് 46,605 കോടിയിലേയ്ക്കാണ്. വളര്‍ച്ചയ്ക്കുളള ഊര്‍ജം മുഴുവന്‍ ഗൗതം അബാനി വലിച്ചെടുത്തത് സാക്ഷാല്‍ നരേന്ദ്രമോഡിയുമായുളള സൗഹൃദത്തില്‍ നിന്നാണ്. സര്‍വശക്തനായ ഈ ബിജെപി മുഖ്യമന്ത്രിയുമായുളള ചങ്ങാത്തമാണ് എണ്‍പതുകളില്‍ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ സമ്പത്തിന്റെ ഗോപുരമുകളിലെത്തിച്ചത്. 

ഗൗതം അദാനി വളര്‍ന്നു പടര്‍ന്നതെങ്ങനെ?
1988ല്‍ അഞ്ചു ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കം. ഇന്ന് അദാനി സാമ്രാജ്യത്തിന്റെ പതാകയാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 260 ബില്യണ്‍ രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമ, ഏറ്റവും വലിയ ബഹുമുഖ സെസിന്റെ സംരംഭകന്‍ എന്നിവ അദാനി കൈക്കലാക്കിയ ബഹുമതികളില്‍ ചിലതു മാത്രമാണ്. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ആഗോള വ്യാപാരം, എണ്ണയും പ്രകൃതി വാതകവും, ഖനനം, വൈദ്യുതി, തുടങ്ങി നിക്ഷേപിക്കുന്ന പണം പലമടങ്ങു പെരുക്കുന്ന ഏതാണ്ട് എല്ലാ മേഖലയിലും അദാനിയുടെ സാന്നിദ്ധ്യമുണ്ട്.


ഉദാരവത്കൃത ഇന്ത്യയുടെ ഉല്‍പന്നമാണ് ഈ ശതകോടീശ്വരന്‍. 1991ല്‍ മന്‍മോഹന്‍ സിംഗ് വീശിയ ഉദാരവത്കരണത്തിന്റെ മാന്ത്രിക വടിയാണ് ഗൗതം അദാനിമാരെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ അതിനും മൂന്നു വര്‍ഷം മുമ്പ് 1988ല്‍ അദാനി എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്‌സ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ പിവിസി ഇറക്കുമതി ചെയ്യുമ്പോള്‍ അദാനി സാക്ഷാല്‍ റിലയന്‍സിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുളള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.
 

ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ കാലത്താണ് മുണ്ഡ്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25000 ഏക്കര്‍ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവര്‍ഷത്തിനുളളില്‍ നൂറു മടങ്ങിന്റെ മൂല്യവര്‍ദ്ധന.
 

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുളള വഴിയും അദാനി സ്വയം വെട്ടി. തുറമുഖത്തിലേയ്ക്കുളള ഗതാഗതസൗകര്യം സര്‍ക്കാര്‍ ഏറ്റിരുന്നതാണെങ്കിലും പണി വൈകി. 250 കോടി ചെലവില്‍ 64 കിലോ മീറ്റര്‍ റെയില്‍പാത സ്വയം നിര്‍മ്മിച്ചുകൊണ്ട് അദാനി സര്‍ക്കാരിനെ 'സഹായിച്ചു'. സര്‍ക്കാര്‍ ദൈവമൊന്നുമല്ലെന്നും കഴിയുന്നതെല്ലാം സ്വന്തമായി ചെയ്യുക എന്നതാണ് തന്റെ സിദ്ധാന്തമെന്നും ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ അദാനി വ്യക്തമാക്കി.

അതുകൊണ്ടാണ് 4000 കിലോമീറ്റര്‍ അകലെയുളള ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കല്‍ക്കരി കൊണ്ടുവരാന്‍ അദ്ദേഹം നിശ്ചയിച്ചത്. ഇന്ത്യന്‍ റെയില്‍വെ വഴി 1000 മീറ്റര്‍ കല്‍ക്കരി കടത്തുന്നതിനെക്കാള്‍ ചെലവു കുറവ് അതിനാണെന്ന് ബുദ്ധിമാനായ അദാനി തിരിച്ചറിഞ്ഞു. ഇന്തോനേഷ്യയില്‍ ഒരു കല്‍ക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ട്രയില്‍ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തില്‍ സ്ഥാപിച്ചു. മുണ്ട്ര തുറമുഖം റെയില്‍വേയില്‍ നിന്ന് 40 മൈല്‍ അകലെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യറെയില്‍വേയും അദാനി സ്ഥാപിച്ചു.
ഇന്ത്യയില്‍ തന്ത്രപരമായ സ്ഥാനങ്ങളില്‍ വൈദ്യുതി നിലയങ്ങള്‍ അതിവേഗതയില്‍ സ്ഥാപിക്കുകയാണ് അദാനി. ഇന്തോനേഷ്യയിലെ ഖനി കൂടാതെ ആസ്‌ട്രേലിയയിലെ ഒരു കല്‍ക്കരി ഖനി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തു. 9000 കോടി രൂപയുടെ മുടക്കുമുതല്‍.


ഒമ്പതുമാസത്തിനിടെ വിദേശത്ത് അദാനി ഗ്രൂപ്പ് നടത്തിയ മൂന്നാമത്തെ വന്‍കിട സംരംഭമാണിത്. ആസ്‌ട്രേലിയയിലെ തന്നെ ലിങ്ക് എനര്‍ജിയുടെ കല്‍ക്കരി ഖനി 12,600 കോടി രൂപയ്ക്ക് 2010 ആഗസ്റ്റില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 165 കോടി ഡോളറിന് ഇന്തോനേഷ്യയിലെ വിദേശത്തെ മൂന്നാമത്തെ സംരംഭമാണിത്. കല്‍ക്കരിക്ക് സ്വന്തം ഖനികള്‍, ചരക്കുകടത്തിന് സ്വന്തം കപ്പലും തുറമുഖവും റെയില്‍വേയും, വൈദ്യുതി യന്ത്രങ്ങള്‍ക്ക് മുണ്ട്ര സെസില്‍ ഫാക്ടറികള്‍, എല്ലാം ഒത്തുചേരുന്ന അദാനി ഇന്ത്യയിലെ ഏറ്റവും ഉദ്ഗ്രഥിത വൈദ്യുതി കമ്പനിയാണ്.
ഇതിനുളള പണമെല്ലാം അദാനിയുടെ പൂര്‍വികരോ അദ്ദേഹം തന്നെയോ സമ്പാദിച്ചതല്ല. 25000 ഏക്കറിന്റെ തുറമുഖവും സെസ് പദവിയും കാണിച്ചാല്‍ എവിടെ നിന്നാണ് വായ്പ കിട്ടാന്‍ പ്രയാസം? പോരാത്തതിന് മോഡിയുടെ പിന്തുണയും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലേയ്ക്ക് മോഡി ഇന്ത്യയിലെ ശതകോടീശ്വരന്മാരെയെല്ലാം ക്ഷണിച്ചു. അംബാനിമാരും ടാറ്റമാരുമെല്ലാം എത്തിച്ചേര്‍ന്നു. പക്ഷേ, മോഡിയുടെ ഏറ്റവും അടുത്ത് ഇരിപ്പടം ലഭിച്ചത് അദാനിയ്ക്കായിരുന്നു. ഗുജറാത്തില്‍ നടത്താന്‍ പോകുന്ന ഏതാണ്ട് 90,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി അവിടെ വെച്ച് പ്രഖ്യാപിച്ചു. കോടീശ്വരന്മാരും മോഡിയും തമ്മിലുളള വിശേഷബന്ധത്തിന്റെ പ്രഖ്യാപനമായി മാറി ഈ ഉന്നതതല സമ്മേളനം.
അദാനിയുടെ നിശിത വിമര്‍ശകനാണ് കച്ചിലെ റാപ്പാര്‍ കോണ്‍ഗ്രസ് എംഎല്‍എയായ ബാബു മേഘ്ജി ഷാ. അദ്ദേഹം ചോദിക്കുന്നു, ''ആരാണ് അയാളെ പണക്കാരനാക്കിയത്? ഗുജറാത്ത് സര്‍ക്കാരാണ് അദാനിയെ പണക്കാരനാക്കിയത്''. നാമമാത്ര നഷ്ടപരിഹാരം മാത്രം കിട്ടിയ കൃഷിക്കാര്‍, തുറമുഖം വന്നതോടെ മത്സ്യവിഭവശോഷണത്തില്‍ വലയുന്ന മത്സ്യത്തൊഴിലാളികള്‍ എന്നിവരൊക്കെ എംഎല്‍എയുടെ കൂടെയാണ്. പക്ഷേ, അദാനിയ്‌ക്കൊരു കുലുക്കവുമില്ല. ''സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ പിന്തുണയും അനുഗ്രഹവുമില്ലാതെ ഒരുവലിയ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കാനാവില്ല. മുഖ്യമന്ത്രി ആരായാലും അദ്ദേഹവുമായി യോജിച്ചു പ്രവര്‍ത്തിച്ചേ പറ്റൂ'' എന്നാണ് അദാനിയുടെ ന്യായം.
രണ്ടു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ആറാമത്തെ ശതകോടീശ്വരനായി വളര്‍ന്ന അദാനിയുടെ ജീവിതകഥയുടെ രത്‌നച്ചുരുക്കമാണിത്. ശതകോടീശ്വരപ്പട്ടികയിലെ എട്ടാം സ്ഥാനക്കാരനായ ഭാരതി ടെലിക്കോമിനെക്കുറിച്ചോ ഒമ്പതാം സ്ഥാനക്കാരനായ അനില്‍ അഗര്‍വാളിന്റെ വേദാന്തയെക്കുറിച്ചോ ജെറ്റ് എയര്‍വെയ്‌സിനെക്കുറിച്ചോ ഇന്‍ഫോസിസിനെ കുറിച്ചോ എന്തിന് വിപ്രോയെക്കുറിച്ചു പോലുമോ ഉദാരവത്കരണകാലത്തിനു മുമ്പ് ആരും കേട്ടിരുന്നില്ല. ഇവരെല്ലാവരും അദാനിയുടെ മാര്‍ഗത്തിലൂടെയാണ് വളര്‍ന്നത് എന്നല്ല പറയുന്നത്. ഇന്‍ഫോസിസ്, ജെറ്റ് എയര്‍വെയ്‌സ്, ഭാരതി തുടങ്ങിയവയെല്ലാം പുതിയ കാലഘട്ടത്തില്‍ അതിവേഗം വളര്‍ന്ന വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. അങ്ങനെ ഇന്ത്യയിന്ന് അറിയപ്പെടുന്നത് ശതകോടീശ്വരന്മാരുടെ രാജ്യങ്ങളിലൊന്നായാണ്.
ശതകോടീശ്വരന്മാരുടെ ഭാരതം
2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് ഡോളറിലുളള കണക്ക്. രൂപയിലാക്കുമ്പോള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അയ്യായിരത്തിലേറെ കോടിയുടെ സ്വത്തെങ്കിലുമുണ്ടാകും. ഈ കുബേരന്മാരുടെ എണ്ണം 2009-ല്‍ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു, ശതകോടീശ്വരന്‍മാരുടെ സ്വത്ത്. 2005-ല്‍ അത് 4 ശതമാനമായും 2010-ല്‍ 31 ശതമാനമായും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം ഇന്ത്യയുടെ വരുമാനത്തിന്റെ 31 ശതമാനം 69പേരുടെ കയ്യിലാണെന്നല്ല. അവരുടെ സ്വത്ത് ദേശീയവരുമാനത്തിന്റെ 31 ശതമാനം വരുമെന്നാണ്. ദേശീയവരുമാനം വളരുന്നതിനെക്കാള്‍ വളരെ വേഗതയില്‍ അവരുടെ സ്വത്തു കുമിഞ്ഞു കൂടുന്നു.
ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30000 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്!
ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും വലിയ കുബേരന്‍ വിദേശ ഇന്ത്യക്കാരാനായ ലക്ഷ്മി മിത്തലാണ്: 3100 കോടി ഡോളര്‍. ലോക റാങ്കിംഗില്‍ മിത്തല്‍ രണ്ടാം സ്ഥാനക്കാരനാണ്. അദ്ദേഹത്തിന്റെ മിത്തല്‍ ആര്‍സലോണ്‍ എന്ന കമ്പനിയുടെ 2010ലെ ലാഭം 290 കോടി ഡോളറാണ്. ലണ്ടനില്‍ 2012ല്‍ നടക്കേണ്ടുന്ന ഒളിമ്പിക്‌സിന്റെ അഭിമാനസ്തംഭമായി ഉയര്‍ത്തിയിട്ടുളള ആഴ്‌സലോ മിത്തല്‍ ഓര്‍ബിറ്റ് എന്ന ടവര്‍ ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ടവറാണ്.
മിത്തല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനിയാണ്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനം. ആറുപേരടങ്ങുന്ന കുടുംബത്തിനു താമസിക്കാന്‍ അദ്ദേഹം 27 നിലയില്‍ 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള ഒരു വീടു മുംബെയില്‍ പണിതിട്ടുണ്ട്. ഹെലിപാഡുകള്‍, കൃത്രിമ മഞ്ഞു നിറഞ്ഞ ഐസ് റൂം. വിശാലമായ സിനിമാ തീയേറ്റര്‍. വിശാലമായ പൂന്തോട്ടം, കൃഷ്ണഭഗവാന് താമരക്കുളത്തോടു കൂടിയ ഒരമ്പലവും ആന്റില എന്ന ഈ സമുച്ചയത്തിലുണ്ട്. ഗ്രീക്ക് മിഥോളജിയിലെ ഒരു ദ്വീപിന്റെ പേരാണിത്. 600 ജോലിക്കാരാണ് അടിച്ചു വാരാനും മറ്റുമുളളത്. 70 ലക്ഷം രൂപയാണ് 2010 സെപ്തംബര്‍ മാസത്തെ വൈദ്യുതി ബില്ല്. ധാരാളിത്തത്തിന്റെ അറപ്പുളവാക്കുന്ന ഈ വീടിന്റെ പാലുകാച്ചല്‍ ആഘോഷത്തില്‍ പങ്കെടുത്ത ശോഭാ ഡേ ബിബിസിയോടു പറഞ്ഞത്, ''ടാജ്മഹാള്‍ ലോകാത്ഭുതങ്ങളിലൊന്നാണ്. ഇത് ആധുനിക ഇന്ത്യയുടെ ഒരു മഹാത്ഭുതമാണ് എന്നെനിക്കുറപ്പുണ്ട്''.
കോടീശ്വരന്മാരുടെ താഴെ ലക്ഷപ്രഭുക്കളുണ്ട്. അവരെ സംബന്ധിച്ചും കണക്കുകള്‍ ലഭ്യമാണ്. ബാങ്കുപോലുളള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം അതിസമ്പന്നരുടെ അക്കൗണ്ട് കരസ്ഥമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ അവര്‍ക്കു ചെയ്തു കൊടുക്കാറുണ്ട്. അത്യാഡംബര ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ ഇവരുടെ കണക്കെടുക്കാറുണ്ട്. ഏറ്റവും അംഗീകാരമുളള നിര്‍വചനം അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷന്റേതാണ്. ഒരു ദശലക്ഷം ഡോളര്‍ അഥവാ അമ്പതു കോടി രൂപയെക്കാള്‍ കൂടുതല്‍ നിക്ഷേപയോഗ്യമായ ഫണ്ടോ ആസ്തിയോ ഉളളയാളെ അതിസമ്പന്നന്‍ (high networth individuals) എന്നും 30 ദശലക്ഷം ഡോളര്‍ അഥവാ 1500 കോടി രൂപയെക്കാള്‍ കൂടുതല്‍ ഉളളയാളെ അത്യതി സമ്പന്നന്‍ (ultra high networth individuals) എന്നും വിളിക്കുന്നു.
ലോകത്താകെ 80,000 അത്യതി സമ്പന്നന്മാരാണുളളത്. ഓരോരുത്തര്‍ക്കും ശരാശരി 8 കാറുകള്‍, മൂന്നോ നാലോ വീടുകള്‍, ഏതാണ്ട് എല്ലാവര്‍ക്കും വിനോദനൗകകള്‍, മുക്കാല്‍ പങ്കിനും സ്വന്തം ജെറ്റ് എയര്‍വെയ്‌സ് ഒക്കെയുണ്ട്.
മെരില്‍ ലിഞ്ച് വെല്‍ത്ത് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടു പ്രകാരം 2011ല്‍ ലോകത്താകെ 10.9 ലക്ഷം അതിസമ്പന്നന്മാരാണുളളത്. ഇന്ത്യയില്‍ ഇവരുടെ എണ്ണം 1,53,000 വരും. ലോകത്തെ അതി സമ്പന്നരുടെ 1.4 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിലുളളൂ. ഭൂരിപക്ഷവും അമേരിക്കയിലും ജപ്പാനിലും ജര്‍മ്മനിയിലുമാണ് (53 ശതമാനം). പക്ഷേ, അതിവേഗം ഇന്ത്യയുടെ വിഹിതം ഉയരുമെന്നു തീര്‍ച്ചയാണ്. 2005ല്‍ ഇന്ത്യയില്‍ 70,000 അതിസമ്പന്നരേ ഉണ്ടായിരുന്നുളളൂ. ലോകത്തെ അതിസമ്പന്നരുടെ എണ്ണം 2005നും 2011നുമിടയില്‍ 31 ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അവരുടെ എണ്ണം 118 ശതമാനം ഉയര്‍ന്നു. 2011ല്‍ ഇവരുടെ മൊത്തം ആഗോള നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 2000 ലക്ഷം കോടി വരും. ഇന്ത്യയിലെ അതിസമ്പന്നരുടെ നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 65 ലക്ഷം കോടി രൂപ വരും.
കൊടാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ഏജന്‍സി, ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയെക്കാള്‍ കൂടുതല്‍ അസല്‍ ആസ്തിയുളളവരെയാണ് സമ്പന്ന ഗണത്തില്‍ അവര്‍ പെടുത്തിയിരിക്കുന്നത്. 2011ല്‍ ശരാശരി 75 കോടി വീതമുളള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2016 ആകുമ്പോഴേയ്ക്കും ഇവരുടെ എണ്ണം ശരാശരി 100 കോടി രൂപ വീതമുളള 2,19,000 ആയി വര്‍ദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇവരുടെ മൊത്തം സ്വത്ത് 45 ലക്ഷം കോടിയില്‍ നിന്ന് 235 ലക്ഷം കോടി ആയി ഉയരും. ഇവരുടെ വരുമാനത്തിന്റെ 20 ശതമാനം ആഡംബര ചെലവുകള്‍ക്കായും 30 ശതമാനം സ്വന്തം ബിസിനസ് മേഖലയിലെ റീ ഇന്‍വെസ്റ്റ്‌മെന്റിനായും 20 ശതമാനം മറ്റ് പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നതിനുമാണ് ചെലവഴിക്കുന്നത്. ഈ പുതുമേഖലയില്‍ 37 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. ഡല്‍ഹിയില്‍ ഈ തോത് 50 ശതമാനം വരും. 33 ശതമാനം ഷെയറിലും 20 ശതമാനം വായ്പയും ഡെപ്പോസിറ്റുമാണ്. 9 ശതമാനം സ്വര്‍ണം, പെയിന്റിംഗുകള്‍, സ്റ്റാമ്പുകള്‍ അപൂര്‍വശേഖരങ്ങള്‍ എന്നിവയിലാണ്.
ഇവരുടെ ആഡംബര ആഭരണക്കമ്പോളം 2015ല്‍ 22900 കോടി രൂപയുടേതായിരിക്കും. ആഡംബര കാറുകളുടേത് 15000 കോടി രൂപയുടേതായിരിക്കും. ഇവരുടെ ആഡംബരക്കമ്പോളം ലക്ഷ്യമിട്ടു കൊണ്ടുളള കടകള്‍ മെട്രോ നഗരങ്ങളുടെ പുതിയ നിക്ഷേപ മേഖലയായിട്ടുണ്ട്. ഈ സമ്പന്നരുടെ ഏറ്റവും പ്രധാന ഹോബി വിനോദ സഞ്ചാരമാണ്. ഭൂരിപക്ഷവും പ്രതിവര്‍ഷം ശരാശരി 2 തവണയെങ്കിലും ഇവര്‍ ഇപ്രകാരമുളള വെക്കേഷനുകള്‍ക്ക് പോകും. 15-20 ശതമാനം പേര്‍ മൂന്നോ അതിലേറെയോ തവണ വിനോദ സഞ്ചാരത്തിനു പോകും.
കുത്തക കുടുംബങ്ങളുടെ വളര്‍ച്ച
പുതിയ കോടീശ്വരന്മാരുടെ വളര്‍ച്ചയെക്കുറിച്ച് ഇതുവരെ നടത്തിയ പ്രതിപാദനം ഒരു തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളെ പിന്തളളി ഒരു പുതുകൂറ്റന്‍ മുതലാളിവര്‍ഗം മുന്നോട്ടു വന്നിരിക്കുന്നുവെന്ന്. ഇതുവരെ ചര്‍ച്ച ചെയ്തത് മുതലാളിമാരുടെ വ്യക്തിപരമായ സ്വത്തിനെക്കുറിച്ചാണ്. എന്നാല്‍ അവര്‍ നയിക്കുന്ന കമ്പനികളുടെ സ്വത്ത് ഇതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. ചെറിയ ഒരു കമ്പനി നിയന്ത്രിക്കാന്‍ ഭൂരിപക്ഷം ഷെയര്‍ പോലും ആവശ്യമില്ല. ഇങ്ങനെയുളള ഒരു മാതൃകമ്പനി ഉപയോഗിച്ചു കൊണ്ട് മറ്റു ചെറു കമ്പനികളെ വരുതിയിലാക്കുന്നതിനും പ്രയാസമില്ല. ഇത്തരത്തില്‍ പരസ്പരം ഉടമസ്ഥ ബന്ധമുളള കമ്പനികളുടെ കൂട്ടത്തെയാണ് കുത്തകക്കുടുംബം എന്നു പറയുന്നത്. ടാറ്റ, ബിര്‍ള, ബജാജ്, ഗോയെങ്ക, ഥാപ്പര്‍, സിങ്കാനിയ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളാണ്. പുത്തന്‍കൂറ്റ് മുതലാളിമാര്‍ അതിവേഗം മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ഇന്നും മേധാവിത്തം പരമ്പരാഗത കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ക്രോണി കാപ്പിറ്റലിസം ആന്‍ഡ് ഇന്ത്യ, ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍ ലിബറലൈസേഷന്‍ എന്ന തന്റെ പ്രബന്ധത്തില്‍ പ്രൊഫ. സുരജിത് മജുംദാര്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വ്യവസായമേഖലകളുമടങ്ങുന്ന 126 വ്യവസായങ്ങളെയാണ് അദ്ദേഹം വിശകലനത്തിനായി തിരഞ്ഞെടുത്തത്. ഈ 126 വ്യവസായങ്ങളുടെ മൊത്തം വില്‍പന 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ പൊതുമേഖലാ സഹകരണ സംഘങ്ങളുടെ വിഹിതം ഏതാണ്ട് 10 ശതമാനമേ വരൂ. പഴയ ഇന്ത്യന്‍ കുത്തക കുടുംബങ്ങളുടെ വിഹിതം 45 ശതമാനവും പഴയ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 9 ശതമാനവും വരും. പുത്തന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 10 ശതമാനവും മറ്റ് ഇന്ത്യന്‍ ബഹുരാഷ്ട്രകളുടെ വിഹിതം 34 ശതമാനവും വരും. ചുരുക്കത്തില്‍ പുത്തന്‍കൂറ്റ് കമ്പനികള്‍ മുന്‍പന്തിയിലേയ്ക്കു വന്നിട്ടുണ്ടെങ്കിലും പഴയ കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് വ്യവസായമേഖലയില്‍ പ്രാമുഖ്യം. പുതിയ കുത്തക കുടുംബങ്ങള്‍ കൂടൂതല്‍ രൂപം കൊണ്ടിട്ടുളളത് ഐടി പോലുളള പുതിയ മേഖലകളിലും സ്വകാര്യ മേഖലയ്ക്കു പുതുതായി തുറന്നു കൊടുത്ത വ്യോമഗതാഗതം, ടെലികോം തുടങ്ങിയ മേഖലകളിലുമാണ്. ഇവിടങ്ങളിലേയ്ക്കു പോലും പഴയ കുത്തക കമ്പനികളില്‍ ചിലവ ശക്തമായ കടന്നുവരവ് നടത്തി. ഉദാഹരണത്തിന് ഐടി മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്ന് ടാറ്റയുടെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. 



ഓരോ വ്യവസായ ഉല്‍പന്ന മേഖലയും പ്രത്യേകമെടുത്ത് പരിശോധിക്കുകയാണെങ്കില്‍ പരമ്പരാഗത കുത്തക കുടുംബങ്ങളുടെ മേധാവിത്തം കൂടുതല്‍ വ്യക്തമാകും. 126 വ്യവസായങ്ങളില്‍ 119 എണ്ണത്തിലും 1990-91ല്‍ മുന്‍പന്തിയിലുണ്ടായിരുന്ന കമ്പനികള്‍ക്കു 2005-06ലും കുത്തക നിയന്ത്രണം ഉണ്ടായിരുന്നു. 51 എണ്ണത്തില്‍ പാരമ്പര്യ കുത്തക ഗ്രൂപ്പുകളുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായിരുന്നു എന്നു പറയാം.
മറ്റൊരു 51 വ്യവസായ മേഖലകളില്‍ പുതിയ ബിസിനസ് ഗ്രൂപ്പുകള്‍ പ്രബലമായി തീര്‍ന്നിട്ടുണ്ട്. ഇങ്ങനെ പുതുതായി മുന്‍പന്തിയിലേയ്ക്ക് കടന്നു വന്ന വ്യവസായ ഗ്രൂപ്പുകളില്‍ ബഹുരാഷ്ട്ര കുത്തകകളുമുണ്ട്. 23 വ്യവസായ ഗ്രൂപ്പുകളില്‍ മാത്രമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവിലുളളവയെ ഏറ്റെടുത്തോ പുതിയ കമ്പനികള്‍ സ്ഥാപിച്ചോ പുതുതായി പ്രാമുഖ്യത്തിലേയ്ക്ക് ഉയര്‍ന്നത്. മൊത്തം വില്‍പനയുടെ പതിനഞ്ചു ശതമാനമാണ് ഈ മേഖലകളുടെ വില്‍പന വിഹിതം. അതേസമയം പുതിയ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ 28 വ്യവസായങ്ങളില്‍ പ്രാമുഖ്യത്തിലേയ്ക്കു വന്നു. മൊത്തം വില്‍പനയില്‍ ഈ വ്യവസായങ്ങളുടെ വിഹിതം 40 ശതമാനം വരും. പക്ഷേ, ഇവയില്‍ ഏഴ് വ്യവസായങ്ങളില്‍ മാത്രമാണ് ഈ പുതിയ കുത്തക കമ്പനികള്‍ക്ക് 50 ശതമാനത്തിലേറെ ഉല്‍പന്ന നിയന്ത്രണം വരുന്നത്. മറ്റൊരു 12 കമ്പനികള്‍ക്ക് 25-50 ശതമാനം കമ്പോള നിയന്ത്രണമുണ്ട്.
ഏതാണ്ട് ഇതേ ചിത്രം തന്നെയാണ് ഏറ്റവും വലിയ 25 കുത്തക കുടുംബങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാലും കാണാന്‍ കഴിയുക.  
താഴെ പട്ടിക 1.1ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ 25 കുത്തക ഗ്രൂപ്പുകളുടെ 1991-92ലെയും 2005-06ലെയും ആസ്തികളുടെ താരതമ്യം കൊടുത്തിരിക്കുന്നു.

2005-06ലെ ഏതാണ്ട് എല്ലാ കുത്തക ഗ്രൂപ്പുകളും 1991-92ല്‍ നിലവിലുണ്ടായിരുന്നു. ഇവയില്‍ 15 എണ്ണം അന്നും ഏറ്റവും വലിയ 25 കുത്തകഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതി ടെലികോം, വിപ്രോ, ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ്, ജെറ്റ് എയര്‍വേസ് ലിമിറ്റഡ്, മോസര്‍ബെയര്‍ ഗ്രൂപ്പ് എന്നിവയാണ് പൂര്‍ണമായും ഉദാരവത്കരണ കാലഘട്ടത്തിന്റെ സന്തതികള്‍.
ഏറ്റവും പ്രമുഖമായ വസ്തുത കുത്തകകള്‍ പുതിയവയും പഴയവയും അതിവേഗത്തില്‍ വളരുന്നു എന്നുളളതാണ്. ഇതുമൂലം ഉദാരവത്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ കുത്തക നിയന്ത്രണം വര്‍ദ്ധിച്ചിരിക്കുന്നു. പട്ടിക 1.1ല്‍ 25 കുത്തക കുടുംബങ്ങളുടെ മൊത്തം ആസ്തി 1991-92ല്‍ 73,273 കോടി രൂപയായിരുന്നത് 2005-06 ആയപ്പോഴേയ്ക്കും 6,92,186 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയിലെ കോര്‍പറേറ്റ് മൂലധനവും മൊത്തത്തില്‍ ഉദാരവത്കരണ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നു. 1991ല്‍ സ്വകാര്യ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനം 74,798 കോടി രൂപയായിരുന്നത് 2005ല്‍ 6,78,321 കോടി രൂപയായി ഉയര്‍ന്നു. ഈ വളര്‍ച്ച ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയിലാണ് ഉണ്ടായത്. 1991ല്‍ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനത്തില്‍ 27 ശതമാനം മാത്രമായിരുന്നു സ്വകാര്യമേഖലയുടേത്. 2005ല്‍ അത് 76 ശതമാനമായി ഉയര്‍ന്നു. ദേശീയ വരുമാനത്തില്‍ സംഘടിത സ്വകാര്യമേഖലയുടെ വിഹിതം 1990-91ല്‍ 12.3 ശതമാനമായിരുന്നത് 2004-05ല്‍ 19.25 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ സംഘടിത മേഖലയുടെ വളര്‍ച്ചയാകട്ടെ, കൂടുതല്‍ സേവന വ്യവസായങ്ങളിലാണ് ഉണ്ടായത്. സ്വകാര്യ സംഘടിത മേഖലയുടെ വരുമാനത്തില്‍ 1990-91ല്‍ സേവനങ്ങളുടെ വിഹിതം 24.41 ശതമാനമായിരുന്നത് 2004-05ല്‍ 50.32 ശതമാനമായി ഉയര്‍ന്നു. അതേസമയം വ്യവസായ മേഖലയുടെ വിഹിതം ഈ കാലയളവില്‍ 64.48 ശതമാനത്തില്‍ നിന്ന് 37.66 ശതമാനമായി താഴ്ന്നു.
ശതകോടീശ്വരന്മാര്‍ എങ്ങനെ?
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും വിസ്മയകരമായ വളര്‍ച്ചയെ എങ്ങനെ വിശദീകരിക്കാം? നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാര്‍ വിരല്‍ചൂണ്ടുക ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ ഉയര്‍ന്ന വേഗതയിലേയ്ക്കാണ്. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളില്‍ മൂന്നര ശതമാനത്തില്‍ കിടന്നിരുന്ന സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ എട്ടര - ഒമ്പത് ശതമാനത്തില്‍ വന്നു നില്‍ക്കുന്നു. ഈ വളര്‍ച്ചയില്‍ കൂടുതല്‍ ഉയര്‍ന്ന പങ്കു പണക്കാര്‍ക്ക് കിട്ടിയെങ്കില്‍ അതു സ്വാഭാവികം. മാത്രമല്ല, ഷെയറുകളുടെ വിലയും ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഷെയറുടമസ്ഥരുടെ സമ്പത്ത് വെറുതെയിരുന്നാലും ഇതുമൂലം വര്‍ദ്ധിക്കുന്നു. ഇതിലൊക്കെ ശരിയുണ്ടെങ്കിലും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയെ സാധാരണഗതിയിലുളള ലാഭവര്‍ദ്ധന കൊണ്ടു വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗതയിലാണ് ഇവരുടെ വളര്‍ച്ച.
ശതകോടീശ്വരന്മാരുടെ വളര്‍ച്ച എന്ന പ്രതിഭാസം പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അഥവാ നവലിബറല്‍ നയങ്ങളുടെ കാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഈ നയങ്ങളും ഇവരുടെ വളര്‍ച്ചയും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിന സുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്.
നവലിബറല്‍ നയങ്ങള്‍ എപ്രകാരം മൂലധന സംഭരണപ്രക്രിയയെ സ്വാധീനിക്കുന്നു എന്നാണ് പരിശോധിക്കേണ്ടത്. ലാഭവര്‍ദ്ധനയ്ക്ക് തടസം നില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്ത് സ്വകാര്യ ഉടമസ്ഥതയിലുളള തുറന്ന കമ്പോള വ്യവസ്ഥയ്ക്ക് രൂപം നല്‍കലാണ് നവലിബറല്‍ നയങ്ങളുടെ ലക്ഷ്യം. ലാഭവര്‍ദ്ധന മൂലധന സംഭരണത്തിന് പ്രചോദനമാകും. അതാകട്ടെ, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇതാണ് നവലിബറലിസത്തിന്റെ സിദ്ധാന്തം. ഏതെങ്കിലും സംരംഭകന്‍ അതിവേഗതയില്‍ കൂടുതല്‍ പണം ആര്‍ജിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതയാളുടെ മികവിന്റെ ലക്ഷണമായി കണക്കാക്കിയാല്‍ മതിയെന്നാണ് നവലിബറലുകളുടെ നിലപാട്. നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ അത് തെറ്റോ അഴിമതിയോ ആകുന്നുളളൂ. സര്‍ക്കാരിന്റെ സ്വത്തോ പൊതുസ്വത്തോ ഇത്തരത്തില്‍ നിയമവിധേയമായി സ്വകാര്യമുതലാളിയുടെ പക്കല്‍ ചെന്നുചേരുന്നതില്‍ ഒരു തെറ്റും ഈ സിദ്ധാന്തക്കാര്‍ കാണുന്നില്ല. പൊതുസ്വത്തിന്റെ കൊളള പ്രോത്സാഹിപ്പിക്കുന്ന തത്ത്വശാസ്ത്രമാണ്. ഈ കൊളളയാണ് ശതകോടീശ്വരന്മാരുടെ വളര്‍ച്ചയുടെ ഉറവിടം.
നവലിബറല്‍ നയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്) പൊതുമേഖലയുടെയും മറ്റ് പൊതുസ്വത്തുക്കളുടെയും സ്വകാര്യവത്കരണം : ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. വനം, പുറമ്പോക്കു ഭൂമി, ഭൂമിയ്ക്കടിയിലുളള ഖനിജങ്ങള്‍, എണ്ണ, വാതകം, വെളളം തുടങ്ങിയവയെല്ലാം നാടിന്റെ പൊതുസ്വത്താണ്. എന്നാല്‍ സ്വകാര്യ സ്വത്തായി മാറ്റിയാല്‍ മാത്രമേ അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്താനാവൂ എന്നാണ് നവലിബറല്‍ കാഴ്ചപ്പാട്. ഇവയുടെ സ്വകാര്യവത്കരണം കൊളളലാഭത്തിനു വഴിയൊരുക്കുന്നു എന്നു മാത്രമല്ല, ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്.


പൊതുമേഖലയുടെയും പൊതുസ്വത്തിന്റെയും കൊളള പോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്വകാര്യഭൂമിയുടെ കൈയേറ്റവും. ചെറുകിടക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സ്വത്തിന്റെയും അവകാശത്തിന്റെയും മേലുളള കൈയ്യേറ്റം നമുക്ക് ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഇത്തരത്തിലുളള ഏറ്റവും വലിയ കൊള്ളയാണ് അവിടെ പാര്‍ലമെന്റു തന്നെ പാസാക്കിയ എന്‍ക്ലോഷര്‍ ആക്ട് അഥവാ വളച്ചുകെട്ടല്‍ നിയമം. പരമ്പരാഗത ഫ്യൂഡല്‍ ക്രമത്തില്‍ ഭൂമിയില്‍ ഗണ്യമായ ഭാഗം കന്നുകാലികളെ മേയ്ക്കുന്നതിനും വിറകിനും മറ്റും വേണ്ടിയുളള പൊതുസ്ഥലങ്ങളായിരുന്നു. ഇവയെല്ലാം ജന്മിമാര്‍ വളച്ചുകെട്ടിയെടുത്തു. അങ്ങനെ ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ട കൃഷിക്കാരാണ് വ്യവസായങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടീഷ് നഗരങ്ങളിലേയ്ക്ക് ചേക്കേറിയത്. ഏതാണ്ട് ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള കൈയേറ്റങ്ങളാണ് സര്‍ക്കാര്‍ സഹായത്തോടെ സ്വതന്ത്രവ്യാപാരമേഖലയ്ക്കും ടൗണ്‍ഷിപ്പുകള്‍ പണിയുന്നതിനും മറ്റുംവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ സമരങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം തന്നെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
രണ്ട്) ഡീ റെഗുലേഷന്‍ അഥവാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യല്‍ : നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ടുവശങ്ങളുണ്ട്. നേരത്തെ സ്വകാര്യമേഖലയ്ക്ക് നീക്കിവെച്ചിരുന്ന വ്യവസായ മേഖലകളില്‍പോലും നിക്ഷേപത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിനെയാണ് ലൈസന്‍സ് പെര്‍മിറ്റ് രാജ് എന്നുവിളിച്ച് ആക്ഷേപിച്ചിരുന്നത്. ഇവയെല്ലാം ഇപ്പോഴേതാണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഇതോടൊപ്പം നേരത്തെ ചെറുകിട വ്യവസായികള്‍ക്കും പൊതുമേഖലയ്ക്കും വേണ്ടി നീക്കിവെച്ചിരുന്ന വ്യവസായമേഖലകളുണ്ട്. അവയെല്ലാം കോര്‍പറേറ്റ് മൂലധനത്തിന് തുറന്നുകൊടുക്കലും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ഇങ്ങനെ തുറന്നുകൊടുക്കുമ്പോള്‍ വിഭവപരിമിതികൊണ്ടോ സാങ്കേതിക പരിമിതികൊണ്ടോ താല്‍പര്യമുളളവര്‍ക്കെല്ലാം ഈ തുറകളില്‍ നിക്ഷേപം നടത്താന്‍ കഴിയണമെന്നില്ല. ഉദാഹരണത്തിന് ടെലികോം മേഖല തുറന്നു കൊടുക്കുമ്പോള്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ലേലം വിളിയ്‌ക്കേണ്ടി വരുന്നു, അല്ലെങ്കില്‍ സ്‌പെക്ട്രം വില്‍പന നടത്തേണ്ടി വരുന്നു. ഇവ കരസ്ഥമാക്കുന്നവര്‍ക്കേ നിക്ഷേപകരാകാന്‍ കഴിയൂ. ഖനനമേഖലകള്‍ തുറന്നു കൊടുക്കുമ്പോള്‍ വിഭവപരിമിതി മൂലം നിക്ഷേപകരെ നിയന്ത്രിക്കേണ്ടി വരുന്നു. സര്‍ക്കാരുമായി കൂടുതല്‍ അടുത്ത ബന്ധമുളള മുതലാളിമാര്‍ക്ക് ഈ പരിപാടികളില്‍ നിന്ന് വലിയ തോതില്‍ ലാഭം കൊളളയടിക്കാന്‍ കഴിയും.
മൂന്ന്) വിദേശ ഉദാരവത്കരണം - ആഭ്യന്തര കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല വിദേശ കുത്തകകളുടെ മേലുമുളള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യണമെന്നുളളതാണ് നവലിബറല്‍ പരിപാടി. ചരക്കുകളുടെ കയറ്റുമതി ഇറക്കുമതി ഉദാരവത്കരണം നടപ്പായിക്കഴിഞ്ഞു. ഇനി മൂലധനത്തിന്റെ കയറ്റുമതി ഇറക്കുമതി സ്വതന്ത്രമാക്കുക എന്നുളളതാണ് അജണ്ട. ഇതുവരുന്നതോടു കൂടി വിദേശവിനിമയത്തിന്മേലുളള നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതാകും. ആര്‍ക്കുവേണമെങ്കിലും വിദേശപണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് രൂപയാക്കി മാറ്റുന്നതിനോ ഇന്ത്യയില്‍ നിന്ന് രൂപ വിദേശപണമാക്കി പുറത്തേയ്ക്കു കൊണ്ടുപോകുന്നതിനോ സ്വാതന്ത്ര്യമുണ്ടായിരിക്കും. ധനകാര്യമേഖലയുടെ ഉദാരവത്കരണമാണ് ഫിനാന്‍സ് മൂലധനം ഉറ്റുനോക്കുന്നത്. ഇത് കളളപ്പണം വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നു. 


കളളപ്പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തു വെച്ചാണ് കൈമാറുന്നത്. നാട്ടിലുണ്ടാക്കുന്ന കളളപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കുന്നത് വിദേശ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ഇങ്ങനെയുളള പണം വെളുപ്പിച്ചു നാട്ടിലേയ്ക്കു കൊണ്ടുവരുന്നതിന് ഹവാല അല്ലെങ്കില്‍ മൗറീഷ്യസ് പോലുളള സ്വതന്ത്രവ്യാപാര കേന്ദ്രങ്ങള്‍ വഴിയൊരുക്കുന്നു. വിദേശ മൂലധന ഉദാരവത്കരണത്തോടെ ഇതുവളരെ സുഗമമായിത്തീരും. 


നവലിബറലിസത്തിന്റെ മേല്‍പറഞ്ഞ മൂന്നിന പരിപാടികള്‍ എങ്ങനെ അഴിമതിയ്ക്കും സ്വകാര്യക്കൊള്ളയ്ക്കും വഴിയൊരുക്കുന്നു; അതുവഴി ശതകോടീശ്വരന്മാരുടെ വിസ്മയവളര്‍ച്ചയ്ക്ക് ഹേതുവായിത്തീരുന്നു എന്നത് വിശദീകരിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഇതിനായി ഓരോ ഇനപരിപാടിയുമായും ബന്ധപ്പെട്ടുളള ഏതാനും ഉദാഹരണങ്ങള്‍ പഠനങ്ങളായി തുടര്‍ന്നുളള അധ്യായങ്ങളില്‍ നല്‍കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനം ഈ ഉദാഹരണപഠനങ്ങളില്‍ നിന്ന് വീണ്ടും പൊതുവായ വിശകലനത്തിലേയ്ക്കും സൈദ്ധാന്തിക നിഗമനങ്ങളിലേയ്ക്കും എത്തിച്ചേരും.


അധ്യായം 2 - കൊളളക്കാരനായ വേദാന്തി! - പൊതുമേഖലാ കൊള്ള സംബന്ധിച്ച് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്തു തന്നെ മോഡേണ്‍ ബ്രഡ് ഫാക്ടറിയുടെയും കോവളം ഐടിഡിസി ഹോട്ടലിന്റെയും കഥ അറിയാത്തവരുണ്ടാവില്ല. 55 ഏക്കര്‍ വിസ്തൃതിയുളള കോവളം ഐടിഡിസി ഹോട്ടല്‍ 44 കോടിയ്ക്ക് ഗള്‍ഫാര്‍ വാങ്ങിയത് 120 കോടിയ്ക്കാണ് ലീലാ ഗ്രൂപ്പിനു വിറ്റത്. ഇപ്പോഴത് 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നു. ബാല്‍ക്കോ എന്ന ഒറീസയിലെ അലൂമിനിയം ഫാക്ടറി വേദാന്ത എന്ന ബിസിനസ് ഗ്രൂപ്പിന് ബിജെപി സര്‍ക്കാര്‍ വിറ്റ കഥയാണ് പൊതുമേഖലാ വില്‍പനക്കൊള്ളയുടെ വിശകലനത്തിനായി വിവരിക്കുന്നത്.


അധ്യായം 3 - കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും രാജ്യദ്രോഹം- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അഴിമതിയും കൊളളയും സാര്‍വത്രികമാണ്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ റിയല്‍ എസ്റ്റേറ്റ് അഴിമതിക്കേസ്. മുംബെയിലെ കൊളാബായിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്.


അധ്യായം 4 അംബാനിയും മറ്റൊരു കവര്‍ച്ചക്കാരന്‍ - പുത്തന്‍കൂറ്റു പണക്കാരാണ് അഴിമതി, കൊളള എന്നിവയ്ക്കു മുതിരുന്നത് എന്നൊരു തെറ്റുദ്ധാരണയുണ്ട്. 'തറവാടി'കളായ പഴയ മുതലാളിമാരും ഒട്ടും പുറകിലല്ല. ടാറ്റയും 2ജി സ്‌പെക്ട്രം അഴിമതിയുടെ ഗുണഭോക്താവാണ്. ഈ അധ്യായത്തില്‍ സി ആന്‍ഡ് എജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് കമ്പനി കൃഷ്ണാ ഗോദാവരി ബേസിനില്‍ നിന്ന് വാതക ഖനനത്തിനുളള കരാര്‍ അന്യായമായി ഭേദഗതിചെയ്ത് പതിനായിരക്കണക്കിനു കോടികള്‍ തട്ടിയെടുത്തത് എങ്ങനെ എന്നാണ് പരിശോധിക്കുന്നത്. 


അധ്യായം 5 - റെഡ്ഢി സഹോദരന്മാര്‍ നാടുവാണീടും കാലം!! - 2001ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കേവലം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മക്കളായ റെഡ്ഢി സഹോദരങ്ങള്‍ കര്‍ണാടകത്തിലെ ബെല്ലാരിയിലെ ഇരുമ്പയിരും ഗ്രാനൈറ്റും പത്തുവര്‍ഷം കൊണ്ട് കൊളള ചെയ്ത് കോടിപതികളായതെങ്ങനെ? രണ്ടു മുഖ്യമന്ത്രിമാരായിരുന്നു അവരുടെ പോക്കറ്റില്‍. കര്‍ണാടകത്തില്‍ യെദ്യൂരപ്പയും ആന്ധ്രയില്‍ രാജശേഖര റെഡ്ഢിയും. യെദ്യൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളായ റെഡ്ഢി സഹോദരങ്ങള്‍ എന്നോര്‍ക്കുക. 


അധ്യായം 6 - ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാം മുതല്‍ മാരന്‍ വരെ. ടെലികോം മേഖലയിലാണ് ഏറ്റവും വലിയ അഴിമതിക്കഥകളുണ്ടായിട്ടുളളത്. ഇവിടെ ഡീ റെഗുലേഷന്‍ ആരംഭിച്ചതു തന്നെ സുഖറാമിന്റെ അഴിമതിയോടെയാണ്. 2ജി സ്‌പെക്ട്രം കേസില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണ് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്. രാജയും ദയാനിധി മാരനും. 2ജി സ്‌പെക്ട്രം കേസാണ് ഈ അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 7 - കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവ് 2250 കോടിയില്‍ നിന്ന് 30,000 കോടി രൂപയായപ്പോള്‍ - വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴുളള അഴിമതിയും കോണ്‍ട്രാക്ടുകളിലുളള അഴിമതിയും എക്കാലത്തുമുണ്ടായിട്ടുണ്ട്. നമ്മുടെ പൊതുമരാമത്തു വകുപ്പിലെയും ജലസേചനവകുപ്പിലെയും അഴിമതിക്കഥകള്‍ ആര്‍ക്കാണ് അറിയാത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കൈക്കൂലിയും കമ്മിഷനും എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. 


അധ്യായം 8 - ക്രിക്കറ്റില്‍ വെളുക്കുന്ന കളളപ്പണം - അഴിമതിപ്പണത്തിന്റെ സിംഹഭാഗവും കളളപ്പണമായാണ് സൂക്ഷിക്കുന്നത്. അതായത് ആദായനികുതിവകുപ്പിന്റെ കണക്കുകള്‍ക്ക് പുറത്താണ്. ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ അമ്പതു ശതമാനം വരെ കളളപ്പണമാണെന്നു വാദിക്കുന്നവരുണ്ട്. കളളപ്പണം വെളുപ്പിക്കുന്നതിന് പലരീതികളുണ്ട്. അതിലെ ഏറ്റവും നാടകീയമായ ഉദാഹരണമാണ് ഐപിഎല്‍ കുംഭകോണം. ക്രിക്കറ്റു കളിയെ എങ്ങനെ കളളപ്പണത്തിന്റെ ചൂതാട്ടത്തിന് ഉപാധിയാക്കാമെന്നാണ് എട്ടാം അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 9 - കളളപ്പണത്തിന്റെ മൗറീഷ്യസ് റൂട്ട് - ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഹവാല ഇടപാടുകളിലൂടെയാണ് ഈ പണം പുറത്തുപോകുകയും അകത്തുവരികയും ചെയ്യുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക സംവിധാനം തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അതാണ് മൗറീഷ്യസ് റൂട്ട്. 


അധ്യായം 10 - അഴിമതിക്കൂട്ടുകെട്ട് - റാഡിയ ടേപ്പുകള്‍ പറയുന്നതെന്ത്? -
മേല്‍വിവരിച്ച ഓരോ അഴിമതിക്കേസുകളും രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റുകള്‍ എന്നിവരുടെ മുക്കൂട്ട് മുന്നണിയെ പുറത്തുകൊണ്ടുവരുന്നുണ്ട്. നേരത്തെയും സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ആയിരുന്നുവെങ്കിലും ഒരു താരതമ്യ സ്വതന്ത്രത നിലനിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഭരണസംവിധാനത്തെയാകെ കോര്‍പറേറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ തടവുകാരാക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഈ അവിശുദ്ധ ബന്ധം നാടകീയമായി വെളിപ്പെടുത്തുന്നതാണ് നീരാ റാഡിയ ടേപ്പുകള്‍. ഇതുസംബന്ധിച്ച വിശകലനമാണ് പത്താം അധ്യായത്തില്‍ നല്‍കിയിരിക്കുന്നത്. 


സാര്‍വത്രികമായി മാറിയിരിക്കുന്ന അഴിമതിയും കൊള്ളയും അതിലൂടെ തടിച്ചു കൊഴുക്കുന്ന ശതകോടീശ്വരന്മാരും അവരുടെ ദല്ലാളുമാരായി നടക്കുന്ന രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും രാജ്യവ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. നവലിബറലിസത്തിന്റെ ഗുണഭോക്താക്കളായ ഇടത്തരക്കാരെപ്പോലും ഈ സ്ഥിതി വെറുപ്പിച്ചിരിക്കുന്നു. ഈ ശുദ്ധാത്മാക്കള്‍ കരുതിയിരുന്നത് ലൈസന്‍സ് പെര്‍മിറ്റ് രാജാണ് എല്ലാ അഴിമതിയുടെയും ഉറവിടം എന്നായിരുന്നു. സ്വതന്ത്രമായ കമ്പോള വ്യവസ്ഥയില്‍ എല്ലാ തീരുമാനങ്ങളും അദൃശ്യമായ കമ്പോളമെടുക്കുമ്പോള്‍ അഴിമതി ഇല്ലാതാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ നവലിബറല്‍ കാലഘട്ടം അഴിമതി പര്‍വമായി മാറിയിരിക്കുന്നു. ഇതിനോടുളള പ്രതികരണങ്ങളാണ് അടുത്ത മൂന്ന് അധ്യായങ്ങളില്‍ പരിശോധിക്കുന്നത്.


അധ്യായം 11 - അണ്ണാ ഹസാരെ - റാലെഗനില്‍ നിന്ന് ദില്ലിയിലേയ്ക്ക് - റാലെഗന്‍ ഗ്രാമത്തില്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുവന്ന അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഴിമതിക്കെതിരായ സമരങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തെ നിയന്ത്രിക്കാന്‍ അടിയന്തരമായി ലോക്പാല്‍ നിയമം പാസാക്കണം എന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിച്ചു. അദ്ദേഹത്തിന്റെ നിരാഹാരസമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാരിനു വഴങ്ങേണ്ടിവന്നു. പതിനൊന്നാം അധ്യായത്തില്‍ സംഭവപരമ്പര വിവരണത്തെക്കാള്‍ ലോക്പാല്‍ നിയമത്തെക്കുറിച്ചുളള വ്യത്യസ്ത വീക്ഷണങ്ങള്‍ താരതമ്യം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍, കേന്ദ്രസര്‍ക്കാരിന്റെ കരടു ബില്‍, ഇടതുപക്ഷത്തിന്റെ ബദല്‍, അരുണാ റോയ് തുടങ്ങിയവരുടെ നിലപാട് എന്നിവയാണ് താരതമ്യത്തിനെടുക്കുന്നത്.


അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു. അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്.


അധ്യായം 13 - ചങ്ങാത്ത മുതലാളിത്തവും നവലിബറല്‍ നയങ്ങളും - ഉപസംഹാരമായി അഴിമതി സംബന്ധിച്ച ഉദാഹരണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവലിബറല്‍ നയങ്ങള്‍ എങ്ങനെ അഴിമതി പ്രോത്സാഹിപ്പിക്കുന്നു എന്നത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഭരണകൂടം എന്നത് പ്രാകൃത മൂലധന സംഭരണത്തിനുളള മേച്ചില്‍പ്പുറമായിരിക്കുന്നു. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിഗതികളെ വിശദീകരിക്കുന്നതിന് ചങ്ങാത്ത മുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും.


ഈ ഗ്രന്ഥത്തില്‍ അതിസമ്പന്നരുടെ വളര്‍ച്ചയും അവരുടെ ആഡംബരവും സുഖലോലുപതയുമാണ് കൂടുതല്‍ വിവരിക്കുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട് എന്നെടുത്തു പറയേണ്ടതില്ലല്ലോ. ശതകോടീശ്വരന്മാര്‍ ജൈത്രയാത്ര നടത്തിയ നാളുകളിലാണ് രണ്ടുലക്ഷത്തില്‍പരം കൃഷിക്കാര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്. ചില സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് സാമ്പത്തിക വളര്‍ച്ച. നഗരവും ഗ്രാമവും തമ്മിലുളള അന്തരം പെരുകുകയാണ്. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടുന്നുവെന്നാണ് ഉപഭോക്തൃ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2001-05ല്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2.8 ശതമാനം വെച്ച് ഉയര്‍ന്നുവെങ്കില്‍ 2005-10ല്‍ 0.8 ശതമാനം വീതമാണ് പ്രതിവര്‍ഷം തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത്. വിലക്കയറ്റം പത്തു ശതമാനത്തിലേറെ ആയിരിക്കുന്നു. ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്നു പറയുന്ന ഔദ്യോഗിക കണക്കുകള്‍ക്കു പോലും മറച്ചുവെയ്ക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. എണ്‍പതുകളെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണത്തില്‍ തുച്ഛമായ കുറവേയുണ്ടായിട്ടുളളൂ. മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പുറകോട്ടു പോയി. ഇപ്പോള്‍ 132-ാമതാണ് സ്ഥാനം. 


നമ്മള്‍ ആദ്യം കണ്ട തിളക്കവും മുകളലില്‍ സൂചിപ്പിച്ച ദൈന്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? റിയല്‍ എസ്റ്റേറ്റുകാരും ഖനിയുടമകളും വാങ്ങിക്കൂട്ടുന്ന ഭൂമിയും വര്‍ദ്ധിച്ചുവരുന്ന ഭൂരഹിതരുടെ എണ്ണവും തമ്മിലും ഊഹക്കച്ചവടക്കാരുടെ തിരിമറികളും കൃഷിക്കാരുടെ കടക്കെണിയും തമ്മിലും പുത്തന്‍ യന്ത്രവത്കൃത വ്യവസായങ്ങളും തൊഴില്‍ നഷ്ടപ്പെടുന്ന കൈവേലക്കാരും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ന് യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന അഴിമതികളും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ബന്ധങ്ങള്‍ അന്വേഷിക്കുന്ന അര്‍ത്ഥശാസ്ത്ര വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം. 
 
 



Wednesday, September 14, 2011

ഹഹഹഹഹഹ നല്ല രസം :)))



ലേബല്‍ : ആദിയെ വല്ലാതെ മിസ്സു ചെയ്യുന്നു :((





Wednesday, September 7, 2011

മഹാകവി പിയോട് മഹാകവി അക്കിത്തം സംസാരിക്കുന്നു

മരണം! അവള്‍ക്കു വേണ്ടി - അതെ! കവിതയ്ക്കുവേണ്ടിയുള്ള മരണം. ആ നിത്യകന്യകയ്ക്കു വേണ്ടിയുള്ള നിരന്തര മരണം...! അനശ്വരമായ മരണം!

 

വാക്കുകളുടെ മഹാബലി മഹാകവി പി.കുഞ്ഞിരാമന്‍ നായരുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാകവി അക്കിത്തം നടത്തിയ അപൂര്‍വമായ അഭിമുഖം ചുവടെ. പിയുടെ കാവ്യവിചാരങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള സ്‌നേഹപൂര്‍ണ്ണമായ കടന്നുപോകലിനൊപ്പം രണ്ട് വലിയ കവികളുടെ കൂടിച്ചേരലിന്റെ അത്യപൂര്‍വ്വത കൂടിയുണ്ട് ഈ മുഖാമുഖത്തിന്. മഹാകവിയോടുള്ള സ്‌നേഹാഞ്ജലിയായി ഈ അഭിമുഖം സമര്‍പ്പിക്കുന്നു, ഒപ്പം അക്കിത്തം എന്ന ഇതിഹാസമെഴുത്തുകാരനോടുള്ള ധന്യതയും
അക്കിത്തം: നമസ്‌കാരം. വല്ലപ്പോഴുമൊരിക്കലേ കണ്ടുകിട്ടാറുള്ളു. കണ്ടാല്‍ത്തന്നെ രണ്ടാമത്തെ നോട്ടത്തിനുമുമ്പ് അങ്ങ് അപ്രത്യക്ഷനാകും. ഇന്നേതായാലും വിടാന്‍ ഭാവമില്ല. എന്റെ കൈയില്‍ ഏതാനും ചോദ്യങ്ങളുണ്ട്. കുഞ്ഞിരാമന്‍നായര്‍ ആ ചോദ്യങ്ങള്‍ക്ക് അര്‍ഥമുണ്ടാക്കിത്തരേണമെന്ന അപേക്ഷയുണ്ട്.
കുഞ്ഞിരാമന്‍നായര്‍: നമസ്‌കാരം. ഞാന്‍ സ്വതേ ഒരു അനര്‍ഥക്കാരനാണ്. എങ്കിലും ചോദിച്ചോളൂ.

കുഞ്ഞിരാമന്‍നായര്‍ക്ക് കവിതാരചന സുഖമാണോ?
ഈ ചോദ്യം ഞാന്‍ പലവട്ടം പനിനീര്‍മൊട്ടിനോട് ചോദിച്ചതാണ്. ധനുമാസത്തിലെ കുയിലിനോടു ചോദിച്ചതാണ്. ചന്ദ്രോത്സവത്തിലെ കടലിനോട് ചോദിച്ചതാണ്. ഈ വികാരം സുഖമാണോ? ഈ രാഗലഹരി സുഖമാണോ? ഈ പ്രേമവായ്പിന്റെ വേലിയേറ്റം സുഖമാണോ? അവരുടെ മറുപടി ഞാന്‍ ആവര്‍ത്തിക്കാം - ഇതു സുഖമാണ്. ഇതു മാത്രമാണ് സുഖം - ഈ സുഖം നേടാനുള്ള ദുഃഖവും സുഖമാണ്.
എന്നു തുടങ്ങി ഈ സുഖാന്വേഷണം എന്നറിഞ്ഞാല്‍ കൊള്ളാം.
ഒന്നുമറിയാത്ത, എല്ലാമറിയുന്ന, ശൈശവത്തില്‍. പന്ത്രണ്ടാം വയസ്സില്‍. ഇരുട്ടു കുത്തി, തോരാത്ത കര്‍ക്കടകപ്പേമാരിയുടെ ശ്രുതി. മുത്തശ്ശന്റെ രാമായണഭാരത പാരായണം. രാമചരിതം പാട്ട്. എന്നെ അലിയിച്ചു. മധുരം നിറച്ച ആ ശീലുകള്‍ മറ്റൊരു ലോകത്തിലെത്തിച്ചു. കവിത-സംഗീതം-കേള്‍ക്കുമ്പോള്‍ സ്വയം മറന്ന് അതില്‍ മുങ്ങാന്‍ മനസ്സാശിച്ചു. പിന്നീട്, പതിന്നാലാമത്തെ വയസ്സില്‍ പട്ടാമ്പി പരിസരത്തുവെച്ച്-കവിതയുടെ ഉറവു കിനിഞ്ഞു.
പന്ത്രണ്ടാമത്തെ വയസ്സെന്നു പറഞ്ഞുവല്ലോ. പ്രാഥമിക വിദ്യാഭ്യാസം നേടിയ നാളുകളെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്?
വളരെയൊന്നും ഓര്‍മയില്ല. എങ്കിലും ഒന്നോര്‍ക്കുന്നു. കണക്കു പീര്യഡ് അന്നെനിക്കൊരു പേടിസ്വപ്നമായിരുന്നു. പാഠപുസ്തകങ്ങളിലെ കവിതകള്‍ നീട്ടിപ്പാടി സ്വയം മറക്കാറുണ്ടായിരുന്നു. അതൊരു ആവേശം തന്നെയായിരുന്നു.
കുഞ്ഞിരാമന്‍നായരുടെ ആദ്യത്തെ കവിത ഏതാണ്? അതെഴുതിയത് എവിടെ വച്ചായിരുന്നു?
പ്രകൃതിഗീതം! അതാണെന്റെ ആദ്യത്തെ കവിത. അതെഴുതുകയല്ല ഉണ്ടായത്. ഏറെനാള്‍ അതിലെ ഈരടികള്‍ മൂളിപ്പാടി തന്നത്താന്‍ രസിച്ചുകൊണ്ടു നടന്നു. പിന്നീട് എത്രയോ കഴിഞ്ഞ്, കുറുവന്‍തൊടി ശങ്കരനെഴുത്തച്ഛന്റെ നിര്‍ബന്ധപ്രകാരം ഒരു കടലാസ്സില്‍ പകര്‍ത്തി, അദ്ദേഹം നടത്തിവന്നിരുന്ന 'പൈങ്കിളി' മാസികയില്‍ ചേര്‍ത്തു.
പട്ടാമ്പി പരിസരവും ഭാരതപ്പുഴയും അങ്ങയുടെ മിക്ക കവിതകളുടെയും പശ്ചാത്തലമായി വര്‍ത്തിച്ചതെന്തുകൊണ്ടാണ്? ഒന്നു വിശദീകരിക്കാമോ?
എന്തോ! പട്ടാമ്പി-പുന്നശ്ശേരി പരിസരം ഉറങ്ങുന്ന കവിതയെ തട്ടിയുണര്‍ത്തിവിട്ടു. ഭാരതപ്പുഴയും വെണ്‍മണല്‍ത്തിട്ടും ചെറുതോണികള്‍, പച്ച പുതച്ച ഈങ്ങയൂര്‍ കുന്ന്. സന്ധ്യയ്ക്ക് ഇത്തിരി നേരം അന്തിത്തിരി മിന്നിമറയുന്ന ആ ശിവക്ഷേത്രം, നിശ്ശബ്ദമായി കാലുവച്ചു വരുന്ന പ്രഭാതങ്ങള്‍, നീണ്ട പാത, പലതരം യാത്രക്കാര്‍ - എല്ലാം ഒരു മഹാകാവ്യത്തിലെ വരികളായി തോന്നി. അന്നത്തെ അനുഭൂതിയെക്കുറിച്ച് 'പുലരിയെന്നവളോട്' എന്ന കവിതയില്‍ കാണാം. ആ കവിത നഷ്ടപ്പെട്ടു.

ഒരു വിദ്യാര്‍ഥിയായി അങ്ങ് പട്ടാമ്പിയിലെത്തിച്ചേര്‍ന്നുവെന്നാണല്ലോ പറഞ്ഞത്. അന്ന് അങ്ങ് നേടിയ വിദ്യാഭ്യാസത്തിന്റെ സ്വഭാവം ഒന്നു വിവരിച്ചുതന്നാല്‍ തരക്കേടില്ല. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അങ്ങ് എന്തെല്ലാം നേടി?
ഒരു വ്യാഴവട്ടക്കാലത്തിലധികം സംസ്‌കൃതപഠനത്തിന്നായി ചെലവഴിച്ചിട്ടുണ്ട്. ആദ്യം പട്ടാമ്പിയില്‍, പിന്നീട് തഞ്ചാവൂരിലും. പട്ടാമ്പിയില്‍ വച്ച്, സാക്ഷാല്‍ മഹാവിദ്വാന്‍ പുന്നശ്ശേരി നമ്പി ഗുരുനാഥന്റെ കീഴിലായിരുന്നു. കാവ്യങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ പഠിച്ചു. ഏഴര വെളുപ്പിന് ഉറക്കം തൂങ്ങിക്കൊണ്ടുള്ള ആ ശ്ലോകം ചൊല്ലലും, ഗുരുനാഥന്റെ ഇടയ്ക്കുള്ള 'കുഞ്ഞിരാമാ' എന്നുള്ള വിളിയും 'ഉറങ്ങുകയാണോ?' എന്ന ചോദ്യവും ഇപ്പോഴും കാതിലുണ്ട്.
സാക്ഷാല്‍ പുന്നശ്ശേരി നമ്പിയെക്കുറിച്ച് അങ്ങ് പ്രസ്താവിച്ചുവല്ലോ. ആ പുണ്യശ്ലോകനെക്കുറിച്ച് അല്‍പ്പം കൂടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്. അതും ഒരാപ്തശിഷ്യന്റെ മുഖത്തുനിന്നും.
ഭസ്മരുദ്രാക്ഷമാലകളണിഞ്ഞ ആ തേജോരൂപം, ഇപ്പോഴും ചുമര്‍ച്ചിത്രമായി ഉള്ളറയിലുണ്ട്. കാലത്തു മൂന്നുമണി തൊട്ട് എട്ടു മണിവരെയും വൈകുന്നേരം അഞ്ചുമണിമുതല്‍ എട്ടുമണിവരെയും അദ്ദേഹം തന്റെ ഉപാസനാമൂര്‍ത്തിയായ ദേവിയുടെ ക്ഷേത്രത്തിലായിരിക്കും. അതു കഴിഞ്ഞ് മറ്റു സമയങ്ങളിലാണ് അധ്യാപനം. ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍ - ദുര്‍ഗ്രഹശാസ്ത്രങ്ങള്‍-പഠിപ്പിച്ചിരുന്നു.
തഞ്ചാവൂര്‍ പരിസരം അങ്ങയെ എത്ര കണ്ടു സ്വാധീനിച്ചിട്ടുണ്ട്?
ഇവിടെ ഭാരതപ്പുഴ എന്നപോലെ അവിടെയും എന്നെ പിടികൂടാന്‍ ഒരുത്തിയുണ്ടായിരുന്നു. ഇളം നീലച്ചേലയുടുത്ത കാവേരി! കരിമ്പുതോട്ടങ്ങളില്‍ക്കൂടി മെല്ലെ മെല്ലെ അടിവച്ചടിവച്ച് ത്യാഗരാജകീര്‍ത്തനങ്ങളുടെ മധുരമൊഴുക്കി എങ്ങോ നടന്നകലുന്ന കാവേരി! കാവേരിയിലെ പ്രഭാതം! പാതിരാവിലെ ചന്ദ്രോദയം - കാവേരീനദിയിലേക്ക് കെട്ടിയിറക്കിയ ആ കൂറ്റന്‍ കെട്ടിടത്തിന്റെ, ഓളങ്ങളുരുമ്മുന്ന ഒരു മുറിയിലാണ് രണ്ടു കൊല്ലം ഞാന്‍ ജീവിച്ചിരുന്നത്. അവളെക്കുറിച്ച് മൂന്നാലു കവിതകള്‍ അന്നു മനസ്സിലെഴുതിവച്ചു.
അപ്പോള്‍ ഒരു ചോദ്യം - കവിതകള്‍ മനസ്സിലെഴുതിവെച്ചുവെന്ന് പറഞ്ഞല്ലോ. ആ ഏര്‍പ്പാട് ഇന്നുമുണ്ടോ?
ചങ്ങാതീ, ഇന്നത് സാധ്യമല്ല. കടലാസ്സും പേനയും എന്നും തുണയ്ക്കു വേണം എന്ന മട്ടാണിന്ന്: കിഴവന്നു വടിപോലെ.
തികച്ചും ബോധപൂര്‍വമായ ഒരു പ്രക്രിയയാണോ, ഈ കവിതാരചന?
ഓരോരുത്തരുടെയും കവിതാരചന ഓരോ മട്ടിലായിരിക്കും. എന്നെ സംബന്ധിച്ച് തുറന്നുപറയാം. തികച്ചും ബോധപൂര്‍വമല്ല ആ പ്രക്രിയ. ആകാശത്ത് പെട്ടെന്ന് എങ്ങുനിന്നോ മേഘമാലകള്‍ അടിഞ്ഞുകൂടുന്നു. പൂവില്‍ തനിയെ തേന്‍ കിനിയുന്നു. എട്ടുകാലി അവനറിയാതെ മനോഹരമായ വല നെയ്യുന്നു. മങ്ങിയ വെളിച്ചത്തില്‍ മങ്ങിയ ഇരുട്ടില്‍വെച്ച് ആ സര്‍ഗപ്രക്രിയ നടക്കുന്നു.
സാഹിത്യം-കവിത. ജീവിതഗന്ധിയാവണമെന്ന് പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍, കവി തനിക്കു ചുറ്റുമുള്ള ജീവിതം നിരീക്ഷിക്കേണ്ടതല്ലേ? അതങ്ങനെത്തന്നെ പകര്‍ത്തിവെച്ചാല്‍ കവിതയാകുമോ?
വെറും ഫോട്ടോഗ്രാഫറല്ല കവി. കവി ചിത്രകാരനാണ്. മണ്ണ്, മനോഹരമായ മണ്‍കുടമാകുന്നു. പരുത്തി വെണ്മയേറിയ പൂന്തുകിലാകുന്നു. മുള്ളുള്ള കൈതയോല, മിനുമിനുത്ത തഴപ്പായാകുന്നു. പുതിയൊരു പ്രപഞ്ചസൃഷ്ടി തന്നെയാണത്. കവിയുടെ മൂലധനം ഭാവനാവിലാസംതന്നെ. ഉണക്കുവൈക്കോല്‍ തിന്നുന്ന പശു നറുംപാല്‍ ചുരത്തുന്നു. ഈ പ്രപഞ്ചം ഈ ഭാവനാശില്‍പ്പത്തില്‍ക്കൂടി, നിത്യസുന്ദരമായ ഭാവനാകാവ്യമായി ഉരുത്തിരിയുന്നു.
കവിയുടെ നിത്യനൂതനമായ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് അങ്ങ് ഭംഗിയായി അപഗ്രഥിച്ചു. ഒരു കാര്യം കൂടി. ഈ സൃഷ്ടി നടത്തുന്ന കവിയുടെ ആന്തരാനുഭവങ്ങളെക്കുറിച്ച് വല്ലതും പറയാന്‍ പറ്റുമോ?
വെളിച്ചപ്പാടിന്റെ കാര്യം ഞാന്‍ പലതവണ പറഞ്ഞതാണ്. പോസ്റ്റുമേന്റെ കാര്യവും അതേപോലെതന്നെ. തന്നെ മറക്കുക എന്നതാണ് സുഖരഹസ്യം. കലാരഹസ്യവും അതുതന്നെ. സ്വന്തം മേല്‍വിലാസം നഷ്ടപ്പെടുമ്പോഴാണ് നേട്ടമുണ്ടാകുന്നത്. ഈ 'അഹ'ത്തില്‍നിന്ന് എത്രയ്ക്ക് അകന്നുപോകുന്നുവോ, അത്രയ്ക്ക് അവനുയരുന്നു. ആ നിമിഷങ്ങളില്‍ കവി വ്യക്തിയല്ല, മഹാശക്തിയാണ്. അനശ്വരമായ മഹാകാവ്യമാണ്. ശരിയായ നിയോഗം വരുമ്പോള്‍ അത് വെളിച്ചപ്പാടിന്റെ ശബ്ദമല്ല. മറ്റേതോ ശബ്ദമായിരിക്കും. അവന്‍ ഒരോടക്കുഴലായി മാറും. അനശ്വരമായ തൂലികയായി മാറും. ആദ്യം താങ്കള്‍ ചോദിച്ച ചോദ്യത്തിന്ന് ഇവിടെയാണ് ശരിയായ ഉത്തരം വരുന്നത്. കവിതാരചന സുഖമാണോ, എന്നു ചോദിച്ചുവല്ലോ - ഈ നിമിഷങ്ങളില്‍ കവിതാരചന സുഖമാണ്. ഫോട്ടോഗ്രാഫറുടെ ഡാര്‍ക്ക് റൂമാണ് കവിയുടെ പണിപ്പുര.
അപ്പോള്‍ കവിയുടെ അലൗകികാനുഭൂതികളില്‍ അങ്ങ് വിശ്വസിക്കുന്നു. അല്ലേ?
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില അലൗകികാനുഭൂതി വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണല്ലോ അവനെ കവിയെന്നു വിളിക്കുന്നത്. അവന്റെ ജീവിതവീക്ഷണം - ലോക വീക്ഷണം - ജീവിതവ്യാപാരം - ഇരിപ്പ്, നടപ്പ്, കിടപ്പ് - പോരാ, ഓരോ ചലനംപോലും വ്യത്യസ്തമായിരിക്കും. പ്രത്യേകതകള്‍ ഉള്ളതായിരിക്കും. ഈ അസാധാരണത്വം - അലൗകികത്വം - അവന്റെ മുദ്രയാണ്. അതു നിലനില്ക്കുമ്പോഴേ, അവന്നു കവിത എഴുതാന്‍ പറ്റൂ. ആര്‍ഷകാവ്യങ്ങള്‍ അതിനു തെളിവാണല്ലോ. കാളിദാസകാവ്യങ്ങള്‍ ഉള്‍പ്പെടെ. ഓരോ നിമിഷവും കവിതയ്ക്കുള്ള തപസ്യയായി മാറ്റാന്‍ വെമ്പുന്നു. ക്ഷണികവും നശ്വരവുമായ ഈ പ്രപഞ്ചജീവിതം അയാള്‍ അനശ്വരമായ കവിതയാക്കി മാറ്റുന്നു.
ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം മറ്റൊരു സ്വരത്തില്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണിവിടെ. സമകാലിക ജീവിതത്തിന്റെ ആശകളും നിരാശകളുമെല്ലാം ഒരു കവിക്കു കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ? കവിയും സമൂഹത്തിലൊരു ഭാഗമല്ലേ? അത്തരം പ്രശ്‌നങ്ങളെ കവി നേരിട്ടില്ലെങ്കില്‍, കാലഘട്ടത്തിന്റെ ശബ്ദം ചെവിക്കൊള്ളാതിരിക്കലെന്ന മട്ടാവില്ലേ.
ഉത്തരം മുമ്പ് പറഞ്ഞതാണ്. കവി വ്യക്തിയല്ല, ശക്തിയാണെന്ന്. കവിയുടെ ആത്മാവ് വിശ്വാത്മാവാണെന്ന്, വിശ്വപ്രേമമാണെന്ന്. കവിയുടെ രൂപം - സത്യം പറയട്ടെ ചങ്ങാതീ! വിശ്വരൂപമാണെന്ന്! കവിയുടെ ഹൃദയസ്പന്ദനം വിശ്വത്തിന്റെ ഹൃദയസ്പന്ദനമാണെന്ന്. സര്‍വചരാചരങ്ങളുടെയും ഹൃദയസ്പന്ദനമാണെന്ന്. മര്‍ദനമേല്‍ക്കുന്ന തൊഴിലാളിയും ഭാരം വലിച്ച്, ചാട്ടയടിയേല്‍ക്കുന്ന വണ്ടിക്കാളയും - അയാളെ വേദനിപ്പിക്കുന്നു. പുഴ അറിയാതെ, പരിസരം അതില്‍ ബിംബിക്കുന്നു. ചുറ്റുമുള്ളതെല്ലാം അതില്‍ പ്രതിബിംബിക്കുന്നു. അത് അകൃത്രിമമാകണം. ആത്മാര്‍ഥമാകണം. അപ്പോഴതിന്ന് അഴകുണ്ട്. അനുഭൂതിയുണ്ട്. മറിച്ചാവുമ്പോള്‍ വിരൂപവും.
കവിതയ്ക്ക് - അല്ലെങ്കില്‍ കവിക്ക് എന്തെങ്കിലും ഒരു ലക്ഷ്യം വേണ്ടതുണ്ടെന്ന് കുഞ്ഞിരാമന്‍നായര്‍ക്ക് അഭിപ്രായമുണ്ടോ?
ഒറ്റ വാക്കില്‍ പറയാം. ആരും സ്വീകരിച്ചുകൊള്ളണമെന്നില്ല. ജീവിതത്തിനെന്നപോലെ, കവിതയ്ക്കും ഒരു ലക്ഷ്യമുണ്ട്. അതിതാണ്:
പൊട്ടിത്തകരാന്‍ മുഹൂര്‍ത്തമടുത്തൊരീ-
മൃത്യുപാത്രത്തിലമൃതു മോന്തുക,
ലോകത്തിന് മോന്താന്‍ കൊടുക്കുക.
കവി ഉപദേഷ്ടാവാകേണ്ടതുണ്ടോ? എന്ത് പറയുന്നു?
നേരിട്ട് ഉപദേശത്തിനൊരുങ്ങുമ്പോള്‍, കവി കവിയല്ലാതാകുന്നു. ആ പഴയ വരിയാണ് ഇതിനു പ്രമാണമെന്ന് എനിക്കു തോന്നുന്നു:
കാന്താസമ്മിതതയോ ഉപദേശയുജേ.
(സ്‌നേഹമുള്ള, സുന്ദരിയായ ഭാര്യയെപ്പോലെ പറയാതെ പറയുക).
പല കവികളും ഈ പ്രപഞ്ചത്തെ എങ്ങനെ വീക്ഷിക്കണമെന്നു പറഞ്ഞുവെച്ചു പോയിട്ടുണ്ട്. കുഞ്ഞിരാമന്‍നായര്‍ ഏത് നിലയ്ക്കാണ് ഈ ലോകത്തെ വീക്ഷിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.
ആശ മുഴുവന്‍ ഫലിക്കാറില്ലല്ലോ. ഞാന്‍ ആശിക്കുന്നതിതാണ്. അജ്ഞാത രഹസ്യം - അജ്ഞാതസത്യം തിരയുന്ന ഒറ്റപ്പറവയായി, കണ്ണീരില്‍ക്കുതിര്‍ന്ന അലസ മേഘശകലമായി, വിദൂരനക്ഷത്രമായി, നിസ്സംഗനായി, നിര്‍ല്ലോപനായി പ്രകൃതിയെ വീക്ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

അങ്ങയുടെ അഭിപ്രായത്തില്‍ സാക്ഷാല്‍ കവി ആരാണ്?
'കവി പുരാണം അനുശാസിതാരം' എന്ന് ഉപനിഷത്ത് വാഴ്ത്തുന്ന കവി തന്നെ സാക്ഷാല്‍ കവി. കണ്ടെഴുതുന്നവനല്ല, കാണേണ്ടതെഴുതുന്നവനാണ് കവി.
ഉത്തമകവിതയോ?
ഈ പ്രപഞ്ചത്തേക്കാള്‍ വലിയ ഉത്തമകവിത മറ്റെന്തുണ്ട്? രസാത്മകമായ ഉത്തമകവിത! ഇതിന്റെ നിര്‍ജീവമായ വിവര്‍ത്തനമല്ല മനുഷ്യസാഹിത്യം. പ്രഭാതവും പ്രഭാതത്തിന്റെ കടലാസു ചിത്രവും ഒന്ന് ഒത്തുനോക്കൂ!
അങ്ങേയ്ക്കു പ്രത്യേക ശീലങ്ങളുണ്ടോ?
ദുശ്ശീലങ്ങളാണേറെ! നല്ലതും ചിലത് ഉണ്ടെന്നു തോന്നുന്നു. അതിലൊന്ന് ഇതാണ്. താങ്കള്‍ എന്തു പറയും എന്നറിഞ്ഞുകൂടാ. പറയാം. എല്ലാവരും ഉറക്കമായാല്‍, വിളക്കണച്ച് തുറന്ന സ്ഥലത്ത്, ഇരുട്ടത്ത് ഒറ്റയ്ക്കിരുന്ന് നക്ഷത്രം നിറഞ്ഞ നീലാകാശം നോക്കിയിരിക്കുക. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥപാരായണമാണത്. മനുഷ്യനെ ഒറ്റയ്ക്കും ഒറ്റയായും പെരുപ്പിച്ചും കാണാനിഷ്ടമില്ല. പ്രപഞ്ചകുടുംബത്തിലെ ഒരംഗമായി, മഹാസമുദ്രത്തിലെ നുരയായി മനുഷ്യനെ കാണാനിഷ്ടപ്പെടുന്നു. പുറംകണ്ണടച്ച്, ഭാവന-ദൃഷ്ടി-ദിവ്യദൃഷ്ടി-യില്‍ക്കൂടി എല്ലാം കാണാനാശിക്കുന്നു. കുട്ടിയുടെ ലോകം ഭാവനാലോകമാണ്. കവിയുടേതും ഭാവനാലോകം തന്നെ. ഒരു ഇളംപൈതലിന്റെ കണ്ണില്‍ എല്ലാം സുന്ദരമാണ്, അത്ഭുതമാണ്. മുറ്റത്തെ പുല്‍ക്കൊടി, ഒരു ഉരുളന്‍കല്ല്, മണല്‍ത്തരി, കൊഴിഞ്ഞുവീണ പക്ഷിത്തൂവല്‍ - എല്ലാം അദ്ഭുതമാണ്. ഒരു ഇളംപൈതലിന്റെ ജിജ്ഞാസ - അടങ്ങാത്ത ജിജ്ഞാസ, അത്ഭുതം, ആനന്ദം - ഈ ഹൃദയമുള്ളവനേ കവിയാവാന്‍ കഴിയുള്ളൂ. അവന്‍ കല്ല് കല്‍ക്കണ്ടമാക്കുന്നു. തെങ്ങിന്‍മടലിനെ കാളയാക്കുന്നു, പൂച്ചക്കുട്ടിയെ ഉമ്മവെക്കുന്നു, തീക്കനല്‍ കടന്നെടുക്കുന്നു, പാമ്പിനെ വാരിയെടുക്കുന്നു - ഈ ഭാവനാവിലാസം നിലനിര്‍ത്തുന്നവന്‍ ആജീവനാന്തം കവിയാവുന്നു.
കുഞ്ഞിരാമന്‍നായരുടെ ലോകവീക്ഷണത്തെപ്പറ്റി മനസ്സിലായി. ഇത്തരമൊരു വീക്ഷണമുണ്ടായിത്തീരാന്‍ ഇതിഹാസങ്ങളും ഉപനിഷത്തുകളും ഏറെ സ്വാധീനം ചെലുത്തിയിരിക്കണമല്ലോ.
പുത്രരക്തത്തില്‍ പിതൃരക്തബിന്ദുക്കള്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടോ, എന്നാണല്ലോ ചോദ്യം. താങ്കള്‍ക്കറിയാവുന്ന സംഗതിയല്ലേ അത്. ഏതു കവിയുടെയും പ്രാണവായുവില്‍ അതാതു നാട്ടിലെ ഇതിഹാസവും സംസ്‌കാരവും ചരിത്രവും അവനറിയാതെ കൈ ചെലുത്തുന്നുണ്ട്.
കൂട്ടത്തില്‍ ഒരു ചോദ്യം -കുഞ്ഞിരാമന്‍നായര്‍ ആദ്യകാലത്ത്, ബംഗാളി നാടകങ്ങള്‍ ഒന്നാന്തരമായി തര്‍ജമ ചെയ്തിട്ടുണ്ടല്ലോ. പ്രത്യേകിച്ചും ദ്വിജേന്ദ്രലാല്‍ റോയിയുടെ. അങ്ങേയ്ക്ക് ബംഗാളി വശമുണ്ടോ? അറിയാവുന്ന, അവഗാഹമുള്ള മറ്റു ഭാഷകളേതെല്ലാമാണ്?
എന്റെ ജന്മദേശം കാഞ്ഞങ്ങാടാണെന്ന് അറിയുമല്ലോ. സ്‌കൂളില്‍ പഠിച്ചതു കര്‍ണാടകമാണ്. ബംഗാളി അറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ, കര്‍ണാടകത്തില്‍നിന്നാണ് പ്രശസ്ത നാടകങ്ങള്‍ ഞാന്‍ മലയാണ്മയ്ക്കു കാഴ്ചവെച്ചത്.
അതു ശരി. ജന്മദേശം വിട്ട് മധ്യമലയാളത്തില്‍ത്തന്നെ ഏതാണ്ട് സ്ഥിരവാസമായത് എന്തുകാരണത്താലാണ്?
ഒരു സാഹിത്യകാരന് പറ്റിയ അന്തരീക്ഷമല്ല വടക്കുള്ളത് എന്നെനിക്കു തോന്നി. കാഞ്ഞങ്ങാട്ട് കൃഷിയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ്. നല്ല പത്രമാസികകളോ പ്രസിദ്ധീകരണശാലകളോ ഇന്നും വടക്കില്ല. ഒരുദാഹരണം പറയട്ടെ. ഓണക്കാലത്തെപ്പറ്റി ഒട്ടേറെ കവിതകളുണ്ടല്ലോ? ഇതിന്റെയെല്ലാം പശ്ചാത്തലം മധ്യകേരളമാണ്. ഓണാഘോഷം മധ്യകേരളത്തിലാണ്. അതു നടന്നുകണ്ടാണ് കവിതയെഴുതിയത്. മധ്യകേരളത്തിലെ തിരുവാതിരയെപ്പറ്റിയും ഒട്ടേറെ കവിതയുണ്ട്. തിരുവാതിരയും കണ്ട് അനുഭവിച്ചതാണ്. ഒന്നിനുവേണ്ടി ജനിച്ച്, ഒന്നിനുവേണ്ടി ജീവിച്ചു മരിക്കണമെന്നു ഞാന്‍ പണ്ടേ ആശിച്ചു. ഇന്നും ആശിക്കുന്നു. മധ്യകേരളത്തില്‍ പല സ്ഥലങ്ങളിലുമുണ്ടായ ബന്ധങ്ങള്‍പോലും ഗ്രാമീണജീവിതം നേരില്‍ക്കണ്ടു കവിതയില്‍ പകര്‍ത്തുക എന്ന സ്വപ്നം വച്ചായിരുന്നു. സത്യം പറയട്ടെ ചങ്ങാതി! ഞാന്‍ ജീവിതത്തില്‍ ഒരു സ്ത്രീയെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു. ആത്മാര്‍ഥമായി! അവളുടെ പേരിതാണ് - കവിത!
സാഹിത്യജീവിതംകൊണ്ട് അങ്ങേക്കെന്തു നേട്ടമുണ്ടായി?
സാഹിത്യജീവിതത്തിനുവേണ്ടി, ഭൗതികമായതെല്ലാം നഷ്ടപ്പെടുത്തിയവനാണ് ഞാന്‍. അതെല്ലാം നീണ്ട കഥകളാണ്. അതിന്റെ ലാഭനഷ്ടങ്ങള്‍ നോക്കിയിട്ടില്ല.
പല വ്യാഖ്യാതാക്കളും നിരൂപകരും അങ്ങയുടെ കവിതകളുടെ അന്തര്‍ധാരയായി ഒഴുകുന്ന വിഷാദഭാവത്തെ, വ്യക്തിപരമായ വിഷാദമായി വിലയിരുത്തിയിട്ടുണ്ട്. അതേക്കുറിച്ച് വല്ലതും പറയാനുണ്ടോ?
ഏവര്‍ക്കും വ്യക്തിപരമായ വിഷാദങ്ങള്‍ കാണും. എന്നാല്‍ എന്റെ കവിതയില്‍ കാണുന്ന ആ വിഷാദം ഒട്ടും തന്നെ വ്യക്തിപരമല്ല. അതു സ്വതന്ത്രഭാരതത്തിന്റെ വിഷാദവും നിരാശയുമാണ്. ആത്മാവ് നഷ്ടപ്പെട്ട സ്വതന്ത്ര ഭാരതത്തിന്റെ... അതിന്റെ സ്വരൂപം വിഷാദമാണെന്ന് ചിലരെങ്കിലും അറിയും.
അപ്പോള്‍ ഒരു ചോദ്യം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒട്ടനവധി കവിതകളിലൂടെ പോരാടിയ ഒരു കവിയാണല്ലൊ അങ്ങ്. സ്വാതന്ത്ര്യാനന്തര ഭാരതത്തെപ്പറ്റി എന്തു തോന്നുന്നു? ആശയോ, നിരാശയോ?
അതിനുത്തരം 'നരബലി', 'മാതൃചരണങ്ങളില്‍' തുടങ്ങിയ കവിതകള്‍ പറയും.
മലയാള കവിതാരംഗത്തെ പരീക്ഷണങ്ങളെന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക കവിതകളെക്കുറിച്ച്, പുതിയ എഴുത്തുകാരെപ്പറ്റി അങ്ങേയ്ക്കുള്ള അഭിപ്രായമെന്താണ്?
കവിത എന്നും കവിത തന്നെ. ഇന്നലെയുടെ തുടര്‍ച്ചയാണ് ഇന്നെന്ന പൂമൊട്ട്. അതിന്റെ തുടര്‍ച്ചയാണ് നാളെയെന്ന പൂവ്. ഒരു ചങ്ങലക്കണ്ണിയുടെ തുടര്‍ച്ച. മാറ്റമാണ് പ്രകൃതി. സ്വാഭാവികമായ വളര്‍ച്ച സുഖമാണ്. കരുത്തന്മാര്‍ എന്നുമുണ്ടാകും. ഒരിക്കലും പൂക്കളവസാനിക്കുന്നില്ല. എന്നാലൊന്നുണ്ട്. ഏതു കലയുടെയും ആത്മാവ് രസമാണ്. ഉടല്‍ സൗന്ദര്യവും.
അടുത്ത കാലത്തായി വളരെയധികം വിലയിരുത്തപ്പെട്ടിട്ടുള്ള ഒരു മലയാള കവിയാണ് അങ്ങ്. നിരൂപകര്‍ വിവിധ വീക്ഷണകോണുകളിലൂടെ അങ്ങയുടെ കവിതയെ നോക്കിക്കണ്ടിട്ടുണ്ട്. ഒരേ ഒരു ചോദ്യം - മലയാളത്തിലെ നിരൂപണത്തെക്കുറിച്ച് എന്താണഭിപ്രായം?
മലയാള നിരൂപണഗോദയിലെ പ്രമുഖഗുസ്തിവിദഗ്ധനായിരുന്ന നമ്മുടെ കുട്ടികൃഷ്ണമാരാരു പോലും, ഒറ്റയ്ക്കിരിക്കുമ്പോള്‍ തന്റെ പഴയ നിരൂപണ വിക്രിയകളെക്കുറിച്ച് ഓര്‍ത്തു പശ്ചാത്തപിക്കുന്നതായി ആരോ പറഞ്ഞു കേള്‍ക്കുകയുണ്ടായി. പലരും പശ്ചാത്തപിക്കുവാന്‍ ഇനിയും ബാക്കിയാണ്- മനസ്സാക്ഷിയുടെ കുത്തേറ്റ്.
ഭാവി പരിപാടിയെന്താണ്?
ഭാവി പരിപാടി ഇതു മാത്രമാണ്. മരണം! അവള്‍ക്കു വേണ്ടി - അതെ! കവിതയ്ക്കുവേണ്ടിയുള്ള മരണം. ആ നിത്യകന്യകയ്ക്കു വേണ്ടിയുള്ള നിരന്തര മരണം...! അനശ്വരമായ മരണം!

പേജിലേക്ക്

Monday, September 5, 2011

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല - അഭിമുഖം: പിണറായി വിജയന്‍ / പി.കെ. പാറക്കടവ്



പ്രതിച്ഛായയുടെ തടവുകാരനല്ല പിണറായി വിജയന്‍.
മുണ്ടയില്‍ കോരന്‍െറയും കല്യാണിയുടെയും മകനായ വിജയന്‍ കേരളത്തിലെ
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മംകൊടുത്ത പിണറായിയില്‍നിന്ന് ഒരു സാദാ കമ്യൂണിസ്റ്റുകാരനായി
തുടങ്ങി പാര്‍ട്ടിയുടെ അമരത്തെത്തി. ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള,
സംഘടനാകാര്യങ്ങളിലും പാര്‍ട്ടിനിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത,
കാര്‍ക്കശ്യമുള്ള പിണറായി, മാധ്യമങ്ങളുടെ ലാളനയേറ്റുവളര്‍ന്ന ഒരാളല്ല.
സമരമുഖങ്ങളിലൂടെയായിരുന്നു ആ യാത്ര.
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന്
ക്രൂരമായി മര്‍ദിച്ചു. വീണുപോയ പിണറായിയെ നിലത്തിട്ടുചവിട്ടി. മര്‍ദനത്തിനിടയില്‍
ഇടതുകാല്‍ ഒടിഞ്ഞു. ഏറെനാള്‍ കഴിഞ്ഞ് അന്നത്തെ ജയില്‍ എസ്.പി ജോസഫ് തോമസ്
എത്തിയപ്പോള്‍ പിണറായി പറഞ്ഞു: ‘‘കാലൊക്കെ ശരിയായി കേട്ടോ. ജയില്‍ ഞങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, നിങ്ങള്‍ക്കുള്ളതല്ല.’’എസ്.പിയുടെ മുഖം വിവര്‍ണമായി.
ലോക്കപ്പ് മര്‍ദനങ്ങളും ജയിലുകളും ഗുണ്ടാമര്‍ദനങ്ങളുമൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്
വിധിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിശ്വസിക്കുന്ന വിജയന്‍ ഇന്നും നട്ടെല്ലുവളയാതെ
തലയുയര്‍ത്തി നില്‍ക്കുന്നു.
രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്‍ററില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍
മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി പിണറായി വിജയന്‍ മനസ്സ് തുറക്കുന്നു.
സി.പി.എമ്മിനെ എപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തിയാണല്ളോ അടുത്തകാലത്ത് മാധ്യമങ്ങള്‍ പാര്‍ട്ടി വിഷയങ്ങള്‍ ആഘോഷിക്കുന്നത്. എന്താണ് കേരളത്തിലെ മാധ്യമങ്ങളും സി.പി.എമ്മും തമ്മിലുള്ള അകലത്തിനുകാരണം? കേരളത്തിലെ മാധ്യമങ്ങള്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തുന്നുണ്ട്?
l മാധ്യമങ്ങള്‍ കൃത്യമായ രാഷ്ട്രീയമുള്ള വിഭാഗമാണ്. വര്‍ഗതാല്‍പര്യമുള്ളവരാണ്. ലോകത്തുതന്നെ  കോര്‍പറേറ്റുകള്‍ക്കാണ് മാധ്യമരംഗത്ത് ആധിപത്യം. കോര്‍പറേറ്റുകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ നല്ലരീതിയില്‍ ഇടപെടും. അതായത്, മോശം കാര്യങ്ങളെതന്നെ നല്ലതായി ചിത്രീകരിക്കും. ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ ആദ്യം ഇറാഖ് വലിയ ആക്രമണകാരിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ലോകത്തിന്‍െറ ഏതുഭാഗത്തെ മാധ്യമം ആയിരുന്നാലും ആ രീതിയിലാണ് പ്രവര്‍ത്തിച്ചത്. രാസായുധം ഉണ്ടെന്ന ഭീതിപരത്തി. ആ ഭീതിയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ അവരെ ആക്രമിച്ചേ മതിയാകൂ. അതുകൊണ്ട്, അവരെ ആക്രമിക്കണം. ഇങ്ങനെയുള്ള തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. അതാണ് മാധ്യമങ്ങളുടെ ഒരു രീതി. അത് സാമ്രാജ്യത്വത്തിനുവേണ്ടി ചെയ്യുന്നതാണ്. സാമ്രാജ്യത്വത്തിന്‍െറ പങ്ക് ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര നമ്മള്‍ കാണാറില്ല.
ലോകത്ത് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ ഇത്തരം മാധ്യമങ്ങളുടെ നിലപാടുകളിലും സാമ്രാജ്യത്വത്തിന് വലിയൊരു റോളുണ്ട്. കേരളത്തില്‍ നമ്മുടെ അനുഭവമെടുത്താല്‍  കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വാഭാവികമായും എതിര്‍പ്പുള്ളവര്‍ക്ക് ശത്രുതയുണ്ടാകും. തുടക്കംമുതലേ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടായിരുന്നു. പക്ഷേ, അതില്‍നിന്ന് കുറെക്കൂടി വ്യത്യസ്തത ഇപ്പോള്‍ വന്നിട്ടുണ്ട്.  പഴയൊരു ആക്രമണരീതിയില്‍നിന്ന് വ്യത്യാസം ഉണ്ടായതായി കാണാന്‍ കഴിയും. ഒരു മാധ്യമത്തെ എടുത്താല്‍ ആ മാധ്യമം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി  വാര്‍ത്തകള്‍ കൊടുക്കും.  കാരണം, അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാണാന്‍കഴിയുന്നത് ഇത്തരം മാധ്യമങ്ങള്‍തമ്മില്‍ ഒരു യോജിപ്പ് ഉണ്ടായിരുന്നു. ആ യോജിപ്പ് മാധ്യമരംഗത്തുള്ള ഏതാനും ആളുകള്‍ ചേര്‍ന്നുണ്ടാക്കിയതാണ്. ഇത് വന്നത് ഞങ്ങളുടെ പാര്‍ട്ടിയില്‍ പാര്‍ട്ടിക്ക് ചേരാത്ത വിഭാഗീയത കടന്നുവന്ന സമയത്താണ്. ചിലര്‍ അതിന്‍െറ ഭാഗമായി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അത്തരം ചില ആളുകള്‍ കൊടുക്കുന്ന വിവരങ്ങള്‍ അതിനെ ആസ്പദമാക്കി ഒരു വിഭാഗം വാര്‍ത്തകളെഴുതുന്നു. അന്നതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് ഞാന്‍ വിളിച്ചപ്പോള്‍ വലിയ പുകിലായി. പക്ഷേ, എന്നെ എതിര്‍ത്തവര്‍ക്കടക്കം പിന്നെ ഈ പറയുന്ന ഒരു കാര്യം ഉണ്ട് എന്ന് ചിലര്‍ സമ്മതിച്ചു. ചിലര്‍ സമ്മതിച്ചില്ളെങ്കില്‍പോലും ബോധ്യപ്പെട്ടു. സി.പി.എമ്മിനെതിരെ പ്രചാരണം നടത്തിയവര്‍ ഉദ്ദേശിച്ചകാര്യം വാര്‍ത്തയായി ഒന്നില്‍ വന്നു. ആ പത്രത്തില്‍ മാത്രം വന്നാല്‍ അത് അവരുടെ സൃഷ്ടിയാണെന്ന് കരുതും.
എന്നാല്‍,  മൂന്നു നാലു മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത ഒരേപോലെ പദാനുപദം വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെ പദാനുപദം വ്യത്യാസമില്ലാതെ വന്നപ്പോഴാണ് ഇതൊരു പ്രത്യേക കേന്ദ്രത്തില്‍നിന്ന് വന്നതാണെന്ന തോന്നല്‍ ഉണ്ടായത്. ഇത് വിശ്വാസ്യത ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാത്തിലും  ഒരുപോലെ വാര്‍ത്ത വന്നാല്‍ അത് ആളുകള്‍ വിശ്വസിക്കും. അങ്ങനെയൊരു  അവസ്ഥ ഈ അടുത്തകാലത്തായി ഉണ്ടായി. അതില്‍ ഒരു ഭാഗത്ത് മാധ്യമ പ്രവര്‍ത്തകരുടെ മിടുക്കാണെന്നുതോന്നും. പാര്‍ട്ടിക്കകത്തുണ്ടായിരുന്ന വിഭാഗീയതുടെ ഭാഗമായി പാര്‍ട്ടിക്കകത്തെ ചില കാര്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ചിലര്‍ തയാറായതിന്‍െറ ഭാഗമായിട്ടുകൂടിയാണ് ഇക്കാര്യങ്ങളൊക്കെ വന്നത്. പിന്നെ, അതൊരു സംസ്കാരമായി വരുന്ന സ്ഥിതിയുണ്ടായി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ മാധ്യമരംഗത്തും പുതിയ തലമുറകളൊക്കെ കാണുമല്ളോ. പഴയ ആളുകള്‍ക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏതെങ്കിലും ചില വാര്‍ത്തകള്‍കൊണ്ട് തകര്‍ക്കാന്‍ കഴിയില്ളെന്ന് അവരുടെ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പുതിയ ചെറുപ്പക്കാര്‍ കരുതുന്നത് ഇത് പാര്‍ട്ടിയെ ഉലയ്ക്കും. അതുകൊണ്ട്, അവരെ തളര്‍ത്താനാകും എന്നുള്ള ചില കണക്കുകൂട്ടലുകളുമായി ആഞ്ഞാക്രമിക്കുന്ന ഒരു സ്ഥിതിയുണ്ടായി. പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അതിന്‍േറതായ പ്രത്യേകതകള്‍ ഉണ്ടെന്നും എന്തെല്ലാം തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടാലും ആ ഒരു പ്രചാരണത്തിന്‍െറ ഭാഗമായിമാത്രം ആ പ്രസ്ഥാനം തകര്‍ന്നുപോകില്ല എന്ന് അവര്‍ക്കും ബോധ്യമായി. പിന്നെ, കുറച്ചൊരു സാവകാശം ഉണ്ടായി.  എന്നാലും ഇടക്ക് കാര്യങ്ങള്‍ തികട്ടിവരുന്നുണ്ട്. ഇപ്പോള്‍ സമ്മേളനം അടുത്തുവരുന്നുണ്ട്. സമ്മേളനം അടുത്തുവരുമ്പോള്‍ കുറച്ചുകൂടി പണികളെല്ലാം വീണ്ടും ഒന്നു ശക്തിപ്പെടുത്താന്‍ നീക്കങ്ങള്‍ തുടങ്ങിയതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. അത് സമ്മേളനം അടുക്കുന്നതിന്‍െറ ഭാഗമായിട്ടുമാത്രമേ കാണാനാകൂ. എന്നാല്‍, അതൊന്നും പാര്‍ട്ടിയെ അത്രകണ്ട് ബാധിക്കുന്ന ഒരുകാര്യമായി ഞാന്‍ കാണുന്നില്ല.
അടിയന്തരാവസ്ഥയിലടക്കം പോരാട്ടങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. തികച്ചും രാഷ്ട്രീയ അച്ചടക്കംപാലിക്കുന്ന താങ്കളെ മുന്‍വിധിയോടെ വ്യക്തിപരമായി ആക്രമിക്കുന്ന മാധ്യമങ്ങള്‍ എന്താണ് ശത്രുവിനെപോലെ കാണുന്നത്?
l മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ ഒന്നുംതന്നെ ഞാന്‍ വ്യക്തിപരമായി കണ്ടിട്ടില്ല. കാരണം, എനിക്കുണ്ടായിരുന്ന ഒരു ബോധ്യം, ഏതെങ്കിലുമൊരു കാര്യം പറഞ്ഞ് എനിക്കുനേരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് എന്നെയങ്ങ് തകര്‍ത്തുകളയാന്‍ പറ്റും എന്ന  ഒരുനില ഒരിക്കലും എന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. അങ്ങനെ ആശങ്കപ്പെടാതിരിക്കുന്നതിന് എന്‍േറതായ ജീവിതരീതി ഒരു ഘടകമായിരുന്നു. പക്ഷേ, സി.പി.എമ്മിന്‍െറ സംസ്ഥാന സെക്രട്ടറിയായി എപ്പോഴാണോ ഞാന്‍ വന്നത് അതിനുശേഷമാണ് ഈ ആക്രമണമൊക്കെ വന്നത്. രാഷ്ട്രീയ ശത്രുത അതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ജീവനെടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. വലിയതോതില്‍ ശത്രുക്കള്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ, അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലയാണ് ഈ സി.പി.എം സെക്രട്ടറിയായി വന്നശേഷം ഉണ്ടായിട്ടുള്ളത്. അതിന്‍െറ കാര്യം സി.പി.എമ്മിനെ ആക്രമിക്കുക. പാര്‍ട്ടിയെ ആക്രമിക്കുന്നതിനുവേണ്ടി പാര്‍ട്ടിയുടെ പ്രതീകമായി ഇട്ടുകൊണ്ട്  എന്നെ ആക്രമിക്കുക. പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പ്രസ്്ഥാനത്തെ ആക്രമിക്കുമ്പോള്‍ അതിന്‍െറ നേതൃത്വത്തിന്‍െറ വിശ്വാസ്യതയെ തകര്‍ത്തെറിയുക വളരെ പ്രധാന സംഗതിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത നേതൃത്വത്തിന് മറ്റ് നേതൃത്വങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു സ്ഥാനംതന്നെയുണ്ട്. ആ നേതൃത്വത്തിന്‍െറ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. ഇത് ജീര്‍ണിച്ചതാണ്, അഴിമതിനിറഞ്ഞതാണ്. അങ്ങനെയൊക്കെയുള്ളതരത്തില്‍ പ്രചാരണം നടത്തി ആളുകളിലേക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. അപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ വരുമ്പോള്‍ മറ്റ് ആശങ്കകള്‍ സാധാരണ നിലക്ക് ഉയരുന്നില്ല. മന്ത്രിയായി ഇരിക്കെയാണ് ഞാന്‍ സെക്രട്ടറിസ്ഥാനത്തേക്ക് വരുന്നത്. സാധാരണനിലക്ക് മന്ത്രിയൊക്കെ ആയിരിക്കുമ്പോഴാണല്ളോ വലിയ ആക്ഷേപങ്ങളും ആരോപണങ്ങളുമൊക്കെ ഉണ്ടാകുന്നത്. ആ ഘട്ടത്തില്‍ അങ്ങനെയൊരു ആക്രമണത്തിനും ഞാന്‍ ഇരയായിരുന്നില്ല. മാത്രമല്ല, പിന്നെ എന്നെ അതിശക്തമായി എതിര്‍ത്ത മാധ്യമങ്ങള്‍ ആ ഘട്ടത്തില്‍ വ്യക്തിപരമായിതന്നെ എന്നെ അനുമോദിച്ചിരുന്നു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി സ്ഥാനത്തേക്ക് പോകുമ്പോള്‍ അവരുടെ അഭിപ്രായമായിട്ടുതന്നെ പറഞ്ഞത് സംസ്ഥാനത്തിനു നഷ്ടവും പാര്‍ട്ടിക്ക് നേട്ടവും എന്നാണ്. അതൊക്കെ അവര്‍ എനിക്കുതന്ന കോംപ്ളിമെന്‍റുകളാണ്. അങ്ങനെയെല്ലാമുള്ള അവര്‍ മാറിയത് പാര്‍ട്ടിയെ എതിര്‍ക്കുക എന്നുള്ളതുകൊണ്ടാണ്. അങ്ങനെയേ ഞാനതിനെ കാണുകയുള്ളൂ. പക്ഷേ, വലിയ വ്യാപകമായ പ്രചാരണമാണല്ളോ വന്നത്. അത് നേരത്തേ പറഞ്ഞതുപോലെ അല്‍പം പാര്‍ട്ടിക്കകത്തുണ്ടായ വിഭാഗീയതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍കൂടിയുണ്ട്. അതിലപ്പുറം ഞാനതിലേക്ക് പോകുന്നില്ല. അങ്ങനെയെല്ലാം എതിര്‍പ്പുകള്‍ വരുമ്പോള്‍ ചിലര്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് ഉറങ്ങാനൊക്കെ കഴിയുന്നുണ്ടോ?
പക്ഷേ, എന്നെ അതൊന്നും ആ തരത്തില്‍ ബാധിച്ചിട്ടില്ല എന്നായിരിക്കും മറുപടി. കാരണം, പരസ്യമായി ഞാന്‍ പല പത്രസമ്മേളനങ്ങളിലും പറഞ്ഞ ഒരു കാര്യമുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ. അങ്ങനെ എന്തെങ്കിലുമൊരു മോശമായ കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലാണ് ഇത്തരം കാര്യങ്ങളൊക്കെവരുമ്പോള്‍ നമ്മള്‍ പതറിപ്പോകുന്നത്. അല്ളെങ്കില്‍, വളരെ മോശമായ കാര്യംപറയുമ്പോള്‍ ഒരു ചെറുചിരിയോടെ നമുക്കത് കേള്‍ക്കാന്‍ കഴിയും.
വിദേശ മലയാളിയുടെ വീട് ഇന്‍റര്‍നെറ്റിലൂടെയും ചില മാധ്യമങ്ങളിലൂടെയും പിണറായി വിജയന്‍െറ വീടാണെന്ന തലക്കെട്ടില്‍ പ്രചരിപ്പിച്ചില്ളേ. വ്യക്തിപരമായി ആക്രമിക്കുന്ന അത്തരം സംഘടിത പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?
l അതായത്, നമ്മുടെ മാധ്യമങ്ങളുടെ കൂട്ടത്തില്‍ നാം കാണേണ്ട ഒരു കാര്യം, നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗം ചില കാര്യങ്ങള്‍മാത്രം മനസ്സിലാക്കുന്നവരാണ്. ഒരു മാധ്യമത്തിന്‍െയും പേര് ഞാന്‍ പറയുന്നില്ല. പക്ഷേ, ഒരു മാധ്യമം മാത്രം വായിക്കുന്ന ചില ആളുകള്‍ ഉണ്ടാകും. അവരുടെ മുന്നില്‍ കിട്ടുന്ന ചിത്രം എന്താണ്? എന്നെ എതിര്‍ക്കുന്ന ഒരു മാധ്യമത്തിന്‍െറ വായനക്കാരനോ വരിക്കാരനോ മുന്നില്‍ ഉണ്ടാകുന്നത് എല്ലാ തെറ്റുകളുടെയും മൂര്‍ത്തീകരണമായിട്ടുള്ള ഒരു മനുഷ്യന്‍ എന്നുള്ള ഒരു ചിത്രമാണ്.  ആ ഒരു ചിത്രം അവരില്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, ഏതെങ്കിലും കാലത്ത് അത്തരം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവരും എന്നുള്ളനിലയില്‍ ഞാനതിലത്ര ആശങ്കപ്പെട്ടിട്ടില്ല.
കേരളത്തിന്‍െറ പൊതുസമൂഹം മാധ്യമ സാക്ഷരത നേടണം. വാര്‍ത്തകളെ വളച്ചൊടിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുകയാണ് എന്ന് മുമ്പൊരിക്കല്‍ ആലപ്പുഴയിലെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നല്ളോ? ദൃശ്യമാധ്യമങ്ങള്‍ പൊതുവെ ഒരു വര്‍ഗീയവത്കരണ സമീപനത്തിലേക്ക് നീങ്ങുകയാണോ?
l വര്‍ഗീയതയെ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര അവഗാഹം ഇല്ലാതെയാണ് പലരും ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതായത്, പെട്ടെന്ന് ആളുകളില്‍ ഒരു എതിര്‍പ്പ് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു നിലയാണ് ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു താടിയും തൊപ്പിയും ഒക്കെ ഉണ്ടായാല്‍ അതാണ് വര്‍ഗീയത എന്ന ഒരു പ്രതീതി ജനിപ്പിക്കുന്നതരത്തിലേക്ക് നമ്മുടെ സമൂഹം എത്താന്‍പറ്റുന്ന വാര്‍ത്തകളാണ് പലപ്പോഴും  സൃഷ്ടിക്കുന്നത്. അത് ശരിയല്ല. വര്‍ഗീയത ഏത് വിഭാഗത്തില്‍നിന്ന് വന്നാലും വര്‍ഗീയതയാണ്. അതില്‍ വര്‍ഗീയതയുടെ അടിസ്ഥാനമായിട്ടെടുത്താല്‍  എപ്പോഴും നാം കാണേണ്ടത് ഭൂരിപക്ഷ വര്‍ഗീയതയാണ്  ഏറ്റവും വലിയ ആപത്ത്. ഭൂരിപക്ഷ വര്‍ഗീയത നമ്മുടെ നാട്ടിലായാലും രാജ്യത്തായാലും ഉണ്ടാക്കിയിട്ടുള്ള അപകടങ്ങള്‍ വിവരണാതീതമായിട്ടുള്ളതാണ്. എന്നാല്‍, അതിനെ നേരിടുന്നതില്‍ ഒരു തെറ്റായവശം ന്യൂനപക്ഷ വര്‍ഗീയതയിലും വന്നുചേര്‍ന്നിട്ടുണ്ട്. അതിന് ഇന്നത്തെ സാര്‍വദേശീയ സാഹചര്യവും ഒരു ഘടകമായി വന്നിട്ടുണ്ട്. എന്നാല്‍, അതാണ് പ്രധാന ആപത്തെന്ന് കണ്ടാണ് നമ്മള്‍ വലിയ തെറ്റിലേക്ക് പോകുന്നത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു സാഹചര്യം വളര്‍ന്നുവരുന്നുണ്ട്.
സി.പി.എമ്മിനുള്ളില്‍ പാരമ്പര്യവാദികളും പരിഷ്കരണവാദികളും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ടോ?
l അതൊക്കെ നമ്മുടെ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എഴുതുന്ന ആളുടെ ഭാവനക്ക് അനുസരിച്ച് കാര്യങ്ങള്‍ എത്തുന്ന നിലയുണ്ട്. യഥാര്‍ഥത്തില്‍ സി.പി.എമ്മിനകത്ത് അങ്ങനെയൊരുനില ഇല്ല. അഥവാ, അങ്ങനെ ഉണ്ടെങ്കില്‍ വരേണ്ടത് ഏതെങ്കിലും താഴേതട്ടിലല്ല, അത് നേതൃതലത്തിലാണ്. അത് ആശയമാണ്. ആശയമെന്നനിലക്ക് തെറ്റായ ആശയങ്ങള്‍ ഉണ്ടാകാം. ആശയങ്ങള്‍ ഒരുപാട് പല ഘട്ടത്തിലും പാര്‍ട്ടിക്കുള്ളില്‍ വന്നിട്ടുണ്ട്. ആ തെറ്റായ ആശയങ്ങളെ പാര്‍ട്ടി നേരിട്ടിട്ടുമുണ്ട്. ഇന്നത്തെ പാര്‍ട്ടിയുടെനില അതല്ല , ഇത്തരത്തിലുള്ള ഒരു ആശയവ്യതിയാനവും പാര്‍ട്ടിയിലില്ല. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എടുത്താല്‍ യോജിച്ചുതന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചിട്ടുള്ളത്്. അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള ആശയഭിന്നതയും നിലനില്‍ക്കുന്നില്ല. പാരമ്പര്യ വാദികളും അതിനെതിരായി നില്‍ക്കുന്നവരും എന്നൊന്നും പറയുന്ന ചിത്രം സി.പി.എമ്മില്‍ ഇല്ല. അത് വെറുതെ പറയുന്ന വാദഗതി മാത്രമാണ്. അത് കേരളത്തെ സംബന്ധിച്ച് കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതിനുവേണ്ടി കണ്ടുപിടിച്ച ഒറ്റമൂലിയായിട്ടുവരും. അതും പക്ഷേ, ചീറ്റിപ്പോയി.
കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷങ്ങള്‍, പൊതുവെ മുസ്ലിംകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയതായി ചില സൂചനകളുണ്ട്. മലപ്പുറത്ത് കോപ്പിയടിച്ചിട്ടാണ് വിജയം നേടിയത് എന്നൊക്കെയുള്ള ചില അഭിപ്രായങ്ങള്‍ വന്നിരുന്നല്ളോ? ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന എന്തെങ്കിലും നിലപാടുണ്ടോ?
l ന്യൂനപക്ഷ വിഭാഗം പ്രത്യേകിച്ച്, മുസ്ലിംവിഭാഗത്തെയെടുത്താല്‍ അത് ഇപ്പോഴും നല്ലതുപോലെ സി.പി.എമ്മുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിഭാഗമാണ്. ചിലപ്പോള്‍, ചില കാര്യങ്ങളില്‍ ചില തെറ്റിദ്ധാരണകളോ അതിന്‍െറ ഭാഗമായിട്ടുള്ള ഏകീകരണമോ ഒക്കെ വന്നിട്ടുണ്ടാകാം. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിലേടങ്ങളില്‍ ഏകീകരണം ഉണ്ടായി എന്നത് ശരിയാണ്. എന്നാല്‍, ഒരു മുസ്ലിം ഏകീകരണം ഞങ്ങള്‍ക്കെതിരായി പൂര്‍ണമായും ഉണ്ടായിരുന്നെങ്കില്‍ കോഴിക്കോട് ഞങ്ങള്‍ ഇത്തരത്തില്‍ ജയിച്ച് വരുമായിരുന്നില്ല. കോഴിക്കോട് ജില്ലയിലെ ഞങ്ങളുടെ വിജയം നല്ല നിലക്കാണ് വന്നത്. പലേടങ്ങളിലും ആ തരത്തിലുള്ള അനുഭവം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏകീകരണം ഉണ്ടായിട്ടുണ്ട്. ആ ഏകീകരണത്തിന്‍െറ ഭാഗമായി സാധാരണ വിവിധ സംഘടനകള്‍ ഉണ്ടല്ളോ. അതില്‍ ചിലരെ ആക്ഷേപിക്കാന്‍ അവരുടെ എതിരാളികള്‍ ഞങ്ങളുടെ പേരുകൂടി ചേര്‍ത്തു. എന്നാല്‍, മൊത്തത്തില്‍ അവര്‍ ഞങ്ങളെ എതിര്‍ക്കുന്ന ഒരു സമീപനമല്ല പൊതുവെ സ്വീകരിച്ചുവരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കണ്ട ഒരു പ്രത്യേകത, ഞങ്ങളുമായി നല്ല ബന്ധത്തിലുള്ള അത്തരം ചില സംഘടനകള്‍, അതില്‍ ഒരു പ്രധാനപ്പെട്ട സംഘടന നല്ല രീതിയില്‍തന്നെ ലീഗിനോടൊപ്പംനിന്നു. ലീഗാണ് അവരെ നല്ലതുപോലെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നത്. ഞങ്ങളുമായി നല്ല രീതിയില്‍ അടുക്കുന്ന അവസ്ഥ വന്നതും അതുകൊണ്ടാണ്. ഞങ്ങളാണെങ്കില്‍ മാന്യമായ സമീപനം മാത്രമാണ് സ്വീകരിച്ചത്. അല്ലാതെ, പ്രീണിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് നമ്മുടെ ശത്രുക്കള്‍ക്കുപോലും ആക്ഷേപിക്കാന്‍ കഴിയില്ല. പക്ഷേ, അവരോട്  മുസ്ലിംലീഗൊക്കെ കാണിച്ച അനീതി പരിഹരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വിചിത്രമായ നിലപാടാണ് അവരുടെ ഭാഗത്തുനിന്ന്  ഉണ്ടായത്. അത് സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതും അവര്‍ക്കുണ്ട് എന്ന് നമ്മളെല്ലാം കാണുന്ന മാന്യതക്ക് നിരക്കാത്തതുമായിരുന്നു. അതൊരു ഏകീകരണത്തിന്‍െറ ഭാഗമായിരുന്നു. ആ ഏകീകരണത്തിന്‍െറ കാരണമെന്താണെന്ന് ഞങ്ങളിനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. പൂര്‍ണ നിഗമനത്തിലെത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ?
l പാര്‍ട്ടിക്ക് പാകപ്പിഴ ഒന്നും സംഭവിച്ചിട്ടില്ല. മൊത്തത്തിലുള്ള സമീപനത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല. എന്നാല്‍, അവരില്‍ ഏതോ ഒരിനം, ഒരു കാര്യം അവരെ പ്രകോപിപ്പിച്ചിരിക്കണം. ചിലപ്പോള്‍ എന്തെങ്കിലും കാണുമായിരിക്കും. അത് ഞങ്ങള്‍ കൂടുതല്‍ പരിശോധനയിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പിന്‍െറ ഘട്ടംവരെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഞങ്ങളുമായി സംസാരിക്കുമ്പോള്‍ അവരടക്കം ഞങ്ങളോട് പറഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുംപോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പെന്നുപറയുമ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടാകും. അത് നിങ്ങളുടെ കൂടെത്തന്നെ ആയിരിക്കും എന്ന് ശക്തമായി പറഞ്ഞതാണ്. പക്ഷേ, അപ്പോള്‍ ഏതോ ഒരു കാര്യം മറച്ചുവെച്ചിട്ടുണ്ടാകും. എന്താണെന്ന് നമുക്ക് വ്യക്തമല്ല. അങ്ങനെ ഒരു നിലപാടെടുത്തതില്‍ പിന്നെ മാറിപ്പോവുകയാണ് ചെയ്തത്.
പൊതുവെ നമ്മുടെ രാഷ്ട്രീയ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിനപ്പുറം പ്രതിച്ഛായ നിര്‍മിക്കാനും നിലനിര്‍ത്താനും ഓടിനടക്കുന്ന ഒരു പ്രവണതയുണ്ട്. അടുത്തകാലത്തായി അത്  സി.പി.എം നേതാക്കളിലും കണ്ടുവരുന്നു. അതിനെ എങ്ങനെ പാര്‍ട്ടി കാണുന്നു?
l അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒരഭിപ്രായം പറയാതിരിക്കലാണ് നല്ലത്. കാരണം, അത് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തുന്ന വിഷയമാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന വാദഗതികള്‍ ഉണ്ടായിരുന്നു. അടുത്തിടെ ബിനോയ് വിശ്വം ഒക്കെ എഴുതിയിരുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?
l അത് ഇടക്കൊരു വിവാദമായി വരുകയും ഇപ്പോള്‍ ശമിക്കുകയും ചെയ്ത ഒരു വിഷയമാണ്. ഇപ്പോഴത്തെ പ്രശ്നം, നമ്മുടെ സംസ്ഥാനത്തായാലും രാജ്യത്തായാലും ഇടതുപക്ഷ ഐക്യം നല്ല രീതിയില്‍ നടപ്പില്ല എന്നതാണ്. ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി മറ്റ് ജനാധിപത്യ ശക്തികളെകൂടി  ഇടതുപക്ഷത്തിന്‍െറ കൂടെ പിടിച്ചുനിര്‍ത്താന്‍ കഴിയും. ഇപ്പോള്‍ ആ ഐക്യത്തിനാണ് നമ്മള്‍ മുന്‍തൂക്കം കൊടുക്കുന്നത്. ആ നിര്‍ദേശംവെച്ച ബിനോയ്വിശ്വത്തിനുമൊക്കെ ആ അഭിപ്രായംതന്നെയാണെന്ന് കാണുന്നത് സന്തോഷകരമായ കാര്യമാണ്.
കേരളത്തിലെ ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരുപതിഞ്ഞ ഒന്നായിരുന്നു ഇടതുപക്ഷപ്രസ്ഥാനങ്ങള്‍. യുവാക്കള്‍ക്കിടയിലേക്ക് വേഗത്തില്‍ വേരോട്ടം ഉണ്ടായ സംഘടന. എന്നാല്‍, അടുത്തിടെയായി യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നതിന്‍െറ തോത് കുറയുന്നു എന്നൊരു ആരോപണമുണ്ട്. അത്തരത്തില്‍ യുവാക്കളുടെ വരവിന് കുറവ് സംഭവിച്ചിട്ടുണ്ടോ?
l കേരളം നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തതയുള്ള ഒന്നായിട്ടാണ് നില്‍ക്കുന്നത്. അങ്ങനെ നില്‍ക്കുന്നതിന് ഇടയാക്കിയത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടന്നിട്ടുള്ള പഴയകാലംതൊട്ടേയുള്ള നിരവധി പ്രക്ഷോഭങ്ങള്‍, സമരങ്ങള്‍ ഒക്കെ ഒരു ഘടകമാണ്. വടക്കേ മലബാറിനെയൊക്കെയെടുത്താല്‍ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കര്‍ഷകപ്രസ്ഥാനം ശക്തിപ്പെട്ടുവന്നു. വിവിധതരത്തിലുള്ള പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ഈ പറയുന്ന, അവശരായി നില്‍ക്കുന്ന ആളുകളെ നല്ലരീതിയില്‍ സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവന്നത്. ഒരുപാട് എതിര്‍പ്പുകള്‍ അന്നത്തെ ജന്മിമാരില്‍നിന്നും നാടുവാഴികളില്‍നിന്നും ഉണ്ടായിട്ടുണ്ട്. അന്നത്തെ സമരത്തിന് നേതൃത്വം നല്‍കിയവരെ തല്ലാനും കൊല്ലാനും കഴിവുള്ളവരായിരുന്നു എതിരാളികള്‍. ഇതിനെയൊക്കെ നേരിട്ടുകൊണ്ടാണ് ഓരോ ദേശത്തും പ്രസ്ഥാനം വളര്‍ന്നുവന്നത്. അങ്ങനെ വളര്‍ന്ന ഒരു ഇടതുപക്ഷ സ്വാധീനം കേരളത്തില്‍ ശക്തമായി. കേരളത്തിലെ ഇടതുപക്ഷ സ്വാധീനം എന്നുപറയുന്നത് ചെറുതല്ല. കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷക്കാരനില്‍പോലും ഇടതുപക്ഷത്തിന്‍േറതായ ഒരു സ്വാധീനം ഉണ്ടായിരുന്നു. അതാണ് ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം.  യഥാര്‍ഥത്തില്‍, ’57ല്‍ തന്നെ ഈ അപകടം സാമ്രാജ്യത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആ ഗവണ്‍മെന്‍റിനെ തിരിച്ചിറക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പണം ഇറക്കിയത്. അമേരിക്കന്‍ സാമ്രാജ്യത്വം കേരളത്തിലെ ഒരു ഗവണ്‍മെന്‍റിനെ താഴെയിറക്കാന്‍ എന്തിനാ പണം ചെലവാക്കുന്നത്. ലോകത്തിന്‍െറ മൂലക്കുള്ള ഒരു ഗവണ്‍മെന്‍റ്, ചെറിയ ഒരു സംസ്ഥാനത്ത്  കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ഉണ്ടായാല്‍ അവര്‍ക്കെന്താ അപകടം ഉണ്ടാവുക? പക്ഷേ, അവര്‍ ചിന്തിച്ചത് അങ്ങനെയല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചാല്‍ അത് ആപത്താണ്. അത് രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിവന്നാല്‍, അത് ഇന്ത്യയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒക്കെ കണ്ടുകൊണ്ടാണ് അവര്‍ തടയാന്‍ ശ്രമിച്ചത്. എന്നാലതിന്‍െറ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരെയുള്ള ഒരു കൂട്ടുകെട്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമമുണ്ടായി. അതിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേരിട്ടു. രാഷ്ട്രീയമായിത്തന്നെ നേരിട്ടു. ഈ രാഷ്ട്രീയമായ ഏറ്റുമുട്ടലുകള്‍ ദശാബ്ധങ്ങള്‍ നിലനിന്നുപോന്നു. അപ്പോഴേക്കും ഇന്ത്യയിലാകെയും ശക്തമായി വന്ന കോണ്‍ഗ്രസ് രാജ്യത്ത് ഏകകക്ഷി മേധാവിത്വത്തിന്‍െറ അവസ്ഥയില്‍നിന്ന് ഇല്ലാതായി. അതൊന്നും ഒരു കാലത്തും ഇന്ത്യയില്‍ ഊഹിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. അങ്ങനെയൊരു തകര്‍ച്ച അവര്‍ക്ക് സംഭവിച്ചു. തകര്‍ച്ച വന്നപ്പോള്‍ പകരംവരാന്‍ നോക്കുന്നത് രാജ്യത്തിന് വലിയ ആപത്തുളവാക്കുന്ന വര്‍ഗീയശക്തികളാണ്. ആറ് വര്‍ഷക്കാലം ബി.ജെ.പിയുടെ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിനുണ്ടായ ആപത്ത് ചെറുതല്ല. എന്നാല്‍, ഇതില്‍ രണ്ടില്‍നിന്നും വ്യത്യസ്തമായ ഒരു ഗവണ്‍മെന്‍റ് ദേശീയതലത്തില്‍ രൂപവത്കരിക്കാന്‍വേണ്ട ശ്രമങ്ങള്‍ നടന്നു. അത് വളരെ കുറഞ്ഞകാലത്ത് മാത്രമേ ദേശീയ രാഷ്ട്രീയത്തില്‍ നിലനിന്നുള്ളൂ. ഇതുമായിട്ടൊക്കെ ബന്ധപ്പെട്ട് കേരളത്തില്‍ വന്നുചേര്‍ന്ന ഒരു സാഹചര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒക്കെ രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പോറലൊന്നും ഏല്‍ക്കാതെ നിലനിന്നു. വമ്പിച്ച കുതിച്ചുചാട്ടം സ്വാധീനത്തില്‍ ഉണ്ടായെന്ന് പറയാന്‍ കഴിയില്ല. സ്വാധീനത്തില്‍ കുതിച്ചുചാട്ടം ഇല്ലാതിരുന്നതിന് ഒരു കാര്യം കേരളത്തിന്‍െറ സാമൂഹിക വിഭാഗങ്ങളെ നോക്കിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആ വിഭാഗത്തില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറുകയാണ് ചെയ്തത്. അവരെ മതമേധാവികളും മറ്റും പറഞ്ഞ് ധരിപ്പിച്ചിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നുപറഞ്ഞാല്‍ എന്തോ മതത്തിനെതിരായിട്ടുള്ള ഒരു വിഭാഗം ആണെന്നാണ്. അത് വലിയ ആപത്താകും എന്നുപറഞ്ഞിരുന്നു. പക്ഷേ, അവര്‍ സ്വന്തം അനുഭവത്തില്‍നിന്ന് അവര്‍ക്ക് മനസ്സിലായി ഇത് ആപത്തൊന്നും അല്ല എന്ന്. അങ്ങനെ നല്ലമാറ്റം ഉണ്ടായി. അതില്‍ ഏറ്റവും കൂടുതല്‍ മാറ്റം മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്നാണ് സംഭവിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാനിടയായ സാഹചര്യങ്ങള്‍ ഉണ്ടായി. ഈ സാഹചര്യം വന്നപ്പോഴാണ് സമൂഹത്തില്‍ ശക്തമായ അരാഷ്ട്രീയവത്കരണത്തിനുള്ള ശ്രമം വന്നത്. കേരളത്തിലെ ഇടതുപക്ഷത്തിനെതിരായിട്ടുള്ള ശ്രമമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിക്കാതിരിക്കാന്‍വേണ്ടിയുള്ള ശ്രമമാണ് ഉണ്ടായത്. യഥാര്‍ഥത്തില്‍ അതിന്‍െറ പിന്നില്‍ നമ്മള്‍ ഇവിടെ കാണുന്ന ശക്തികള്‍ മാത്രമല്ല. അതിന്‍െറ പിന്നില്‍ സാമ്രാജ്യത്വമാണ്. നമ്മുടെ യുവത്വത്തെ അരാഷ്ട്രീയവത്കരിച്ച് ഒന്നിനും പറ്റാത്തവരാക്കുക, സമൂഹത്തിന് പറ്റാത്തവരാക്കുക. ഇതാണ് അവര്‍ ഉദ്ദേശിക്കുന്ന കാര്യം. അത് ബോധപൂര്‍വം നടക്കുന്നുണ്ട്. അതിനെ നേരിട്ടുകൊണ്ടുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വന്നത്. ആ നേരിടാനുള്ള ശ്രമം കമ്യൂണിസ്റ്റ് പാര്‍ട്ടി നല്ല നിലക്ക് നടത്തുന്നു. എന്നാല്‍, നമുക്കത് ഉണ്ടാക്കാന്‍ ഇടയുള്ള ആപത്ത് തിരിച്ചറിഞ്ഞ് നമ്മുടെ സമൂഹത്തിലെ ജനാധിപത്യശക്തികള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ല എന്ന ഒരു ദൗര്‍ഭാഗ്യവും ഉണ്ട്. ചിന്ത ഒരു ഭാഗത്ത്, അങ്ങനെയെല്ലാം കൂടി ഈ അരാഷ്ട്രീയവാദം വളര്‍ന്നു. അതിനെ നേരിട്ടുകൊണ്ടാണ് നമ്മുടെ പ്രസ്ഥാനം വളര്‍ന്നത്. വിദ്യാര്‍ഥികളെയാണെങ്കിലും യുവജനങ്ങളെയാണെങ്കിലും മഹിളാരംഗത്തെയാണെങ്കിലും എല്ലാം ശക്തിപ്പെടുത്താനുള്ള ശ്രമം ഞങ്ങള്‍ നടത്തി. അതിലൊരു വല്ലാത്ത പിറകോട്ടുപോക്ക് ഉണ്ടായെന്നുപറയാന്‍ കഴിയില്ല. എന്നാല്‍, ഈ പറഞ്ഞ ഒരാപത്തുണ്ട്. ആ ആപത്തുകാരണം ജനാധിപത്യശക്തികളും ഇതില്‍ നല്ല പങ്ക് വഹിക്കേണ്ടവരാണ്. അവരിതിനെ താല്‍ക്കാലികമായിട്ടാണ് കാണുന്നത്. രാഷ്ട്രീയരംഗത്ത് ഒരുപാട് കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ട്. രാജ്യവ്യാപകമായിതന്നെ നടക്കുന്ന അഴിമതിയുടെ കാര്യങ്ങളും മറ്റും എടുത്താല്‍ ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളാണ്. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയരംഗം എന്നുള്ളത് വല്ലാതെ മലീമസമായിപ്പോകുന്നു എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട് എന്നുതന്നെയാണ് ഓര്‍മിപ്പിക്കാനുള്ളത്.
നമ്മുടെ കാമ്പസുകളില്‍ അടുത്തകാലത്തായി മതസംഘടനകളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇത് ഇടത് വിദ്യാഭ്യാസ സംഘടനകളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടോ? ഈ പുതിയ പ്രവണതകളെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l കലാലയങ്ങളില്‍ ഒരു പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നു എന്നത് ശരിയാണ്. കലാലയങ്ങളിലൊക്കെ ഉണ്ടാകുന്നത് ചെറുപ്രായത്തിലുള്ള കുട്ടികളാണല്ളോ. അപ്പോള്‍ ചില സംഘടനകള്‍ തെറ്റായി അവരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന കാര്യം ശരിയാണ്. അതിന് വലിയ തോതില്‍ ഫണ്ടും ചെലവഴിക്കുന്നുണ്ട്. അതിലുള്ള ഒരു അപകടകരമായ വശം പരസ്പര സ്പര്‍ധ വളര്‍ത്തുന്നു എന്നുള്ളതാണ്. തമ്മില്‍ മിണ്ടാന്‍ പാടില്ല, ഇടപഴകാന്‍ പാടില്ല ഇങ്ങനെയുള്ള ചില പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, അങ്ങനെയൊക്കെ ഉണ്ടെങ്കിലും  മുന്‍തൂക്കം കൂട്ടായ്മക്കുതന്നെയാണ്. രാഷ്ട്രീയ സംഘടനകളും അതിന്‍െറ പ്രവര്‍ത്തനങ്ങളുംതന്നെയാണ് കലാലയങ്ങളെ നല്ലരീതിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍, പരസ്പരവിദ്വേഷം വിതക്കുന്ന ഏര്‍പ്പാടിനെ ഒറ്റപ്പെടുത്തുകതന്നെ വേണം.
കേരളത്തില്‍ അടിയന്തരാവസ്ഥക്കുശേഷം കാര്യമായ പ്രക്ഷോഭങ്ങള്‍ക്ക് അവസരം ഉണ്ടായിട്ടില്ല. എങ്കിലും ചെറിയതോതിലുള്ള സമരങ്ങള്‍ വേണ്ടിവന്നു.   എന്നാല്‍, ആ സമരങ്ങള്‍ പലതും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകളുടെ ഭാഗമായി അവസാനിച്ചു.  എന്താണ് ഇപ്പോള്‍ സമരങ്ങള്‍ ദുര്‍ബലമായി പോകുന്നത്? സ്വാശ്രയ സമരംതന്നെ ആയുസ്സില്ലാതെ തീവ്രത കുറഞ്ഞുപോയതായി ആരോപണവുമുണ്ട്?
l സ്വാശ്രയ പ്രശ്നം നേരത്തേ 2001 -2006 കാലഘട്ടത്തിലാണ്  വരുന്നത്. അതിനു മുമ്പ് കേരളത്തില്‍ അത്തരമൊരു പ്രശ്നവുമില്ല. 1996-2001 കാലഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ സര്‍ക്കാര്‍തലത്തിലുള്ളതാണ്. ഞാന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്തുള്ളതാണ് ‘കെപ്പ്’ . സഹകരണ ഫണ്ട് ഉപയോഗിച്ച് സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 2001ല്‍ യു.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ അത് കുറെക്കൂടി വിപുലമായി. നല്ല കച്ചവട മനഃസ്ഥിതിയോടെ ആളുകള്‍ അതിലേക്ക് കടന്നുവരാന്‍ തുടങ്ങി. അതില്‍ മറ്റ് മാനദണ്ഡങ്ങള്‍ വെക്കാതെ കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അനുവദിക്കുന്ന അവസ്ഥയുണ്ടായി. യഥാര്‍ഥത്തില്‍ അതിനെതിരായിട്ടാണ് പ്രക്ഷോഭം വേണ്ടത്.
യു.ഡി.എഫ് അന്ന് പറഞ്ഞിരുന്നത് 50 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തില്‍  പ്രവേശനത്തിനു മാറ്റിവെക്കുമെന്നാണ്. അപ്പോള്‍ രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു ഗവണ്‍മെന്‍റ് കോളജ് .അതായിരുന്നു അന്നുയര്‍ത്തിയ വാദം. എന്നാല്‍, അതൊന്നും നടന്നില്ല. അതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയതും സമരങ്ങള്‍ ഉണ്ടായതുമൊക്കെ. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും ഈ പറഞ്ഞ 50 ശതമാനം നടപ്പാക്കി. കുറെകൂടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചു.  ആ കാര്യത്തില്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ അതിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അപ്പോള്‍ പഴയതില്‍നിന്ന് വ്യത്യസ്തമായ ചിത്രമുണ്ടായി. പണ്ടുനടന്ന അതേ രീതിയില്‍ സമരം നടത്തേണ്ട സാഹചര്യമില്ല. അങ്ങനെയാണ് അതിന് മാറ്റംവരുന്നത്. ഗവണ്‍മെന്‍റ്മാറ്റം മാത്രമല്ല സാഹചര്യത്തിലും മാറ്റമുണ്ടായി. എന്തിനെതിരെയാണോ സമരം നടത്തിയത് ആ പ്രശ്നത്തില്‍ അനുകൂലമായ നിലപാടുകള്‍ വന്നു. അതിന്‍െറ ഭാഗമായിട്ടുകൂടിയാണ് സമരങ്ങള്‍ ഇല്ലാതായത്.
പാര്‍ട്ടിക്കുമേലുള്ള മറ്റൊരു ആരോപണം, പാര്‍ട്ടി സഭക്ക് എതിരാണ് എന്നതാണ്. സത്യത്തില്‍ പാര്‍ട്ടി  ക്രൈസ്തവ സഭക്ക് എതിരാണോ?
l ക്രൈസ്തവ സഭ എന്നുപറയുമ്പോള്‍ നിരവധി സഭകളുണ്ട്. ആ നിരവധി സഭകളുടെ കാര്യമെടുത്താല്‍ പൊതുവെ ഞങ്ങള്‍ക്കെതിരായ ഒരു വികാരമില്ല. അതില്‍ വളരെ വാശിയോടെ ഞങ്ങളെ എതിര്‍ക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമൊക്കെ നേതൃപരമായ നിലപാട് സ്വീകരിച്ചത് കത്തോലിക്കാ സഭയാണ്.
അതിന് അവരെ എന്താണ് പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. കാരണം, ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും  ഒരു തെറ്റായ നിലപാട് ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്താല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ മേഖലയുടേതാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്ക് പഴയ ക്രൈസ്തവ മിഷനറിമാര്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ലാഭേച്ഛ ഉണ്ടായിട്ടില്ല. വേറെതരം പരാതികള്‍ അത് സംബന്ധിച്ചുണ്ട്. മതപ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നൊക്കെയുള്ള ചില പ്രചാരണങ്ങള്‍. എന്നാല്‍, വളരെ സൂക്ഷ്മതയോടെ നോക്കിയാല്‍ കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളെ ഉപയോഗിച്ച് വല്ലാത്ത മതപ്രചാരണം നടത്തിയെന്നൊന്നും പറയാനാകില്ല. മതത്തെ വളര്‍ത്താന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വല്ലാതെ നടത്തിയെന്നുപറയാന്‍ കഴിയില്ല. ലാഭം ആഗ്രഹിച്ചിട്ടേയില്ലായിരുന്നു. ഇങ്ങനെയാണ് ആര്‍ട്സ് കോളജുകളും ഹൈസ്കൂളുകളും ഉണ്ടാവുന്നത്. എന്നാല്‍, ഈ രംഗം വന്നപ്പോള്‍ ചിത്രം മാറി. ഇവിടെ വലിയ തോതിലുള്ള ലാഭത്തിലാണ് കണ്ണുവെച്ചത്. ഞങ്ങളുടെ നിലപാടും അവരുടെ നിലപാടും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസം എന്തെന്നുനോക്കിയാല്‍ ഒരു സ്വാശ്രയ കോളജ് തുടങ്ങി, ആ സ്വാശ്രയ കോളജ് നടത്തി നഷ്ടം സഹിക്കണം എന്ന് ഒരു ഘട്ടത്തിലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആ സ്വാശ്രയ കോളജ് നടത്തുന്നതിനാവശ്യമായ വരുമാനം എത്രയാണോ വേണ്ടത് അത് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാം എന്ന നിലപാടുതന്നെയാണ് എല്ലാ ഘട്ടത്തിലും ഞങ്ങള്‍ എടുത്തിരുന്നത്. തുടക്കത്തില്‍ ഒരു കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് തര്‍ക്കം ഉണ്ടായിരുന്നുള്ളൂ. ഒരു  സ്വാശ്രയ കോളജ് തുടങ്ങുന്നതിന്  സ്ഥലം വേണം, കെട്ടിടം വേണം മറ്റ് സൗകര്യങ്ങള്‍ വേണം ഇതിനെല്ലാം വേണ്ടി ഇറക്കുന്ന പണം , ആ പണം അവര്‍ക്ക് ഒരു വര്‍ഷംകൊണ്ടോ രണ്ടുവര്‍ഷം കൊണ്ടോ മൂന്നു വര്‍ഷംകൊണ്ടോ കിട്ടണം എന്നുപറഞ്ഞാല്‍ അത് ശരിയാവില്ല. അങ്ങനെ ഈടാക്കാന്‍ കഴിയില്ല. അത് സ്ഥിരമായ ആസ്തിയാണ്. എന്നുവെച്ച് അത് പൂര്‍ണമായും നഷ്ടപ്പെടുത്തണമെന്നും പറയുന്നില്ല. കുറച്ച് വര്‍ഷംകൊണ്ട് ഈടാക്കാന്‍ കഴിയുന്ന രീതി നോക്കുക. അപ്പോള്‍, ഓരോ വര്‍ഷവും കുറച്ച് മെച്ചപ്പെട്ട സ്ഥിതിയുണ്ടാവും. ഇത് ഞങ്ങള്‍ അവരുമായി സംസാരിച്ച കാര്യമാണ്. ഇതാണ് ഞങ്ങളുടെ സമീപനം. പക്ഷേ, അവര്‍ അതിനോടൊന്നും യോജിക്കാന്‍ തയാറായിരുന്നില്ല. അപ്പോഴേക്കും രാജ്യത്തൊരു ബില്‍ വന്നു. ഒരു നിയമം. അതിന്‍െറ ഭാഗമായിട്ട് മൈനോറിറ്റി സ്റ്റാറ്റസ് വന്നു. മൈനോറിറ്റി സ്റ്റാറ്റസ് കിട്ടിയാല്‍ പിന്നെ മുഴുവന്‍ കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അധികാരം ഇവര്‍ക്കാണ്. നേരത്തേ സുപ്രീംകോടതിയൊക്കെ 50 ശതമാനം പറഞ്ഞതാണ്. അതില്‍നിന്ന് വ്യത്യസ്തമായിട്ട് പൂര്‍ണമായും കുട്ടികളെ എടുക്കാനുള്ള അവകാശം അവര്‍ക്ക് കൊടുത്തു.
കേരളത്തില്‍ എന്താണ് അതിന്‍െറ സാങ്കേതികത്വം. കേരളത്തിന്‍െറ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പ്രത്യേക മൈനോറിറ്റിക്കാര്‍ക്ക് അതുകാരണം പഠിക്കാന്‍ കഴിയുന്നില്ളെന്ന സാഹചര്യം എവിടെയെങ്കിലുമുണ്ടോ? അങ്ങനെയൊരു സാഹചര്യമില്ല. അപ്പോള്‍ 50 ശതമാനം മെറിറ്റ് അടിസ്ഥാനത്തില്‍ കൊടുക്കുമ്പോള്‍ അതില്‍ റിസര്‍വേഷന്‍ വരും, പാവപ്പെട്ടവര്‍ വരും.  എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് എടുത്തത് മുന്നാക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം ഒരു നിശ്ചിത ശതമാനം പ്രവേശനം കൊടുക്കാവുന്ന, എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന ഒരു നിലപാടാണ്. ഇതിനൊന്നിനും അവര്‍ സന്നദ്ധരായില്ല. ഇതിന്‍െറ ഏറ്റവും വലിയ പ്രത്യേകത, പല ഘട്ടങ്ങളിലും അവരുമായി  മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചില ഘട്ടങ്ങളില്‍ മന്ത്രിമാര്‍ക്ക് പുറമെയുള്ളവര്‍ ചര്‍ച്ച നടത്തി. ഉന്നതരായ ബിഷപ്പുമാരുമായി ഇരുന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്‍െറ ഭാഗമായി ഏറക്കുറെ ഒത്തുതീര്‍പ്പിന്‍െറ ഘട്ടത്തില്‍ എത്തുന്നു. പരസ്പരം പറയുമ്പോള്‍ വലിയ ന്യായങ്ങള്‍ ഒന്നും ഇതിനകത്തില്ല. വേഗം കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും. അപ്പോള്‍ ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ഇനി ഒത്തുതീര്‍പ്പാകാം. പിന്നെ, പിറകോട്ടുപോകുന്നു. ഇങ്ങനെ പിറകോട്ടുപോയ ഒന്നിലധികം ഘട്ടങ്ങളുണ്ട്. ബോധപൂര്‍വമായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തിലിരുന്ന ഘട്ടങ്ങളിലൊക്കെ ഇവര്‍ സ്വീകരിച്ച നിലപാട്, ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വീകരിച്ച നിലപാട് ഗവണ്‍മെന്‍റ് അംഗീകരിച്ചില്ല. ഈ വര്‍ഷം ഉണ്ടായ ഒരു പ്രത്യേകത ആ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാട് ഗവണ്‍മെന്‍റ് അംഗീകരിച്ചുകൊടുത്തു എന്നതാണ്. കാരണം, ഗവണ്‍മെന്‍റ് ആദ്യം എടുത്ത നിലപാട് ഒരു വര്‍ഷം, ഈ വര്‍ഷം, അവര്‍ക്ക് കഴിയില്ലാ എന്നു പറയുന്നു. അതുകൊണ്ട് ഈ വര്‍ഷം അവരുടെ നിലപാട് നമുക്ക് അംഗീകരിക്കാം എന്നൊരു നിലപാട് സര്‍ക്കാര്‍ എടുത്തു.  ഇത് അവരുടെ നിലപാടുകളെ  ശരിവെച്ചുകൊടുക്കലാണ്. അത് ഇതുവരെ കേരളത്തില്‍ ഇല്ലാത്ത ഒരു നിലപാടാണ്. ഞങ്ങള്‍  അതിനെയാണ് ഇത്തവണ വിമര്‍ശിക്കുന്ന നില ഉണ്ടായത്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ യഥാര്‍ഥത്തില്‍ സാമ്പത്തിക താല്‍പര്യം വെച്ചുകൊണ്ട്  ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് എടുത്തത്. ഏതെങ്കിലുമൊരു കാര്യത്തില്‍ സഭക്കോ സഭാവിശ്വാസികള്‍ക്കോ എന്തെങ്കിലും പ്രയാസം ഉണ്ടാക്കുന്ന നിലപാട്് എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായി എന്ന്് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു ന്യൂനപക്ഷവിഭാഗത്തിനും എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പ്രയാസങ്ങള്‍ ഉണ്ടായിട്ടില്ല.
ഇടതു-വലത് കക്ഷികള്‍ ഭരിക്കുമ്പോഴെല്ലാംതന്നെ നമ്മുടെ വിദ്യാഭ്യാസരംഗം എന്നും കുത്തഴിഞ്ഞ ഒരു രീതിയിലാണ് പോകുന്നത്. സ്വാശ്രയപ്രശ്നമാണെങ്കില്‍കൂടി വിദ്യാഭ്യാസമേഖല എന്നും വിവാദങ്ങളുടെ ഒരു ഭാഗത്താണ്. വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു വ്യക്തമായ രൂപമോ നയമോ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനുപോലും കഴിയാതെപോയതെന്താണ്?
l സ്വാശ്രയരംഗത്തെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ ഫലപ്രദമായ ചില നടപടികള്‍ സ്വീകരിച്ചു. ആ സ്വീകരിച്ച നടപടികളിലെ കോടതിയുടെ ഇടപെടല്‍വന്നപ്പോള്‍ ആ നിയമം അതേരീതിയില്‍ നടപ്പാക്കാന്‍ കഴിയാതെയായി. അതിനകത്ത് ഉയര്‍ന്നുവന്ന പ്രശ്നം ന്യൂനപക്ഷവിഭാഗങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുകയാണെങ്കില്‍ അവര്‍ക്ക് തോന്നുന്ന അധികാരം. സംസ്ഥാന ഗവണ്‍മെന്‍റിന് ഇടപെടാനേ അധികാരമില്ല. ഇത് ഇന്ത്യയിലെ സാഹചര്യംവെച്ചുവന്ന ഒരു നിയമമാണ്. ആ നിയമത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എതിര്‍ക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തിന്‍െറ മറ്റ് ചില പ്രദേശങ്ങളില്‍ ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പഠിക്കാനുള്ള സൗകര്യമില്ല. സ്ഥാപനങ്ങളില്ല. പൊതുസ്ഥാപനത്തില്‍പോയി പഠിക്കാന്‍ കഴിയില്ല. എന്നാല്‍, ആ വിഭാഗം പുതിയ സ്ഥാപനം തുടങ്ങാമെന്ന് വിചാരിച്ചാല്‍ അതിന് അംഗീകാരം കൊടുക്കില്ല. ചിലപ്പോള്‍ അഫിലിയേഷന്‍ കൊടുക്കില്ല. ഈ ഒരു സാഹചര്യംവെച്ചുകൊണ്ട്് ന്യൂനപക്ഷ വിഭാഗത്തിന് സ്ഥാപനം തുടങ്ങാം. ആ സ്ഥാപനത്തിന് ഇന്ന യൂനിവേഴ്സിറ്റിയില്‍തന്നെ അഫിലിയേഷന്‍ വേണമെന്നില്ല. പിന്നെ, പൂര്‍ണ അധികാരം അവര്‍ക്കുതന്നെ ആയിരിക്കും. മുകളില്‍നിന്ന് ഇടപെടാന്‍ കഴിയില്ല. അത് സംഘ്പരിവാറിന്‍െറ സ്വാധീനമുള്ള ഗവണ്‍മെന്‍റുകള്‍ ഉള്ളതുകൊണ്ടാണ് അത്തരം ഒരു നിലയിലേക്ക് നിയമം വരുന്നത്. ആ ഗവണ്‍മെന്‍റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാന്‍ തയാറാവുന്നുണ്ടായിരുന്നില്ല. ഇത് ഇന്ത്യന്‍ പശ്ചാത്തലമാണ്. പക്ഷേ, കേരളത്തില്‍ ഏതെങ്കിലും ഭാഗത്ത് നമ്മുടെ ഒരു ന്യൂനപക്ഷവിഭാഗത്തിന് ന്യൂനപക്ഷം ആയിപ്പോയി എന്നതുകൊണ്ട് അവര്‍ക്ക് പഠിക്കാന്‍പറ്റാത്ത സാഹചര്യം ഉണ്ടോ? ഏതെങ്കിലും ഒരു പൊതുസ്ഥാപനത്തില്‍ പോയി പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഇവിടെയുണ്ടോ? അപ്പോള്‍ കേരളം തികച്ചും വ്യത്യസ്തമായി നില്‍ക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ഇതാണ് ബാധകമാവുന്നത്. ഇത് ബാധകമായപ്പോള്‍ ഇവിടെ ധാരാളം സ്ഥാപനങ്ങളുള്ള ക്രൈസ്തവ വിഭാഗം എടുത്ത നിലപാട് ഇതൊരു അവസരമായെടുത്ത് തങ്ങള്‍ക്ക് ലാഭം വരട്ടേ എന്നാണ്. എല്ലാ അധികാരവും ഞങ്ങള്‍ക്കാണ്, എല്ലാവരെയും പ്രവേശിപ്പിക്കാന്‍ അധികാരം  ഞങ്ങള്‍ക്കാണ്, ഇവിടെ ആര്‍ക്കും ഇതില്‍ ഇടപെടാന്‍ ആകില്ല എന്ന നിലപാടിലാണ് എത്തിയത്. ഇവിടെയാണ് പ്രശ്നമുണ്ടായത്. നിയമം ഒരു ഭാഗത്ത്, നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്‍റ് മറ്റൊരു ഭാഗത്ത്. അവിടെയാണ് വല്ലാത്തൊരു പ്രതിസന്ധിക്ക് കാരണം. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് ചെയ്തുവന്ന നടപടികള്‍ക്ക് സാധാരണഗതിയില്‍ അന്നത്തെ പ്രതിപക്ഷമാണ് സഹായം ചെയ്തുതരേണ്ടിയിരുന്നത്. എന്നാല്‍, അന്ന് പ്രതിപക്ഷം സ്വീകരിച്ച നിലപാട് എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ നിലപാടുകള്‍ പിന്താങ്ങുന്നതായിരുന്നില്ല. ആ പ്രതിപക്ഷം ഇപ്പോള്‍ ഗവണ്‍മെന്‍റായി. ആ ഗവണ്‍മെന്‍റ് ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച ചെയ്ത് അവരുടെ നിലപാട് ആദ്യം അംഗീകരിച്ചുകൊടുത്തു. പിന്നെ, അവര്‍ക്ക് ഒരു ഘട്ടത്തില്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാടിനോട് യോജിക്കാന്‍ പറ്റാതെയായി. ആ ഘട്ടത്തില്‍ നേരത്തേ ഭരണപക്ഷമായിരുന്ന പ്രതിപക്ഷം, അതായത് ഞങ്ങള്‍ ഒരു കലവറയുമില്ലാതെ പറഞ്ഞു, നിങ്ങള്‍ക്കെല്ലാ പിന്തുണയുമുണ്ടെന്ന്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ ഈ നിലപാട് സ്വീകരിച്ചുപോകാന്‍ പറ്റില്ല. അങ്ങനെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. പക്ഷേ, യു.ഡി.എഫ് ഗവണ്‍മെന്‍റ് സ്വീകരിക്കുന്ന നിലപാടുകള്‍ അതിനാണോ സഹായിക്കുന്നത്? കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് നാലരലക്ഷം രൂപ 50 ശതമാനം കുട്ടികളും കൊടുക്കേണ്ടിവരും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നാണ്. ഇത് നടപ്പാകുമോ എന്നറിയില്ല. നടപ്പില്‍ വന്നാല്‍ മെറിറ്റ് മാത്രമേ ഉണ്ടാകൂ. സര്‍ക്കാര്‍ കോളജില്‍ കുട്ടികള്‍ കൊടുക്കുന്ന ഫീസില്‍നിന്ന് മൂന്നു ലക്ഷത്തിലധികം ഫീസ് കൊടുക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. ഇതൊക്കെയാണ് പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്‍.ഡി.എഫ് മാത്രം പ്രതികരിച്ചാല്‍ പോരാ. കേരളമാകെ ഒരു പൊതുധാരയില്‍ ഇരുന്നുകൊണ്ട് പ്രവര്‍ത്തിച്ചാലേ കഴിയൂ. കേന്ദ്രഗവണ്‍മെന്‍റ് പാസാക്കിവെച്ച ഒരു നിയമമുണ്ട്. ആ നിയമം പരിചയാക്കിക്കൊണ്ട് ഈ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലാണ് ഏറ്റവും കൂടുതല്‍ കളിക്കുന്നത്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, നേരത്തേ എം.ഇ.എസിന്‍െറ നേതാവായ ഫസല്‍ ഗഫൂര്‍ ഒരു പ്രസ്താവനയിറക്കിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത് പാണക്കാട് തങ്ങളുടെ കുടുംബത്തില്‍പെട്ട ഒരാള്‍ ചെയര്‍മാനായുള്ള ഒരു സ്ഥാപനം ഈ ഗവണ്‍മെന്‍റ് നിര്‍ദേശം അംഗീകരിക്കാന്‍ തയാറായി, 50 ശതമാനം എന്നത് എം.ഇ.എസ് അംഗീകരിച്ചു എന്നാണ്. ഈ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ വിഭാഗം മാത്രമേ ഇങ്ങനെയൊരു നിലപാടെടുത്തിരുന്നുള്ളൂ. എന്നാല്‍, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിലില്ല. ചില ക്രൈസ്തവ വിഭാഗങ്ങള്‍ ഗവണ്‍മെന്‍റിന്‍െറ നിലപാടിനൊപ്പംനിന്നു. അതാണ് അതിലുള്ള യഥാര്‍ഥ പ്രശ്നം.
അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ സാധാരണ ജനങ്ങളുടെ ആശ്രയം സി.പി.എംപോലുള്ള ഇടത് സംഘടനകളായിരുന്നു. എന്നാല്‍, അടുത്തകാലത്തായി പാര്‍ട്ടിയിലെതന്നെ പല ഉന്നതരും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. അടുത്തകാലത്തായി അത് വര്‍ധിക്കുന്നതായും കാണുന്നു. ഇതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
lനിയതമായ ചില മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. ആ മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിച്ചുപോകുന്ന അവസ്ഥവന്നാല്‍ അത് ഒരു തരത്തിലും പൊറുക്കുന്ന പാര്‍ട്ടിയല്ല. ഏത് തലത്തിലായാലും പാര്‍ട്ടി അത്തരം കാര്യങ്ങളെ പൊറുക്കുന്നതല്ല. ജീവിക്കുന്ന സമൂഹത്തിന്‍െറ സ്വാധീനത്തില്‍, മനുഷ്യരാണ്, ചിലര്‍ ചില കാര്യങ്ങളില്‍ ഇരയായിപ്പോകും. അത്തരം കാര്യങ്ങള്‍വന്നാല്‍ അതിനോട് കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റായ കാര്യങ്ങളാണെന്ന് ബോധ്യംവന്നാല്‍ വളരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ചാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. എല്ലായ്പോഴും അത് അങ്ങനെതന്നെയായിരിക്കും.
ഒരു കാലത്ത് ജന്മികളും മുതലാളികളുമായിരുന്നു പാര്‍ട്ടിയുടെ ആശയപരമായ ശത്രുക്കള്‍. ഇപ്പോള്‍ ആ കാലം മാറിയിരിക്കുന്നു. പുതിയ ഈ കാലത്ത് പാര്‍ട്ടിയുടെ ആശയപരമായ ശത്രുത ആരോടാണ്?
l രാജ്യത്തിന്‍െറ നില എടുത്താല്‍ വന്‍കിട, ഞങ്ങള്‍ കണ്ടെത്തിയത്, ബുര്‍ഷ്വാസികളാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വ-ഭൂവുടമ ഗവണ്‍മെന്‍റ് എന്നാണ്. ആ ഭൂവുടമ എന്നത് നമ്മുടെ രാജ്യത്തിന്‍െറ ഒരു ഭാഗംതന്നെയാണ്്. ബൂര്‍ഷ്വാസിയുമുണ്ട് ഭൂവുടമയുമുണ്ട്. രണ്ടും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. വന്‍കിട ബൂര്‍ഷ്വാസിയാണ് സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തില്‍ ഭൂപരിഷ്കരണം നടന്നപ്പോള്‍ അതിന്‍െറ ഭാഗമായി പഴയ നാടുവാഴികളും ജന്മിത്തവുമെല്ലാം പോയി. എന്നാല്‍, രാജ്യവ്യാപകമായി കടുത്ത മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു, കാര്‍ഷിക രംഗത്ത് മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്‍െറ ഭാഗമായാണല്ളോ പാര്‍ട്ടിയുടെ നിലപാട് വരുന്നത്. കേരളത്തില്‍ ഈ ഒരു പ്രത്യേകത ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, പൂര്‍ണമായി എല്ലാം തുടച്ചു നീക്കപ്പെട്ടു എന്ന നിലയിലേക്ക് നമുക്കെത്താറായിട്ടില്ല. കേരളത്തിന്‍െറ അവസ്ഥയെടുത്താല്‍, പഴയതുപോലെ ഇടപെടാനുള്ളശേഷി അന്നത്തെ കാലത്ത് ജന്മിക്കും നാടുവാഴിക്കും ഉണ്ടായിരുന്നെങ്കില്‍ ആ ഒരു അവസ്ഥകളില്‍ തീര്‍ത്തും മാറിപ്പോയി. ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ധാരാളംപേര്‍, നേരത്തേ അവകാശം ഇല്ലാത്തവര്‍ അവകാശവുമായി വന്നല്ളോ?
രണ്ടുമൂന്നു ഘട്ടങ്ങള്‍ ഉണ്ടായല്ളോ. ഒന്ന് നിയമത്തിന്‍െറ ഭാഗമായി കുടിയാന്മാര്‍ക്ക് കിട്ടിയ അവകാശം. പിന്നെ അതിന്‍െറ തുടര്‍ച്ചയായി കുടികിടപ്പ് അവകാശം വന്നു. ഇതൊക്കെ വലിയ മാറ്റങ്ങളാണല്ളോ സംസ്ഥാനത്ത് ഉണ്ടാക്കിയത്.
കേരളത്തിന്‍െറ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അഞ്ചുവര്‍ഷം ഇടതുപക്ഷം, അഞ്ചുവര്‍ഷം വലതുപക്ഷം. എല്ലാതവണയും ഭരണപക്ഷം മത്സരത്തിനിറങ്ങുമ്പോള്‍ ദയനീയമായി പരാജയപ്പെടുന്ന ഒരു ചിത്രമാണ് കാണാന്‍ കഴിയുക. എന്നാല്‍, ഇത്തവണ ഭരണപക്ഷമായിരുന്ന എല്‍.ഡി.എഫ് ഫോട്ടോഫിനിഷിലാണ് പുറത്തായത്. തെരഞ്ഞെടുപ്പില്‍ അത്രമാത്രം ശക്തമായി മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ നേട്ടമായിട്ടാണോ അതോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടമായിട്ടാണോ താങ്കള്‍ വിലയിരുത്തുന്നത്?
l ഇതില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുതിയ ഗവണ്‍മെന്‍റിന്‍െറ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ടാകുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത ഗവണ്‍മെന്‍റാണ് കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്‍റ്. ഗവണ്‍മെന്‍റിന്‍െറ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത വീടുകള്‍ കുറവാണെന്നതാണ് അവസ്ഥ. അത്ര വ്യാപകമായിരുന്നു, സര്‍വവ്യാപിയായിരുന്നു ആനുകൂല്യങ്ങള്‍. അതൊരുകാര്യം. അതോടൊപ്പം മൊത്തമായി കേരളത്തിന്‍െറ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍, തുടര്‍ന്ന് എന്തുചെയ്യണമെന്നത് ബജറ്റിന്‍െറ ഭാഗമായി പ്രഖ്യാപിച്ച കാര്യങ്ങള്‍. പിന്നെ, എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍. ഇതെല്ലാം ജനങ്ങളില്‍ നല്ല അഭിപ്രായം ഉണ്ടാക്കിയിരുന്നു. അതിന്‍െറ ഭാഗമായി തന്നെയാണ് ജനങ്ങളുടെ നല്ല പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചത്. അതുതന്നെയാണ് പ്രധാന കാരണം.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സംഘടനകള്‍ കേരളത്തിന്‍െറ രാഷ്ട്രീയത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? അവര്‍ പറയുന്നപോലെയുള്ള സ്വാധീനം കേരളത്തിലുണ്ടോ?
l യഥാര്‍ഥത്തില്‍ ജാതിസംഘടനകള്‍ക്ക് നമ്മുടെ പഴയ സമൂഹത്തില്‍ വളരെ സുപ്രധാന പങ്കുവഹിക്കാനുണ്ടായിരുന്നു. അങ്ങനെ സുപ്രധാന പങ്കുവഹിച്ച സംഘടനകളാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമെല്ലാം. യഥാര്‍ഥത്തില്‍ ഇപ്പോള്‍ ആ ധര്‍മം ഇല്ല. ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു ചുമതല നിറവേറ്റാനില്ല. അങ്ങനെയൊരു അവസ്ഥയിലേക്ക് ജാതിസംഘടനകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് അവരുടേതായ ഒരു സ്വാധീനം കേരളത്തിലുണ്ട്. ആ സ്വാധീനം രാഷ്ട്രീയമായി ഉപയോഗിക്കുകയും പല സംഘടനകളെയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അതില്‍ എന്‍.എസ്.എസ് നേരത്തേ അത്തരം ശ്രമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. സമദൂരം എന്നുപറഞ്ഞ് അതില്‍തന്നെ നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ അവര്‍ അതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ അത്തരമൊരു നിലപാട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയത് തിരുത്തേണ്ടതാണ്. എസ്.എന്‍.ഡി.പി പലപ്പോഴും വര്‍ത്തമാനമൊക്കെ എല്‍.ഡി.എഫിന് അനുകൂലമാണ്. വലിയ ഉച്ചത്തിലൊക്കെ എല്‍.ഡി.എഫിനെ കുറിച്ച് സംസാരിക്കും. എന്നാല്‍, പ്രവൃത്തിയിലൊക്കെ യു.ഡി.എഫിനെ അനുകൂലിക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. പറയുന്ന രീതിയിലല്ല പ്രവര്‍ത്തനം എന്നതാണ് കണ്ട അനുഭവം. ഇത്തരം സംഘടനകള്‍ ഒരു നിലപാടെടുത്താല്‍ അതിന്‍െറ ഭാഗമായി മുഴുവനാളുകളെയും അവര്‍ക്ക് സ്വാധീനിക്കാനൊന്നും കഴിയില്ല. കാരണം, അതിനകത്തുള്ളവരും രാഷ്ട്രീയ അഭിപ്രായം ഉള്ളവരാണ്. ഓരോ സംഘടനക്കകത്തും രാഷ്ട്രീയ അഭിപ്രായം അവര്‍ക്കൊക്കെയുണ്ട്. ആ രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ രാഷ്ട്രീയത്തിനുതന്നെ മുന്‍തൂക്കം കൊടുക്കും. എന്നാല്‍, വലിയ വാശിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലരെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞെന്നുവരും. മതസംഘടനകളെ സ്വാധീനിക്കാന്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. അതിന് കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ സ്വാധീനംകൂടി ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചു. അത് വസ്തുതയാണ്.
മന്ത്രിമാരെയും എം.എല്‍.എമാരെയും നിശ്ചയിക്കുമ്പോള്‍ ജാതി- സമുദായം നോക്കുന്ന പ്രവണത ഇത്തവണ പരസ്യമായി പറഞ്ഞു. എന്താണ് ആ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം?
l കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അവസ്ഥയാണ്. അതില്‍ പരസ്യമായിട്ട് ജാതിക്കാര്യം പറയാനുള്ള ധാര്‍ഷ്ട്യം, അതില്‍ ഇവര്‍ വഴങ്ങിക്കൊടുക്കുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുതരത്തിലും ചെയ്യാന്‍പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനത്ത് ജാതിസംഘടനകള്‍ ഇന്നയാള്‍ മന്ത്രിയാകണമെന്ന് പറയുകയും അത് അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നത്  വളരെ തെറ്റായ നിലപാടാണ്. നവോത്ഥാനത്തെ വളരെ പിന്നോട്ടടിക്കുന്ന അവസ്ഥയാണ്. കേരളത്തിന്‍െറ ഇന്നത്തെ അവസ്ഥയില്‍നിന്ന് ദശാബ്ദങ്ങള്‍ പിറകോട്ടുപോകുന്ന സാഹചര്യമാണുണ്ടായത്.
അബ്ദുല്ലക്കുട്ടി, മഞ്ഞളാംകുഴി അലി, സിന്ധുജോയി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടാണ് പുറത്തുപോയത്. ഇതിനെ  പാര്‍ട്ടി എങ്ങനെ കാണുന്നു?
lഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് ഗൗരവമായ പ്രശ്നമായിട്ട് ഞങ്ങള്‍ കാണുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലക്ഷ്യംവെച്ച് നീങ്ങിയ നീക്കം മാത്രമാണ്. അതിനെ ആ തരത്തില്‍ മാത്രമേ കാണേണ്ടതുള്ളൂ.
ഇടതുപക്ഷ ചിന്തകര്‍തന്നെ പറയുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്ന മുനീറും ഷാജിയുമാണ് ലീഗിലെ രണ്ട് സെക്കുലര്‍ ആയ നേതാക്കള്‍ എന്ന്. ഇത് എത്രത്തോളം ആശയപരമായി ശരിയാണ്? ഇടതുപക്ഷ ചിന്തകര്‍തന്നെ ഇങ്ങനെ പറയുമ്പോള്‍ ഇത് മറ്റെന്തിലേക്കെങ്കിലും വിരല്‍ചൂണ്ടുന്നതായി സംശയിക്കാമോ?
l അത് താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ക്കുവേണ്ടി കാര്യങ്ങള്‍ പറയുന്നതുപോലെ പുറത്തുവരുകയാണ്. ഇടതുപക്ഷ ചിന്തകര്‍ എന്നുവിളിക്കപ്പെടുന്നവര്‍ മാത്രമാണ് അവര്‍. ശരിക്കും ഇടതുപക്ഷ ചിന്തകരാകില്ല.
അടുത്തിടെ വന്നുപോയ മറ്റൊരു വിവാദമാണ് സ്വത്വവാദം. ഇപ്പോള്‍ കെട്ടടങ്ങിയെങ്കിലും ഇത് അംഗീകരിക്കാവുന്നതാണോ?
l സ്വത്വവാദം എന്നുപറയുന്നത് പാര്‍ട്ടിയില്‍ ഒരുതരത്തിലും അംഗീകരിക്കാവുന്ന ഒന്നല്ല. അതേസമയം, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണുതാനും. അത് കണ്ടുകൊണ്ടുള്ള നിലപാടാണ് ഞങ്ങള്‍ എടുത്തത്. അതില്‍ ഉദ്ദേശിച്ച രീതിയിലുള്ള  തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടില്ല. അത് പുറത്തിങ്ങനെ പ്രചരിച്ചു എന്നു മാത്രം.
പുറത്ത ്പ്രചരിക്കുംവിധം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടോ?
l പാര്‍ട്ടിക്കകത്ത് വിഭാഗീയത ഉണ്ടായിരുന്നു നേരത്തേ. അത് നമ്മുടെ കേരളത്തിലെ പാര്‍ട്ടിയുടെ അനുഭവത്തില്‍തന്നെ എടുത്താല്‍ ഓരോ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള വിഭാഗീയതയുടെ കാര്യം എടുത്തുനോക്കിയാല്‍ പാര്‍ട്ടിയും സഖാക്കളും അതിന്‍െറ ദോഷം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലൂടെ ഇതൊരു ദോഷമാണ്, പാര്‍ട്ടി ശരീരത്തില്‍ ഏല്‍ക്കുന്ന കാന്‍സറാണ് എന്നൊക്കെ ശരിയായരീതിയില്‍ സഖാക്കള്‍ക്ക് ബോധ്യമായി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി കേരളത്തിലെ പാര്‍ട്ടിയാകെ യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അതോടൊപ്പം ഈ ബോധ്യം, ഇത് വലിയ ആപത്താണ് നമുക്ക് ഉണ്ടാക്കിത്തരുന്നത് എന്ന കാര്യം മനസ്സിലായതിന്‍െറ ഭാഗമായി കേരളത്തില്‍ ഇന്ന് അത്തരമൊരു അവസ്ഥയില്ല. നമ്മുടെ 14 ജില്ലകളും എടുത്തുപരിശോധിച്ചാല്‍ വിഭാഗീയതയുടേതായ വല്ലാത്ത പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന പ്രദേശങ്ങള്‍ ഇന്നത്തെ കേരളത്തില്‍ കാണാന്‍ കഴിയില്ല. ഏതെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ അത് വിഭാഗീയതയാണെന്നതരത്തില്‍ ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ അന്തരീക്ഷം പരിശോധിച്ചാല്‍ വിഭാഗീയത ഇന്ന് വലിയ പ്രശ്നമായിട്ട് കാണുന്നില്ല.
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇടതുപക്ഷത്തിനാവും മേല്‍ക്കൈ കിട്ടുക എന്ന് പല കേന്ദ്രങ്ങളും പറയുന്നു. പാര്‍ട്ടി അങ്ങനെ വിശ്വസിക്കുന്നുണ്ടോ?
l ഏത് ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ക്ക് മുന്നിലെത്താന്‍ കഴിയും എന്നുതന്നെയാണ് വിശ്വാസം. അതില്‍ ഒരു വ്യത്യാസവുമില്ല. ഇത്തവണ ഒന്നു തെന്നിമാറി എന്നേ ഉള്ളൂ. ഏതു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ മുന്നിലെത്തും.
പാര്‍ട്ടിക്കുവേണ്ടി പല ത്യാഗങ്ങളും സഹിച്ച് ആരോപണങ്ങള്‍ കേട്ട് വളര്‍ന്നുവരുന്ന ഒരാളാണ് താങ്കള്‍. അത്തരം ആരോപണങ്ങളെയൊക്കെ വലിച്ചെറിഞ്ഞ് ധൈര്യസമേതം മുന്നേറുന്ന ഒരു പാര്‍ട്ടി നേതാവാണ്. സത്യത്തില്‍ ആരാണ് പിണറായി വിജയന്‍െറ ദൈവം, പാര്‍ട്ടിയാണോ പ്രത്യയശാസ്ത്രമാണോ?
l ഞങ്ങള്‍ പാര്‍ട്ടിക്കുവേണ്ടിയാണല്ളോ നിലകൊള്ളുന്നത്. പാര്‍ട്ടിയാണല്ളോ നമുക്ക് വലുത്. പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ പാര്‍ട്ടി.
പൊതുവെ പറഞ്ഞാല്‍ പാര്‍ട്ടി വികസനങ്ങള്‍ക്ക് എതിരാണെന്ന ഒരു പ്രചാരണമുണ്ട്. ആദ്യകാലത്ത് കമ്പ്യൂട്ടറിനെ എതിര്‍ത്തതൊക്കെ ഇപ്പോഴും വിവാദമായി നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ വികസനനയം എന്താണ്?
l പുതിയതിനെ ആകെ നിഷേധിക്കുന്ന ഒരു പാര്‍ട്ടിയല്ല സി.പി.എം. പുതിയ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന് ഗുണകരമായിട്ടുള്ളതാകുമ്പോള്‍ ആ ഗുണകരമായിട്ട് വരുന്നതിനെ അതേരീതിയില്‍ കാണുകയും പിന്താങ്ങുകയും ചെയ്യുന്ന പാര്‍ട്ടി തന്നെയാണ്, അതിനെക്കുറിച്ച് ഒരാശങ്ക ഉണ്ടാകേണ്ടതില്ല. വികസന കാര്യങ്ങളിലും അതുതന്നെയാണ് നിലപാട്. നമ്മുടെ നാടിന്‍െറ വികസനമാണ് പ്രധാനം. ഒപ്പം നാടിന്‍െറ താല്‍പര്യം സംരക്ഷിക്കപ്പെടണം. നാടിന്‍െറ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള വികസന സംരംഭങ്ങള്‍ സി.പി.എം എപ്പോഴും പ്രോത്സാഹിപ്പിക്കും. അതിന്‍െറ മറവില്‍ നാടിനെ തകര്‍ക്കാന്‍ നോക്കരുത്. അത് പാര്‍ട്ടി എതിര്‍ക്കും.
വികസനത്തെക്കുറിച്ചുള്ള പൊതുസങ്കല്‍പം എന്താണ്? സ്മാര്‍ട്ട്സിറ്റി വരുന്നു, എക്സ്പ്രസ് വേ വരുന്നു, അടിസ്ഥാനപരമായ കേരള വികസനം പൂര്‍ത്തിയാകാത്ത ഘട്ടത്തില്‍ ഇങ്ങനെയുള്ള  വികസനത്തിലേക്ക് കടന്നുചെല്ലുകയും അതിനെ താങ്ങാനുള്ള സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ  കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടോ?
lസ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ ഞങ്ങള്‍ അന്ന് എതിര്‍ത്തത്, തുടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ഒരു ഭാഗം സ്ഥലം വേണം എന്നുപറഞ്ഞത് ശരിയല്ല. അതിനോട് നമുക്ക് യോജിപ്പില്ല. സ്മാര്‍ട്ട്സിറ്റി എന്ന ആശയത്തെതന്നെ ഞങ്ങള്‍ എതിര്‍ത്തില്ല. അതെന്തുകൊണ്ടാണ്? ഒരു കുടക്കീഴില്‍ ധാരാളം സ്ഥാപനങ്ങള്‍ വരാനുള്ള ഒരു സാഹചര്യമാണ് സ്മാര്‍ട്ട്സിറ്റിയുടെ ഭാഗമായിവരുന്നത്. ഈ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നവര്‍ ഐ.ടി രംഗത്തെ പ്രധാനികളല്ല. അവര്‍ ഒരു സ്ഥാപനം അവിടെ കൊണ്ടുവരുന്നു. കെട്ടിടസമുച്ചയം കൊണ്ടുവരുന്നു. ആ കെട്ടിടസമുച്ചയത്തിനകത്ത് വിവിധ ഐ.ടി സ്ഥാപനങ്ങള്‍ക്ക് വരാന്‍ കഴിയും. പതിനായിരങ്ങള്‍ക്ക് അവിടെ തൊഴില്‍ ലഭിക്കും. നമ്മുടെ കേരളവും കര്‍ണാടകവും തമിഴ്നാടും എടുത്താല്‍ ഈ സംസ്ഥാനങ്ങളില്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ അതിവേഗതയില്‍ പുരോഗതി നേടാന്‍ കഴിയുന്ന സംസ്ഥാനം കേരളമാണ്. കാരണം, നമ്മള്‍ അഭ്യസ്തവിദ്യരാണ്. നല്ല പശ്ചാത്തല സൗകര്യമുണ്ട്. വിദ്യാഭ്യാസരംഗത്ത് നല്ലതുപോലെ ചെറുപ്പക്കാര്‍ വരുന്നുണ്ട്. എന്നാല്‍, ഈ രണ്ട് സംസ്ഥാനങ്ങളുടെയും പിറകിലാണ് നമ്മള്‍. ഐ.ടി രംഗത്ത് ബംഗളൂരുവും വലിയതോതില്‍ കൊച്ചിയും മുന്നോട്ടുപോയി. നമുക്കതിന്‍െറ പശ്ചാത്തലസൗകര്യം കൊടുക്കാന്‍ കഴിയും. അതിന്‍െറ ഭാഗമാണ് സ്മാര്‍ട്ട്സിറ്റി. എന്നാല്‍, ഒരു സ്മാര്‍ട്ട്സിറ്റി മാത്രം പോര. അതുപോലെയുള്ള അനേകം കാര്യങ്ങള്‍ വേണം. അതില്‍തന്നെയാണ് സി.പി.എം നില്‍ക്കുന്നത്. അതിനകത്ത് വേറെ വ്യത്യസ്തതകള്‍ ഒന്നുമില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ വരണമെന്നുതന്നെയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
ബംഗളൂരുവിന്‍െറയും തമിഴ്നാടിന്‍െറയുമൊക്കെ കാര്യം പറഞ്ഞല്ളോ. അവിടത്തെപോലെയല്ല ഇവിടെയുള്ള ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍. എന്താണ് ആ കള്‍ച്ചറിനെക്കുറിച്ചുള്ള അഭിപ്രായം? സ്ഥാപനങ്ങളെ പൂട്ടിക്കുന്ന നയമുണ്ടോ അതിന്?
l ഇപ്പോള്‍ കേരളത്തിലെ ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍കൊണ്ട് എന്തെങ്കിലും തരത്തിലുള്ള അബദ്ധങ്ങളുണ്ടായിട്ടില്ല. ട്രേഡ്യൂനിയന്‍െറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു സ്ഥാപനം അടഞ്ഞുപോയ അവസ്ഥ നമ്മുടെ കേരളത്തില്‍ ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. വളരെ മുമ്പ് ഈ ആരോപണം ശരിയാണ്. ഒരു സ്ഥാപനത്തിന്‍െറ താല്‍പര്യം നോക്കാതെ ഇടപെടുന്ന അവസ്ഥ ചില ട്രേഡ്യൂനിയനുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പക്ഷേ, ട്രേഡ്യൂനിയന്‍തന്നെ പൊതുവില്‍ അതിനെ കാണുകയും സ്വയംവിമര്‍ശപരമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ചിലേടങ്ങളില്‍ നിലനില്‍ക്കുന്നത് കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട അനഭിലഷണീയമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. അത് തിരുത്തിപോകേണ്ട കാര്യമേ ഉള്ളൂ. പക്ഷേ, അതിനെപ്പറ്റിയല്ല പറയുന്നത്. പറയുന്നത് മുഴുവന്‍ മറ്റേതിനെപ്പറ്റിയാണ്. സ്ഥാപനം വരാത്തതിനുകാരണം ട്രേഡ്യൂനിയന്‍ എന്ന മട്ടിലാണ്. അത് ശരിയല്ല. നമ്മുടെ കേരളത്തില്‍ അത് അത്രകണ്ട് ബാധകമല്ല. വലിയ കമ്പനികള്‍തന്നെ ഇവിടെ വന്ന് ഇവിടത്തെ പ്രവര്‍ത്തനങ്ങളൊക്കെ കണ്ട് പങ്കാളിത്തം വഹിച്ചപ്പോള്‍ നല്ല പ്രതികരണമാണ് ഉണ്ടായത്.
കേരളത്തിലും ബംഗാളിലുമെല്ലാം ശക്തമായി നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തുകൊണ്ടാണ് ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ വേരോട്ടമില്ലാതെയായിപോകുന്നത്? അതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l അതൊരു പ്രശ്നംതന്നെയാണ്. അതില്‍ ഈ അടുത്തകാലത്തായി അവിടങ്ങളിലൊക്കെ കൂടുതല്‍ ശക്തിയായി വന്നുകൊണ്ടിരിക്കുന്നത് ജാതീയതയാണ്. ആ ജാതിശക്തികള്‍ വലിയ തോതില്‍ ഇടപെടുന്ന അവസ്ഥ വരുന്നുണ്ട്. അതിന്‍െറ ഭാഗമായുള്ള ആക്രമണങ്ങളും വരുന്നുണ്ട്. ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലമായിപോവുകയും ചെയ്യുന്നുണ്ട്. ചിലേടങ്ങളില്‍ ഇടതുപക്ഷത്തിന്‍െറ സ്വാധീനമടക്കം കടന്നാക്രമിക്കുന്ന തരത്തില്‍ ജാതിശക്തികള്‍ വളര്‍ന്നിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളുണ്ട്. അത് എല്ലാം കണ്ടുകൊണ്ടുതന്നെയാണ് പുതിയ ചില കാര്യങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ ആലോചിച്ചിട്ടുള്ളത്. ആ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ബംഗാളിന്‍െറ തകര്‍ച്ച വലിയ വാര്‍ത്തയായി. അവിടെ വലിയൊരു പിന്നോട്ടുപോക്ക് ഉണ്ടായെന്നാണ് തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നത്. ആ സാഹചര്യത്തെ എങ്ങനെ കാണുന്നു?
l അങ്ങനെ വലിയൊരു തകര്‍ച്ചയൊന്നുമുണ്ടായിട്ടില്ല. ഉണ്ടായ പിന്നോട്ടുപോക്ക് നികത്താവുന്നതേയുള്ളൂ. 43 ശതമാനം വോട്ട് സമ്പാദിക്കാന്‍ അവിടെ കഴിഞ്ഞിട്ടുണ്ട്. അതുവെച്ചുകൊണ്ട് നല്ല ഇടപെടല്‍തന്നെയാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും മാത്രമല്ല, ഇപ്പോള്‍ കോണ്‍ഗ്രസിനെയും ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ ആക്രമണങ്ങളെ നേരിട്ടുകൊണ്ടുതന്നെ നല്ല ചെറുത്തുനില്‍പ് അവിടെ നടന്നുകൊണ്ടിരിക്കുന്നു. അവിടെ ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ആ ഭൂമി തിരിച്ചുപിടിക്കുകയാണ്. മുപ്പതു വര്‍ഷം മുമ്പ് ഭൂമി ലഭിച്ച ഒരാള്‍, മുപ്പത് വര്‍ഷം മുമ്പ് തങ്ങളുടെ ഭൂമി നിയമപ്രകാരം നഷ്ടപ്പെട്ടതാണ് എന്നുപറഞ്ഞ് അവകാശം ഉന്നയിക്കുന്നു, ട്രേഡ്യൂനിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നു പറഞ്ഞെല്ലാമാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഇങ്ങനെ വിവിധ രീതിയിലുള്ള ആക്രമണങ്ങള്‍ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടിക്ക് ഇതില്‍ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടോ?
l ബംഗാളിലുള്ള ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍  സംബന്ധിച്ച് സ്വയം വിമര്‍ശപരമായ പരിശോധന പാര്‍ട്ടിയും നടത്തി. ചില കാര്യങ്ങളില്‍ ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചു എന്നുതന്നെയാണ് പാര്‍ട്ടി കാണുന്നത്. അത് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അത് വേണ്ടത്ര വേഗതയിലായിട്ടില്ല. അത് വീഴ്ചയായിട്ടുതന്നെ പാര്‍ട്ടി കാണുന്നു.
കേരളത്തിലെ പലേടങ്ങളിലും നടക്കുന്ന ചെറുസമരങ്ങള്‍, പരിസ്ഥിതിസമരങ്ങള്‍ ഇതിലെല്ലാം പാര്‍ട്ടി ഇടപെടാതെ മാറിനില്‍ക്കുന്ന ഒരു അവസ്ഥയുണ്ട്. ചിലപ്പോള്‍ ചിലേടങ്ങളില്‍ ശത്രുപക്ഷത്തും പാര്‍ട്ടിയെ കാണാറുണ്ട്. എന്താണ് ഈ പുതിയ പ്രവണതക്കുപിന്നില്‍?
l അതില്‍ ചില ഘടകങ്ങള്‍ ഉള്ളത് സാധാരണനിലക്ക് പിന്താങ്ങാന്‍ പറ്റാത്ത ഘടകങ്ങള്‍ ഒത്തുവരുമ്പോഴാണ്. അതിന്‍െറ പ്രത്യേകമായിട്ടുള്ള സാഹചര്യം നോക്കിയിട്ടായിരിക്കും മാറിനില്‍ക്കുന്നത്. ചില കാര്യങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശന്ങ്ങളുണ്ട്. അതിനെ പിന്താങ്ങാന്‍ പറ്റാത്ത അവസ്ഥ പാര്‍ട്ടിക്കും ഉണ്ടാകും. അതാണ് പ്രശ്നം.
അങ്ങനെവരുമ്പോള്‍ അടിസ്ഥാനവര്‍ഗം -ദലിതര്‍പോലുള്ള വിഭാഗം- പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്ന സ്ഥിതി ഉണ്ടാകില്ളേ?
l പരിസ്ഥിതി പ്രശ്നങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുതന്നെ ഉണ്ടല്ളോ. പരിസ്ഥിതി അപകടപ്പെടാന്‍ പാടില്ല എന്ന നിലപാടുതന്നെയാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍, കേവല പരിസ്ഥിതിവാദത്തില്‍ പാര്‍ട്ടി നില്‍ക്കുന്നില്ല.
ഭൂരിപക്ഷവര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമില്ളേ. ആ സാഹചര്യം കണക്കാക്കി പലരും പിന്നാക്കവിഭാഗങ്ങളെ അവയിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഏര്‍പ്പാട് നടക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി എന്താണ് ചെയ്യുന്നത്?
l പാര്‍ട്ടിയുടെ പ്രവര്‍ത്തനംതന്നെയാണ് ഇതിലൊക്കെയുള്ള പ്രതിരോധം. പാര്‍ട്ടിയുടെ പ്രവര്‍ത്തനമുണ്ട്, മറ്റ് ബഹുജനസംഘടനകളുടെ പ്രവര്‍ത്തനമുണ്ട്. ആ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടുവരുന്ന പ്രതിരോധമുണ്ട്. എന്നാല്‍, പലരെയും ആകര്‍ഷിക്കാന്‍വേണ്ടി നടത്തുന്ന പ്രവര്‍ത്തനശൈലിയുണ്ട്. അതിനെയെല്ലാം നേരിട്ടുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് വരുന്നത്. അതിന് പ്രത്യേകമായൊരു സ്കീം ഒന്നും ഇല്ല. സാധാരണഗതിയില്‍ പാര്‍ട്ടിയുടെ ധര്‍മം അതാണ്.
കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളെക്കുറിച്ച് കേരളം മുഴുവന്‍ പലതരം സംസാരമുണ്ട്. അവിടെ ആരെങ്കിലും ചെന്നാല്‍ ചോദ്യംചെയ്യല്‍ നടത്തുമെന്നും ഒരു പത്രം വാങ്ങുന്നതില്‍പോലും പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടെന്നും ഒക്കെ പറയുന്നു. ശരിക്കും കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ ഇങ്ങനെയാണോ?
l തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യമാണ് ഇത്. നമ്മുടെ പ്രദേശങ്ങളില്‍ ചില ഗ്രാമങ്ങള്‍ ചിലപ്പോള്‍ 90-95 ശതമാനം സി.പി.എമ്മുകാരായ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളാവാം. എത്രയോ കാലങ്ങളായി സി.പി.എം അല്ലാത്ത കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഒരു വിഷമവും അവര്‍ക്ക് ഉണ്ടായിട്ടില്ല. അവര്‍ വിഷമം ഉണ്ടായതായി പറയുന്നുമില്ല. പിന്നെ, കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ എടുത്താല്‍ ദേശാഭിമാനിയല്ലായിരുന്നു അവിടത്തെ ഏറ്റവും ഒന്നാമത്തെ പത്രം. പിന്നെ, പാര്‍ട്ടി വലിയ ശ്രമംനടത്തിയാണ് പല സ്ഥലങ്ങളിലും ദേശാഭിമാനിക്ക് മേല്‍ക്കൈ  ഉണ്ടാക്കിയത്. എന്നാല്‍, നല്ലതുപോലെ മറ്റ് പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ ഉണ്ട്. ഇത് ബോധപൂര്‍വം അഴിച്ചുവിട്ട ഒരു പ്രചാരണം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ളത് തെറ്റാണ്. എല്ലാ പേരും പോയി വോട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ  ഞാന്‍ വോട്ട് ചെയ്യാന്‍പോയപ്പോള്‍ യു.ഡി.എഫിന്‍െറ  ഏജന്‍റിനെ കാണുന്നില്ല. ഞാന്‍ ചോദിച്ചു, അപ്പോള്‍ പറഞ്ഞു ഏജന്‍റ് ഇല്ല എന്ന്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ എവിടെന്നോ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. അതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും, അവര്‍ക്ക് പ്രവര്‍ത്തകരില്ലാത്തതിന്? അങ്ങനെയുള്ള സ്വാധീനത്തിന്‍െറ ഘടകങ്ങള്‍ അവിടെയുണ്ട്. അതിന്‍െറ ഭാഗമായിട്ടുള്ള എന്തെങ്കിലും അതിക്രമം ഉണ്ടായെങ്കിലേ ഉള്ളൂ.
അടുത്തിടെ സംസ്ഥാനത്ത് പ്രധാനപ്പെട്ട ചര്‍ച്ചയായിവന്ന ഒരു സംഭവമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി. പലതരം ചര്‍ച്ചകള്‍ നടത്തുന്നെങ്കിലും ആ നിധി എന്തുചെയ്യണം എന്നത് വ്യക്തമായിട്ടില്ല. ഇതിന് പാര്‍ട്ടിയുടെ അഭിപ്രായം എന്താണ്?
l ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്നുപറയുന്നത് യഥാര്‍ഥത്തില്‍ അത് ക്ഷേത്രം വകയുള്ളതുതന്നെയാണ്. ക്ഷേത്രത്തിന്‍െറ സ്വത്തായിതന്നെ നില്‍ക്കുകയാണ്. അതെങ്ങനെ വേണമെന്നുള്ള കാര്യം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കോടതി പരിശോധനയാണെങ്കില്‍ സുപ്രീംകോടതിയാണ് പരിശോധിക്കുന്നത്. സുപ്രീംകോടതിയുടെ നിലപാട് അതില്‍ പ്രധാനമാണ്. എങ്ങനെ അത് ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഒരു നിലപാടുകൂടി വന്ന് അഭിപ്രായം പറയുന്നതാണ് നല്ലത്.
കള്ളപ്പണത്തെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുകയാണ്. സ്വിസ് ബാങ്കില്‍തന്നെയുള്ള നിക്ഷേപത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുകയാണ്. എന്നാല്‍, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടും മന്‍മോഹന്‍സിങ് ആ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ളെന്ന് പറയുന്നു. അപ്പോള്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെയൊക്കെ സ്വാധീനം ഇതിന് പിന്നില്‍ ഉണ്ടെന്നല്ളേ കരുതേണ്ടത്?
l കള്ളപ്പണത്തിന്‍െറ കാര്യത്തില്‍ ഒരു കള്ളക്കളിയാണ് നടക്കുന്നത്. അത് ജര്‍മനി നമ്മുടെ രാജ്യത്തുനിന്ന് അവിടെ നിക്ഷേപിച്ച ആളുകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായി. സുപ്രീംകോടതി പരിശോധനയുടെ ഘട്ടത്തില്‍ ആ പേരുകള്‍ വെളിപ്പെടുത്തി. ജര്‍മനി കൊടുത്ത പേരുകള്‍ പുറത്തുവിടുന്നതിനെന്താ കുഴപ്പം. പക്ഷേ, ഇന്ത്യാ ഗവണ്‍മെന്‍റിന് പുറത്തുവിടാന്‍ എന്താണ് വിഷമം? സ്വിസ് ബാങ്കുകാര്‍ സാധാരണ രഹസ്യം സൂക്ഷിക്കുന്നവരാണ്. പക്ഷേ, ചില ഗവണ്‍മെന്‍റുകള്‍ അവരില്‍നിന്ന് പേരുകള്‍ വാങ്ങാറുണ്ട്.
ഇവിടെ സമീപനത്തിലാണ് വ്യത്യാസം. അതിനെ കള്ളപ്പണമായി കാണുന്നു. കോടതി ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴാണ് ചില മാറ്റമൊക്കെ ഉണ്ടായത്. ആദ്യം ഗവണ്‍മെന്‍റ് എടുത്ത സമീപനം അത് അവരുടെ പണം, ആവശ്യമായ നികുതി അടച്ചാല്‍ ഇത് അവരുടെ പണം ആകുമല്ളോ എന്നാണ്. വളരെ ലാഘവത്തോടെയാണ് അതിനെ സമീപിച്ചത്. യഥാര്‍ഥത്തില്‍ പ്രശ്നം ഈ കള്ളപ്പണത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ധാരാളം പണം ഉണ്ട് എന്നതുതന്നെയാണ്. അതുതന്നെയാണ് അതില്‍ സംശയിക്കേണ്ടത്. നമ്മുടെ രാജ്യത്തിലെ വിവിധ നിയമവിരുദ്ധ നടപടികള്‍ക്ക് കള്ളപ്പണം വല്ലാതെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പുരംഗത്തൊക്കെ. ഇതിലൊക്കെ ഭരണവിഭാഗത്തിന്‍െറ ഒരു സ്രോതസ്സാണ് കള്ളപ്പണം. ആ സ്രോതസ്സ് മുറിച്ചുമാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതാണ് ഈ കള്ളക്കളിക്ക് കാരണം. എന്നാല്‍, കടുത്ത വിമര്‍ശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇതിനെതിരായി വന്നിട്ടുണ്ട്. എന്നിട്ടും നാണംകെട്ട ആ നിലപാട് തുടരുന്നു എന്നതാണ് നമ്മള്‍ കാണേണ്ടത്.
പലപ്പോഴും താങ്കള്‍ പറഞ്ഞുകേട്ടിട്ടുണ്ട് മുസ്ലിംകളുടെ അട്ടിപ്പേറവകാശം ലീഗിനില്ളെന്ന്. പക്ഷേ, ഇങ്ങനെയൊക്കെ പറയുമ്പോഴും ലീഗ് മലപ്പുറം ജില്ലയില്‍ വലിയ സ്വാധീനശക്തിയായി വളരുന്നു. സമ്പന്നരുടെ താല്‍പര്യമാണ് അവര്‍ സംരക്ഷിക്കുന്നതെന്നും കേള്‍ക്കുന്നു. എന്നിട്ടും സ്വാധീനം വര്‍ധിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. എന്താണ് ഇവര്‍ ശക്തിപ്രാപിക്കാന്‍ മുഖ്യകാരണം?
l മുസ്ലിം, ഒരു ന്യൂനപക്ഷ വിഭാഗം എന്ന നിലയില്‍ അതിലെ സംഘടനകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. ആ സംഘടനകളില്‍  ഒരു സംഘടന ലീഗിനോടൊപ്പം നേരത്തേതന്നെ ഉറച്ചുനില്‍ക്കുന്നു. പിന്നെ  ലീഗ്നേതൃത്വത്തിന് ഒരു ആധ്യാത്മിക പരിവേഷംകൂടി ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ കക്ഷി എന്ന നിലയില്‍ ഒരു വിഭാഗവും എന്നാല്‍, മറ്റൊരു വശത്ത് പൂര്‍ണമായും ആധ്യാത്മികതയുടെ പരിവേഷവും ഉണ്ട്. സാധാരണ ആളുകള്‍, നമ്മുടെ സമൂഹത്തിന് നല്ല വിദ്യാഭ്യാസ പുരോഗതി ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ വളരെ പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളുണ്ട്.
ആ വിഭാഗങ്ങളിലാണ് ഈ ആധ്യാത്മിക പരിവേഷം ഒക്കെ നല്ലതുപോലെ സ്വാധീനിക്കപ്പെടുന്നത്. അപ്പോള്‍ അതിന്‍െറയൊരു ഭാഗം ലീഗിന് ഗുണകരമായി ഭവിക്കുന്നുണ്ട്. അത് ചൂഷണം ചെയ്യുകയാണ്. പിന്നാക്കാവസ്ഥ ചൂഷണം ചെയ്യുകയാണ്. എന്നാല്‍, ചില ഘട്ടങ്ങളില്‍ ലീഗ് നേതൃത്വത്തിന്‍െറ സമ്പന്ന വിഭാഗത്തോടൊപ്പംനില്‍ക്കുന്ന നിലപാടും താല്‍പര്യവുമൊക്കെ തിരിച്ചറിയാന്‍ ചില നടപടികളും സഹായിക്കുന്നുണ്ട്. അപ്പോള്‍, ആ ജനങ്ങള്‍ നേരേ എതിരായി നില്‍ക്കുന്നു. ചില ഘട്ടത്തില്‍ മുസ്ലിം ജനങ്ങളുടെ പൊതുവികാരത്തിന് എതിരായി ലീഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ഘട്ടങ്ങളിലാണ് കടുത്ത അകല്‍ച്ച ലീഗ് അനുയായികളില്‍നിന്നുതന്നെ ഉണ്ടായത്. പൊതുവെ നമ്മുടെ സംസ്ഥാനത്തുള്ള മുസ്ലിം ബഹുജനങ്ങളെ നോക്കിയാല്‍ കൂടുതല്‍ വികാരപരമായി പ്രതികരിക്കുന്നവരാണെന്ന് കാണാന്‍ സാധിക്കും. ഇത്തരം ഘട്ടങ്ങളില്‍ കടുത്ത വികാരത്തോടെ ലീഗിനെതിരായി അവര്‍ പ്രതികരിച്ചതായി കാണാന്‍ സാധിക്കും. ഈ വികാരപരത പല രീതിയിലും ദോഷം ചെയ്യാറുണ്ട്. ലീഗ് നേതൃത്വം സമര്‍ഥമായി അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, പഴയ ജനതയെ ബോധപൂര്‍വം മറക്കുന്നതിനുവേണ്ടിയുള്ള പ്രചാരവേലകള്‍ ചെയ്യുന്നു. പുതിയ ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ യഥാര്‍ഥ വസ്തുതകളില്‍നിന്ന് ആളുകളെ, അവരുടെ അണികളെതന്നെ, മുസ്ലിം ബഹുജനങ്ങളെ മറ്റ് രീതിയില്‍ ചിന്തിപ്പിക്കാവുന്ന വഴികള്‍തേടുന്ന ശ്രമമാണ് എല്ലാം. അതില്‍ ഒരു വിഭാഗം കുടുങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ട്. അതൊരു ഘടകംതന്നെയാണ്. എന്നാല്‍, സ്ഥായിയായി നില്‍ക്കാന്‍പോകുന്നില്ല. കാരണം, ലീഗ് നേതൃത്വം എപ്പോഴും അവരുടെ പഴയ നിലപാടുതന്നെ തുടര്‍ന്നുകൊണ്ടിരിക്കും. പ്രമാണിവിഭാഗത്തിനും സമ്പന്നവിഭാഗത്തിനും അടിയറവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അപ്പോള്‍, ആ വൈരുധ്യം നിലനില്‍ക്കുകയാണ്. മുസ്ലിം സംഘടനകളും എല്ലാ ഘട്ടത്തിലും ഈ ലീഗിനോടൊപ്പം നില്‍ക്കുന്നത് കാണാന്‍കഴിയും. ഇപ്പോള്‍ മിക്കവാറും സംഘടനകള്‍ ലീഗിനൊപ്പം നില്‍ക്കുന്നത് കാണാന്‍ സാധിക്കും. പക്ഷേ, വലിയ താമസം വേണ്ടിവരില്ല അവരുടെയൊക്കെ തീരുമാനം മാറിവരാന്‍.
ചില മാഗസിനുകള്‍ കൃത്യമായി സി.പി.എം നേതൃത്വത്തിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് പുറത്തുവരുന്നു. പാര്‍ട്ടിക്കെതിരായി വളരെ തീവ്രമായി ആക്രമണം അഴിച്ചുവിടുന്നുണ്ട്. അപ്പോഴും മാര്‍ക്സിസ്റ്റ് ആണെന്ന് ഉറച്ചുനില്‍ക്കുന്ന നിലപാടുള്ള ഇത്തരം മാഗസിനുകളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ്? പ്രത്യേകിച്ച് പരസ്യങ്ങള്‍ ഒന്നും കാര്യമായി ഇല്ലാത്ത ഇവയുടെ സാമ്പത്തിക നിലനില്‍പിനെപ്പറ്റി പാര്‍ട്ടി എങ്ങനെ വിലയിരുത്തുന്നു?
l അവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എനിക്കറിയാം. പക്ഷേ, ഞാനത് പറയില്ല. നല്ല സാമ്പത്തിക സ്രോതസ്സ് അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ നല്ല രീതിയില്‍ പുറത്തിറക്കുന്നത്. സ്രോതസ്സ് ഞാന്‍ പറയില്ല.
പണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാന്‍ സി.ഐ.എപോലുള്ളവയുടെ സാമ്പത്തികം ഒഴുകിയെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഫണ്ട് പാര്‍ട്ടിക്കെതിരായി മാധ്യമങ്ങളില്‍ വരുന്നുണ്ടോ?
l സി.പി.എം വിരുദ്ധ നിലപാടെടുക്കുന്നതിന് സാമ്പത്തിക സഹായം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ഒരു മാധ്യമം എന്ന നിലക്ക് മാധ്യമ ഉടമകളെ ആകെ സാമ്രാജ്യത്വം വിലയ്ക്കെടുക്കുന്നത് അത് ഇപ്പോഴത്തെകാലത്ത് എത്രകണ്ട് ഉണ്ടെന്ന് വിശദമായി പരിശോധിച്ചാലേ പറയാന്‍ കഴിയൂ. കേരളത്തില്‍ പ്രധാനപ്പെട്ട രണ്ട് മാധ്യമങ്ങളെ എടുത്താല്‍ ഒരു കൂട്ടര്‍ സ്ഥായിയായി കമ്യൂണിസ്റ്റ് വിരോധമുള്ളവരാണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും കമ്യൂണിസ്റ്റ് വിരോധത്തിന് അവര്‍ക്ക് മാറ്റമില്ല. അതിലൂന്നിക്കൊണ്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. വേറൊരു പ്രധാനപ്പെട്ട മാധ്യമത്തിന് അവര്‍ക്കും ഞങ്ങളോട് പ്രത്യേക മമതയൊന്നും പണ്ടേ ഇല്ല. പക്ഷേ, ആദ്യം പറഞ്ഞതില്‍നിന്ന്  കുറച്ച് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചുവരാറുണ്ടായിരുന്നത്. എന്നാല്‍, ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിന്‍െറ തലപ്പത്തിരിക്കുന്ന ഉടമക്ക് ഞങ്ങളുടെ പാര്‍ട്ടികാര്യങ്ങളില്‍ കക്ഷിപിടിക്കാന്‍ താല്‍പര്യംവന്നു. അപ്പോള്‍, അദ്ദേഹത്തിന് പലതരത്തിലുള്ള കണക്കുകൂട്ടലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി എന്നത് ആകെ തകര്‍ന്നുപോകാന്‍ പോവുകയാണ്, ഞങ്ങള്‍ ചിലരൊക്കെ രാഷ്ട്രീയ രംഗത്തേ ഇല്ലാതാവും. ഇങ്ങനെയൊക്കെയുള്ള കണക്കുകൂട്ടലുകളോടെയാണ് കാര്യങ്ങള്‍ നീക്കിയത്. അതിന്‍െറയൊരു വീറും വാശിയും അത് സി.പി.എമ്മിനെതിരെയുള്ള പ്രയോഗമായിട്ടാണ് വന്നത്. സി.പി.എമ്മിനെ തകര്‍ക്കാന്‍ നോക്കുന്ന, കടുത്ത സി.പി.എം വിരോധത്തിലേക്കാണ് പോയത്. എവിടെ എത്തി എന്നുള്ളത് നമ്മുടെ എല്ലാം മുന്നിലുള്ള അനുഭവമാണ്. പക്ഷേ, സ്വീകരിക്കുന്ന നിലപാടുകള്‍ ഈ തരത്തിലുള്ളവയാണ്. ഇതിലൊരു സ്ഥാപനം എന്ന നിലക്ക് ഏതെങ്കിലും സ്ഥാപനത്തെ സാമ്രാജ്യത്വം സ്വാധീനിക്കുന്നു എന്നല്ല കാണേണ്ടത്, വ്യക്തികളെ സ്വാധീനിക്കുന്നു എന്നാണ്. അതില്‍ മാധ്യമരംഗത്തെ പ്രധാനികള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഉടമകള്‍ ഉണ്ടാകാം. അതൊക്കെ അപൂര്‍വമായിട്ടേ വെളിപ്പെട്ടുവരൂ. പക്ഷേ, അങ്ങനെ ശങ്കിക്കുന്നതില്‍ തെറ്റില്ല.
പണ്ടൊക്കെ പാര്‍ട്ടിയുടെ വളര്‍ച്ചയും പ്രചാരവും വര്‍ധിപ്പിക്കാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും ശ്രമിച്ചിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങളടക്കം പാര്‍ട്ടിയുടെ വളര്‍ച്ചക്ക് സഹായകമായി.  സാഹിത്യകാരന്മാര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന്  അകന്നുപോയോ?
l പൊതുവില്‍ നമ്മുടെ സാഹിത്യകാരന്മാര്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുക്കുന്നു എന്നുപറയാന്‍ കഴിയില്ല. എന്നാല്‍, അവരില്‍ പലരും പ്രത്യേകിച്ച് പ്രധാനപ്പെട്ട ആളുകള്‍ നിഷ്പക്ഷരായി കാര്യങ്ങള്‍ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, തെറ്റിനെതിരെ പ്രതികരിക്കാന്‍ അവര്‍ എപ്പോഴും തയാറാണ്. അങ്ങനെ നോക്കിയാല്‍ ഇടതുപക്ഷത്തോടൊപ്പം പല കാര്യങ്ങളിലും ഒന്നായി നില്‍ക്കുന്നതായി കാണാന്‍ കഴിയും. പണ്ടത്തെ ആ ഗണത്തില്‍പെട്ട ആളുകള്‍ പൂര്‍ണമായി ഞങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകനെപോലെ നില്‍ക്കണം എന്ന് ഞങ്ങളും ആഗ്രഹിക്കുന്നില്ല. അവര്‍ അവരുടേതായ സ്വതന്ത്രമായ നിലയില്‍ നില്‍ക്കുകയാണ്. എന്നാല്‍, പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ സ്വതന്ത്രനിലയില്‍നിന്നുകൊണ്ടുതന്നെയാണ് പ്രതികരിക്കുന്നത്. ചില കാര്യങ്ങളില്‍ ഞങ്ങളെയും വിമര്‍ശിക്കും. അത് ഞങ്ങള്‍ ഈര്‍ഷ്യയോടെ കാണുന്ന കാര്യമല്ല. എന്താണ് ആ പ്രശ്നത്തിന് കാരണം എന്ന് ആത്മപരിശോധന നടത്തുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. എന്നാല്‍, ഒരു സെറ്റ് രാഷ്ട്രീയമായിട്ടുതന്നെ ഞങ്ങളെ എതിര്‍ക്കുന്ന എഴുത്തുകാരും സാഹിത്യകാരന്മാരും ഉണ്ട്. അവര്‍ വളരെ ചുരുക്കമാണ്. മേല്‍പറഞ്ഞ ഗണമാണ് കൂടുതല്‍. അങ്ങനെയൊരു പരിശോധന നടത്തിയാല്‍ കേരളത്തിലെ എഴുത്തുകാരും സാഹിത്യകാരന്മാരും ഞങ്ങളില്‍നിന്ന് അകന്നുപോയി എന്നു പറയാനാകില്ല. ഞങ്ങള്‍ ഇപ്പോള്‍ അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. പിന്നെ, പഴയകാല കമ്യൂണിസ്റ്റുകളുടെ കൂട്ടത്തില്‍  തോപ്പില്‍ ഭാസിയെപോലെയോ ഒ.എന്‍.വിയെപോലെയോ അറിയപ്പെടുന്ന ആള്‍ക്കാരുണ്ടായിരുന്നു. ആ ഒരു ഗണത്തിലുള്ള ആളുകള്‍ ഇപ്പോള്‍ ഇല്ല എന്നതാണ് കാര്യം. എന്തെങ്കിലും തരത്തിലുള്ള അകല്‍ച്ച ഉണ്ടായി എന്നു പറയാനാകില്ല.
സാധാരണക്കാരനെ ബാധിക്കുന്ന ചില പ്രശ്നങ്ങളില്‍ പാര്‍ട്ടി അടുത്തകാലത്തായി സ്വീകരിച്ച ചില നിലപാടുകള്‍ വ്യക്തതയില്ലാത്തതായി കാണപ്പെട്ടു. ഉദാഹരണത്തിന് ലോട്ടറി കേസ്. ഇതില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടുകളില്‍ വൈരുധ്യം  തോന്നിയിരുന്നു. പൊതുവെ പറഞ്ഞാല്‍ അവ്യക്തമായിരുന്നു കാര്യങ്ങള്‍. എന്താണ് പാര്‍ട്ടിയുടെ അഭിപ്രായം?
l ലോട്ടറി കേസ് ഇപ്പോള്‍ ഒരു പ്രശ്നമായി നിലനില്‍ക്കുന്നില്ലല്ളോ. അത് അക്കാലത്ത് ഉണ്ടായ ഒന്നാണ്. അക്കാലത്ത് ഉണ്ടായ പ്രശ്നം എന്നുപറയുമ്പോള്‍ യഥാര്‍ഥത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റിന് കാര്യമായി ഒന്നും ചെയ്യാനില്ല. കാര്യങ്ങള്‍ ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്‍റാണ്.
കേന്ദ്ര ഗവണ്‍മെന്‍റ് ചെയ്യാന്‍ അവരുടേതായ താല്‍പര്യങ്ങള്‍വെച്ച് അറച്ചുനില്‍ക്കുന്നു. അവര്‍ പാസാക്കിയിട്ടുള്ള നിയമംവെച്ചുകൊണ്ടുതന്നെ നടപടികളെടുക്കാന്‍ കേന്ദ്രഗവണ്‍മെന്‍റിനു മാത്രമേ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്‍മെന്‍റിന് ഒരു തപാല്‍ക്കാരന്‍െറ പണി മാത്രമേയുള്ളൂ, അറിയിക്കാം, അങ്ങോട്ട് നിവേദനം കൊടുക്കാം, പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാം. അതിനപ്പുറം ഒരു കാര്യവും സംസ്ഥാന ഗവണ്‍മെന്‍റിന് ചെയ്യാനാകില്ല. ഇവിടെ ഉണ്ടായ പ്രശ്നം എന്താ? സംസ്ഥാന ഗവണ്‍മെന്‍റിന് എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ അധികാരം ഉണ്ടെന്ന ധാരണയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ആ ധാരണ ശരിയായിരുന്നില്ല. സംസ്ഥാന ഗവണ്‍മെന്‍റിന് എല്ലാ അധികാരവും ഉണ്ടായിരുന്നില്ല. കേന്ദ്ര ഗവണ്‍മെന്‍റാണ് നടപടി എടുക്കേണ്ടത്. കേന്ദ്ര ഗവണ്‍മെന്‍റിനോട് എല്ലാ ഘട്ടത്തിലും ഈ പ്രശ്നങ്ങള്‍ സംസ്ഥാനം ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിയെടുക്കാന്‍ അവസാനംവരെയും അവര്‍ തയാറായിട്ടില്ല. അതാണ് ഉണ്ടായത്.
മലയാളത്തില്‍ ചാനല്‍ യുദ്ധം തുടങ്ങിയ ഒരു കാലത്താണ് വേറിട്ടൊരു ചാനല്‍ എന്ന ആശയവുമായി കൈരളി രംഗപ്രവേശം നടത്തുന്നത്. എന്നാല്‍, അത് വളര്‍ന്നുവന്നതോടെ മറ്റ് ചാനലുകളുടെ നിലവാരത്തിലേക്കുതന്നെയാണ് പോയത്. അങ്ങനെയുള്ള സാധാരണ ഒരു ചാനലാണോ പാര്‍ട്ടി സ്വപ്നം കണ്ടത്? ജനങ്ങള്‍ പ്രതീക്ഷിച്ച ഒരു ചാനലായി മാറാന്‍ കൈരളിക്കെന്താണ് കഴിയാത്തത്?
l കൈരളിയുടെ പ്രശ്നം അവരോടുതന്നെ ചോദിക്കേണ്ടതാണ്. എല്ലാ കാര്യവും എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ, അതിനകത്തുള്ള ഒരു കാര്യം നമ്മുടെ സമൂഹത്തിലുള്ള ചാനലുകള്‍ കൃത്യമായ നിലപാടുകള്‍വെച്ചുകൊണ്ട് പോകുന്നവയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ്. അത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ മതനിരപേക്ഷതയില്‍ നിലനില്‍ക്കാന്‍ കൈരളിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. എന്നാല്‍, മറ്റ് പല ചാനലുകളും വല്ലാതെ ചാഞ്ചാടുന്നു. ചാഞ്ചാടുക മാത്രമല്ല, ചിലപ്പോള്‍ ഒരു ഭാഗത്ത് ശക്തമായി നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. അത് പലപ്പോഴും ന്യൂനപക്ഷവിരുദ്ധമായി വരുകയും ചെയ്യും. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന നിലപാടാണ് മറ്റ് ചാനലുകള്‍ പലപ്പോഴും സ്വീകരിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് ചെയ്തികള്‍. എന്നാല്‍, അത്തരം നിലപാടുകളൊന്നും കൈരളി സ്വീകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ, മറ്റ് പരിപാടികളുടെ കാര്യത്തില്‍ നോക്കിയാല്‍ അവര്‍ക്കും നിന്നുപോകണ്ടേ? പിഴച്ചുപോകാന്‍ വേണ്ടിയുള്ള അടവുകള്‍ അവരും എടുക്കുന്നുണ്ടാവും. ആ നിലക്കേ അതിനെ കാണേണ്ടതുള്ളൂ.
ഒരു ചാനലില്‍നിന്ന് ഒരാള്‍ മറ്റൊന്നിലേക്ക് പോകുന്നതും പത്രങ്ങളില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ മറ്റ് പത്രങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പോകുന്നതും സാധാരണയാണ്. എന്നാല്‍, കൈരളിയുടെ തലപ്പത്തുനിന്ന് അതിന്‍െറ പ്രധാനിയായ ജോണ്‍ ബ്രിട്ടാസ് പോകുന്നു. ഒപ്പം ചെന്നുചേര്‍ന്നത് മാധ്യമഭീമന്‍ മര്‍ഡോക്കിന്‍െറ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റില്‍. ഇത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നോ?  ഇതിനെ എങ്ങനെ കാണുന്നു?
l അതിലിപ്പോള്‍ ബ്രിട്ടാസ് സാധാരണനിലക്ക് നല്ളൊരു മാധ്യമപ്രവര്‍ത്തകനാണ്. അപ്പോള്‍ അദ്ദേഹത്തിന് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് തെളിയിക്കാന്‍ നാഷനല്‍ നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കണം എന്ന ഒരാഗ്രഹമുണ്ടായിരുന്നു. നേരത്തേ, കുറച്ച് മുമ്പുതന്നെ, ബി.ബി.സിയില്‍നിന്നൊരു ഓഫര്‍ ഉണ്ടായിരുന്നു. അപ്പോള്‍ കൈരളി മെച്ചപ്പെടുത്താന്‍വേണ്ടി കൈരളിയുടെ ഈ ഉത്തരവാദിത്തം എടുത്ത് ബ്രിട്ടാസ് പ്രവര്‍ത്തിക്കുന്ന സമയമാണ്. കൈരളിയുമായി ബന്ധപ്പെട്ടവര്‍ അപ്പോള്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു. അങ്ങനെയത് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴദ്ദേഹം ഒരു നാഷനല്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെടാനുള്ള സൗകര്യം ആവശ്യപ്പെട്ടു. അത് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് നേടുന്നതിനുവേണ്ടിയാണ്. സ്ഥായിയായി കൈരളി വിട്ടുപോകുന്നില്ല. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ തയാറാണ് എന്ന നിലക്കാണ്. കുറച്ചുനാള്‍ ഇത്തരമൊരു നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും എന്ന നിലപാടാണ് കൈരളിയുമായി അദ്ദേഹം പറഞ്ഞത്. അങ്ങനെ പോകുമ്പോള്‍ ഈ ഏഷ്യാനെറ്റിലേക്കാണ് പോകുന്നത് എന്ന ധാരണ ഞങ്ങള്‍ക്കാര്‍ക്കുമില്ല. അദ്ദേഹം സംസാരിക്കുന്ന കൂട്ടത്തില്‍ ഏഷ്യാനെറ്റിലേക്ക് പോകുന്നു എന്ന് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ഏഷ്യാനെറ്റ് കേരളത്തില്‍ ആദ്യം വന്ന ഒരു ചാനലാണ്. ഇന്നിപ്പോള്‍ സ്ഥാനംനോക്കിയാല്‍ നമ്മുടെ സംസ്ഥാനത്ത് കൈരളി, ഏഷ്യാനെറ്റ് എന്ന രീതിയിലാണ് മത്സരം ഇല്ളെങ്കിലും ഒരു മത്സരമുള്ളത്. അങ്ങനെയാണല്ളോ ചാനലുകള്‍ തമ്മില്‍, ഒരു ആരോഗ്യകരമായ മത്സരമൊക്കെ ഉണ്ടാകുമല്ളോ. അപ്പോള്‍, കൈരളിയുടെ തലപ്പത്തിരുന്ന ഒരാള്‍ ഇവിടെ ഏഷ്യാനെറ്റിന്‍െറ ഭാഗമായി കാണുമ്പോള്‍ സ്വാഭാവികമായും കൈരളിയിലിരിക്കുന്നവര്‍ക്കെല്ലാം വല്ലാത്ത ഒരു വിഷമബോധം ഉണ്ടാകും. കാരണം, അത് പാടില്ലാത്തതായിരുന്നല്ളോ. എന്താണ് അങ്ങനെ വന്നത് എന്നുള്ള ചിന്തയുണ്ടായി. നാഷനല്‍ നെറ്റ്വര്‍ക്കിന്‍െറ ഭാഗമായി പോകുന്നു എന്നുപറഞ്ഞ് ഇവിടത്തെ ഏഷ്യാനെറ്റില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നത് പിന്നെ ആലോചിക്കാനും ചര്‍ച്ചചെയ്യാനും കഴിഞ്ഞിട്ടുമില്ല. അതാണ് അതിലുള്ള അവസ്ഥ.
താങ്കള്‍ പൊതുവെ ഒരു കാര്‍ക്കശ്യക്കാരനാണെന്ന് പറയാറുണ്ട്. സത്യത്തില്‍  പിണറായി വിജയന്‍ ഒരു ഗൗരവക്കാരനാണോ?
l എനിക്ക് പൊതുവെ അങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ പ്രവര്‍ത്തനത്തിന്‍െറ നിലവെച്ചാല്‍ ചിലപ്പോള്‍ ഗൗരവമൊക്കെ ഉണ്ടാകും. അത്രതന്നെ. സദാ ഗൗരവക്കാരനല്ല.
പൂര്‍ണമായും രാഷ്ട്രീയം ജീവിതത്തിലെടുത്ത ഒരാളാണല്ളോ. പൊളിറ്റിക്സിനപ്പുറം സൗഹൃദങ്ങള്‍, സിനിമ എന്നിവയിലൊക്കെ താങ്കളുടെ നിലപാടെന്താണ്?
l ആരെങ്കിലുമൊക്കെ ചേരുമ്പോള്‍ സിനിമകാണേണ്ട സാഹചര്യം വന്നാല്‍ സിനിമ കാണും. സിനിമ കാണില്ല, മറ്റ് വിനോദമൊന്നുമില്ല എന്നുള്ള നിലപാടൊന്നും എനിക്കില്ല. രാഷ്ട്രീയത്തിനപ്പുറം എനിക്ക് നല്ല സൗഹൃദം ഉണ്ട്. കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍പെട്ടതുമായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നെയൊരു ശത്രുവായിട്ട് അവര്‍ കണ്ടിട്ടില്ല. മറിച്ച് ഞാന്‍ അവരെയും കണ്ടിട്ടില്ല. രാഷ്ട്രീയമായിട്ട് വ്യത്യാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതൊന്നും വ്യക്തിപരമായ വൈരാഗ്യമായി കാണാനാകില്ല.
നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പോരാട്ടങ്ങള്‍, പിടിച്ചടക്കലുകള്‍, നഷ്ടങ്ങള്‍, നേട്ടങ്ങള്‍ ഒക്കെയുണ്ടായി. സഖാവ് സംതൃപ്തനാണോ?
l എന്‍െറ രാഷ്ട്രീയജീവിതത്തില്‍  പൂര്‍ണമായും സംതൃപ്തനാണ് ഞാന്‍. എന്‍െറയൊക്കെ കാര്യമെടുത്താല്‍ തനി നാട്ടിന്‍പുറത്ത്, വളരെ ഇടത്തരത്തില്‍ താഴെയുള്ള കുടുംബത്തില്‍ ജനിച്ചൊരാളാണ്്. വലിയ മറ്റ് പശ്ചാത്തലങ്ങളൊന്നുമില്ല. ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്കൊക്കെ നല്ല പശ്ചാത്തലങ്ങളുണ്ട്. അങ്ങനെയൊന്നുമില്ലാതെ, പഠിക്കുന്ന സമയത്ത് സംശയം ചോദിക്കാനാളില്ലാതെയൊക്കെയുള്ള ചുറ്റുപാടിലാണ് പഠിച്ചുവന്നത്. അവിടന്ന് വന്നിട്ടുള്ള ഓരോ ഘട്ടവും നോക്കിയാല്‍ ഞാന്‍ ചിന്തിക്കുന്നതിനപ്പുറമുള്ള, എനിക്ക് സാധാരണഗതിയില്‍ ആകാവുന്നതിലും അപ്പുറത്തുള്ള സ്ഥാനങ്ങളാണ് പാര്‍ട്ടി എപ്പോഴും തന്നുകൊണ്ടിരുന്നത്. ഒരുതരത്തിലുമുള്ള അസംതൃപ്തിയുടെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. പിന്നെ, രാഷ്ട്രീയം എന്നത് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പറയുമ്പോള്‍ അത് ശരിയായിട്ട് വരുമോ എന്നറിയില്ല. കമ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തനം ആരംഭിക്കുക എന്നുപറയുമ്പോള്‍ സാധാരണ പറയുന്നത് കമ്യൂണിസ്റ്റുകാരന്‍െറ ജീവിതം മൂന്നിടത്ത് പരീക്ഷിക്കപ്പെടും എന്നാണ്. ഒന്ന് പൊലീസ് ലോക്കപ്പില്‍, മറ്റൊന്ന് ജയിലില്‍, പിന്നെ ഗുണ്ടകളുടെ മുന്നില്‍. അപ്പോള്‍ ഏത് നിമിഷവും ജീവന്‍ കവര്‍ന്നേക്കാം എന്ന സാഹചര്യം നേരിടാം എന്ന തീരുമാനത്തോടെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. അതുകൊണ്ട്, ഒരു സ്ഥാനമാനവും ചിന്തിക്കുന്നില്ല. ഞാനൊക്കെ പ്രവര്‍ത്തിക്കാന്‍ വന്നത് അത്തരമൊരു മനോഭാവത്തോടെയാണ്. വലിയ മാറ്റം ഇപ്പോഴും വന്നിട്ടില്ല. അതുകൊണ്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതരത്തിലുള്ള വിഷമം എനിക്കില്ലാത്തത്.
താങ്കളില്‍നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു കാര്യമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും  ശേഷവും കേട്ട സഖാവ് വി.എസ്. അച്യുതാനന്ദന്‍െറ പ്രഭാവവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. അവിടെയൊക്കെ ചര്‍ച്ചയായ ഒന്നാണ് വി.എസ് ഇഫക്ട് എന്നത്. ശരിക്കുപറഞ്ഞാല്‍ വി.എസ് ഇഫക്ട് എന്നുപറയുന്ന ഒരു സംഭവം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടോ?
l ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരാളെയും പാര്‍ട്ടിയില്‍നിന്ന് അടര്‍ത്തിവെക്കേണ്ടതായിട്ടില്ല. പാര്‍ട്ടിയുടെ ഭാഗമാണ് എല്ലാ പേരും. പാര്‍ട്ടിയുടെ സ്വത്താണ്. അതാണ് ഏതൊരാളുടെയും നില. കേരളത്തില്‍ ഓരോ ഘട്ടത്തിലും നമ്മള്‍ പരിശോധിച്ചാല്‍ വലിയ തോതില്‍ ജനവിഭാഗങ്ങളെ ആകര്‍ഷിച്ച നേതാക്കള്‍ ഉണ്ട്. അവരെയൊന്നും ഒരു കാലത്തും പാര്‍ട്ടിയില്‍നിന്ന് അറുത്തുമാറ്റി രണ്ടും രണ്ടാണെന്ന നിലയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. അവര്‍ പാര്‍ട്ടിയുടെ ഭാഗമാണ്. അത് ഓരോ ഘട്ടത്തിലും ഉണ്ടാകും. അതിനെ ആ തരത്തിലേ കാണേണ്ടതുള്ളൂ. എ.കെ.ജി ഒക്കെ ജീവിച്ചിരിക്കുന്ന ഘട്ടത്തില്‍, അന്ന് പത്തുമണി എന്നൊരു നിബന്ധനയില്ല. പ്രചാരണം പത്തുമണിക്ക് അവസാനിക്കണമെന്നില്ല. 12, 12.30, ഒരു മണിയൊക്കെ ആയാലും ഈ ആളുകളൊക്കെ ഇരിക്കും. ചിലപ്പോള്‍ മരംകോച്ചുന്ന തണുപ്പായിരിക്കും. അവിടെ ഇരിക്കുകയായിരിക്കും ആളുകള്‍. അപ്പോള്‍ എത്തിപ്പോയി, എത്തിപ്പോയി എന്നിങ്ങനെ ഇടക്ക് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ വന്ന് പ്രസംഗിച്ച്, കണ്ട്, സംസാരിച്ചുപോകുന്ന ഒരവസ്ഥയായിരുന്നു എ.കെ.ജി, ഇ.എം.എസ്, നായനാര്‍. അതിന്‍െറ തുടര്‍ച്ചയായി ഇതിനെ കണ്ടാല്‍ മതി.